ന്യൂയോർക്ക്: അമേരിക്കയിൽ ജോലി വേണ്ടെന്ന് വെയ്ക്കുന്നവരുടെ എണ്ണം ഓരോ മാസവും വർദ്ധിച്ചുവരുന്നു. യു.എസ്. ബിസിനസ് ബ്യൂറോ ഓഫ് ലാബർ സ്റ്റാറ്റിക്സ് മാർച്ച് 29 ചൊവ്വാഴ്ച പുറത്തുവിട്ട സർവേയിൽ ഫെബ്രുവരിയിൽ മാത്രം ജോലി രാജിവെച്ചവരുടെ എണ്ണം 4.4 മില്യനാണെന്ന് ചൂണ്ടികാണിക്കുന്നു.

മുൻ മാസത്തേക്കാൾ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം നവംബറിൽ ഏറ്റവും കൂടുതൽ പേരാണ് ജോലി രാജിവെച്ചത്(4.5 മില്യൺ) റീട്ടെയ്ൽ, ഉല്പാദനം, സ്റ്റേറ്റ് ആൻഡ് ലോക്കൽ ഗവൺമെന്റ്, എഡുക്കേഷൻ, ഫിനാൻസ്, ഇൻഷ്വറൻസ് തുടങ്ങി മേഖലയിൽ പ്രവർത്തിക്കുന്നവരാണ് രാജിവെച്ചവരിൽ ഭൂരിഭാഗവും. അമേരിക്കയിൽ പാൻഡമിക്ക് ആരംഭിച്ചതോടെ 20 മില്യൺ പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.

പാൻഡമിക്കിന്റെ ഭീതിയിൽ നിന്നും മോചനം പ്രാപിച്ചതോടെ തൊഴിൽ മേഖലിയിൽ ആവശ്യമായ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ പാടുപെടുകയാണ്.

കഴിഞ്ഞ ഡിസംബറിൽ 11.4 മില്യൺ ജോലി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.അമേരിക്കയിൽ തൊഴിൽ അന്വേഷകരിൽ ഓരോരുത്തർക്കും 1.8 തസ്തികകളാണ് ഒഴിവായി കിടക്കുന്നത്. എന്നാൽ ആവശ്യമായ തൊഴിലാളികളെ ലഭിക്കുന്നില്ലാ എന്ന് തൊഴിലുടമകൾ പരാതിപ്പെടുന്നു.

കഴിഞ്ഞ മൂന്നുമാസമായി അമേരിക്കയുടെ സാമ്പത്തിക രംഗം ശക്തിപ്രാപിച്ചുവരികയാണെന്ന് ഇക്കണോമിക്സ് ഇൻഡിക്കേറ്റേഴ്സ് സീനിയർ ഡയറക്ടർ ലിൻ ഫ്രാങ്കോ പറഞ്ഞു.

തൊഴിൽ രഹിതർക്ക് ലഭിക്കുന്ന ഫെഡറൽ, സ്റ്റേറ്റ് ആനുകൂല്യങ്ങൾ കൂടുതൽ ആളുകളെ ജോലിയിൽ നിന്നും വിരമിക്കുന്നതിന് പ്രേരണ നൽകുന്നു.