വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കോവിഡ് വാക്സീന്റെ രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു. 50 കഴിഞ്ഞവർക്കെല്ലാം കൊറോണ വൈറസിനെതിരെ അധിക സംരക്ഷണത്തിനായി ഒരു ബൂസ്റ്റർ ഡോസ് വാക്സീൻ കൂടി നൽകാൻ ഫെഡറൽ ഡ്രഗ് ഏജൻസി (എഫ്ഡിഎ) അനുമതി നൽകിയിരുന്നു. ബുധനാഴ്ച വൈറ്റ് ഹൗസിൽ വച്ചാണ് ബൈഡൻ രണ്ടാം ഡോസ് സ്വീകരിച്ചത്. സെപ്റ്റംബറിൽ ഒന്നാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ചിരുന്നു.

അതീവ വ്യാപന ശക്തിയുള്ള ഓമിക്രോൺ വകഭേദം യുഎസ് വെസ്റ്റ് കോസ്റ്റ് ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ സ്ഥിരീകരിച്ചതോടെ അമ്പതു വയസ്സിനു മുകളിലുള്ളവർ രണ്ടാമതും ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നാണ് ഫെഡറൽ അധികൃതർ അറിയിച്ചത്. ആദ്യ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് നാലു മാസത്തിനുശേഷമാണ് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത്.

65 വയസ്സിനു മുകളിലുള്ളവർ കർശനമായും 50 വയസ്സിനു മുകളിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ഡോ. റോഷില വലൻസ്‌ക്കി നിർദേശിച്ചു. 50 വയസ്സിനു താഴെയുള്ളവർക്ക് രണ്ടാമത്തെ ബൂസ്റ്റർ ഡോസ് ആവശ്യമാണോയെന്ന് പഠനം നടത്തിവരികയാണെന്നും വലൻസ്‌ക്കി പറഞ്ഞു.

ബൂസ്റ്റർ ഡോസ് അത്യന്താപേക്ഷിതമാണെന്ന് ഫുഡ് ആൻഡ് അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. പീറ്റർ മാർക്ക് അഭിപ്രായപ്പെട്ടു.