- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം; വൈദ്യുതി വിതരണത്തിനായി പ്രസരണ മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട് എന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി
അടിമാലി: കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. പള്ളിവാസൽ 220 കെവി സബ്സ്റ്റേഷന്റെയും പള്ളിവാസൽ - ആലുവ 220 കെവി പ്രസരണ ലൈനിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
വൈദ്യുതി വിതരണത്തിനായി പ്രസരണ മേഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. വൈദ്യുതിയുടെ ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാതെ മുമ്പോട്ട് പോകാനാവില്ല. ഇടുക്കി ജില്ലയിൽ വൈദ്യുത പദ്ധതികൾ തുടങ്ങിയ ശേഷമാണ് സംസ്ഥാനത്തിന് വികസന കുതിപ്പുണ്ടായത്. വൈദ്യുതി ഉത്പാദന, വിതരണ കാര്യത്തിൽ ഒരുപാട് ദൂരം മുമ്പോട്ട് പോകേണ്ടതായുണ്ട്.
സംസ്ഥാനമിപ്പോൾ പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണ് മുമ്പോട്ട് പോകുന്നത്. പ്രസരണമേഖലക്കായി ദീർഘവീക്ഷണത്തോടെയുള്ള കൂടുതൽ പദ്ധതികൾ ഇനിയും നടപ്പിലാക്കേണ്ടതുണ്ട്. പൊതുവെ പ്രസരണ നഷ്ടം കുറഞ്ഞ സംസ്ഥാനമാണ് കേരളം. കൽക്കരി ക്ഷാമം രൂക്ഷമായി വരുന്ന സാഹചര്യമുണ്ട്. ജലവൈദ്യുതി പദ്ധതികൾ കൂടുതൽ കാര്യക്ഷമമാക്കണം. തൊട്ടിയാർ അടക്കമുള്ള വിവിധ പദ്ധതികൾ ഈ സാമ്പത്തിക വർഷം പൂർത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും് മന്ത്രി പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ സബ്സ്റ്റേഷൻ നിർമ്മാണ ജോലികളിൽ പങ്കാളിത്തം വഹിച്ചവരെ മന്ത്രി ആദരിച്ചു. അഡ്വ.എ രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. മുൻ വൈദ്യുതി വകുപ്പ് മന്ത്രിയും ഉടുമ്പൻചോല എംഎൽഎയുമായ എംഎം മണി മുഖ്യാതിഥിയായി. ഊർജ്ജത്തിന്റെ പ്രാധാന്യം വർധിച്ച് വരികയാണെന്നും വൈദ്യുതി ഉത്പാദനം മാത്രമല്ല പ്രസരണ നഷ്ടം ഒഴിവാക്കി വിതരണരംഗം വിപുലീകരിക്കുക കൂടിയാണ് സർക്കാർ ലക്ഷ്യമെന്നും എംഎൽഎ പറഞ്ഞു.
കിഴക്കൻ മേഖലയുടെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിനും നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന പള്ളിവാസൽ എക്സ്റ്റൻഷൻ സ്‌കീം, മാങ്കുളം, പൂയംകുട്ടി, പാമ്പാർ, അപ്പർകല്ലാർ, പീച്ചാട്, വെസ്റ്റേൺ കല്ലാർ, അപ്പർചെങ്കുളം, ചെങ്കുളം ടെയ്ൽ റെയ്സ്, ചിന്നാർ തുടങ്ങിയ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഊർജ്ജം, പ്രസരണ നഷ്ടം പരമാവധി കുറച്ച് വിതരണം ചെയ്യുന്നതിനും മൂന്നാർ, മറയൂർ, കുഞ്ചിത്തണ്ണി, ആനച്ചാൽ, രാജാക്കാട്, രാജകുമാരി, ഇരുട്ടുകാനം എന്നീ മേഖലകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിച്ച് ഗുണമേന്മയുള്ള വൈദ്യുതി ഇടതടവില്ലാതെ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ സബ്സ്റ്റേഷന്റെയും പ്രസരണ ലൈനിന്റെയും നിർമ്മാണം നടത്തിയിട്ടുള്ളത്. ജില്ലയിലെ ആദ്യത്തെ 220 കെ വി സബ്സ്റ്റേഷനാണിത്.
220/66 കെ വിയുടെ 63 എം വി എ ശേഷിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളും നാല് 220 കെ വി ഫീഡർ ബേകളുമാണ് ഈ സബ്സ്റ്റേഷനിൽ സ്ഥാപിച്ചിരിക്കുന്നത്. സബ്സ്റ്റേഷന്റെ നിർമ്മാണത്തിന് 30 കോടി രൂപയും ലൈനിന്റെ നിർമ്മാണത്തിന് 199 കോടി രൂപയുമാണ് ചെലവായത്.
ചടങ്ങിൽ കെ എസ് ഇ ബി ലിമിറ്റഡ് ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയറക്ടർ രാജൻ ജോസഫ്, ജനറേഷൻ ഡയറക്ടർ സിജി ജോസ്, സ്വതന്ത്ര ഡയറക്ടർ വി മുരുഗദാസ്, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ഭവ്യ കണ്ണൻ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ജി പ്രതീഷ്‌കുമാർ, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ, വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ഉദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.