യർലൻഡിൽ എല്ലാ തൊഴിലാളികൾക്കും ശമ്പളത്തോടുകൂടിയ സിക്ക് ലീവിന് അവകാശം നൽകുന്ന സിക്ക് ലീവ് ബിൽ 2022 ന് ഐറിഷ് സർക്കാർ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.എല്ലാ തൊഴിലാളികൾക്കും സിക്ക് ലീവ് ആനുകൂല്ല്യം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. നിയമത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി. ഇനി പാർലമെന്ററി സമിതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ നിയമം പ്രാബല്ല്യത്തിലാകും..

വിവിധ ഘട്ടങ്ങളിലായി സിക്ക് ലീവ് ദിവസങ്ങൾ വർദ്ധിപ്പിക്കും. 2026 ഓടെ 10 ദിവസമാണ് ഒരു വർഷത്തിൽ സിക്ക് ലീവ് ലഭിക്കുക.2023 ൽ മൂന്ന് ദിവസമായിരിക്കും സിക്ക് ലീവ് ലഭിക്കുക. എന്നാൽ 2024 ൽ ഇത് അഞ്ച് ദിവസമാകും 2025 ആകുന്നതോടെ സിക്ക് ലീവിന്റെ എണ്ണം ഏഴ് ആകും. 2026 മുതൽ പത്ത് സിക്ക് ലീവുകളാണ് ഓരോ വർഷവും ലഭിക്കുക.

എല്ലാ തൊഴിൽദാതാക്കളും ഈ നിയമം കൃത്യമായി പാലിക്കണമെന്നും നിയമത്തിൽ തന്നെ വ്യവസ്ഥയുണ്ട്. തൊഴിലാളികൾക്ക് അവധിയെടുക്കുന്ന ദിവസം വേതനത്തിന്റെ 70 ശതമാനം ലഭിക്കും. പരമാവധി ലഭിക്കുക 110 യൂറോയായിരിക്കും.

അയർലണ്ടിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ സിക്ക് ലീവ് ഒരു പരിധിവരെ അനുവദിക്കുന്നുണ്ടെങ്കിലും മിക്ക സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇത് ലഭിക്കുന്നില്ല. നിയമം നിലവിൽ വരുന്നതോടെ എല്ലാ ജീവനക്കാർക്കും ഇത് ഗുണം ചെയ്യുമെന്ന് മാത്രമല്ല അയർലണ്ടിലെ തൊഴിൽ മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അംഗീകാരം ലഭിക്കുകയും ചെയ്യും.

സിക്ക് ലീവ് ലഭിക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് വേണോ എന്ന കാര്യത്തിൽ ആശങ്ക നിലനിന്നിരുന്നു. എന്നാൽ അതിന്റെ ആവശ്യമില്ലെന്നാണ് നിയമത്തിലുള്ളതെന്നാണ് റിപ്പോർട്ട്. സിക്ക് ലീവ് നിയമമാക്കാത്ത ചുരുക്കം ചില യൂറോപ്യൻ രാജ്യങ്ങളിലൊന്നായിരുന്നു ഇതുവരെ അയർലണ്ട്. ഇതാണ് വ്യവസായികളുടെ എതിർപ്പ് മറിടകടന്നും ഇത്തരത്തിലുള്ള തീരുമാനത്തിലേയ്ക്കെത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.