സ്‌ലാമിന്റെ ചട്ടങ്ങൾക്ക് അനുസരിച്ച് വ്യക്തിജീവിതം നയിച്ചിട്ടില്ലാത്ത മുഹമ്മദാലി ജിന്ന എന്ന മനുഷ്യനാണ്, ഇസ്‌ലാമിന്റെ പേരിൽ ഉണ്ടാക്കപ്പെട്ട പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് എന്നത് കാലത്തിന്റെ ഒരു കാവ്യനീതിയാവാം. ബ്രിട്ടനിൽ പഠിച്ച, പാശ്ചാത്യ ജീവിത ശൈലിയിൽ സ്യൂട്ടും കോട്ടുമിട്ട് നടന്നിരുന്ന, മദ്യം ആസ്വദിച്ചിരുന്ന, സംഗീത- നൃത്ത പ്രേമിയായ, ഇസ്‌ലാമിന് വിരുദ്ധമായി ഒരു പാഴ്‌സി സ്ത്രീയെ ജീവിതപങ്കാളിയാക്കിയ വ്യക്തിയാണ് ജിന്ന. പക്ഷേ  മതരാഷ്ട്രവാദം ഉന്നയിക്കുന്നതും, ഭീഷണിയുടെ മുൾമുനയിൽ നിർത്തി, ഇന്ത്യയെ മുറിച്ചുമാറ്റി പാക്കിസ്ഥാനെ വാങ്ങാനും ജിന്നക്ക് യാതൊരു മടിയും ഉണ്ടായിരുന്നില്ല. വ്യക്തി ജീവിതത്തിൽ മതേതരൻ.പൊതു ജീവിത്തിൽ തനി മതജീവി. ജിന്നയുടെ ആധുനിക പതിപ്പാണ്, പാക്കിസ്ഥാനിൽനിന്ന് എത് നിമിഷവും സ്ഥാനഭ്രഷ്ടനാക്കപ്പെടുമെന്ന് കരുതുന്ന പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ. സ്വന്തം പാർട്ടിയിൽനിന്ന് കാലുമാറ്റം ഉണ്ടാവുകയും, ഘടകകക്ഷികൾ തള്ളിപ്പറയുകയും, സൈന്യം കൈയൊഴിയിയുകയും ചെയ്തതോടെ ഇമ്രാന്റെ പതനം ആനന്നമാണെന്നാണ് റിപ്പോർട്ടുകൾ. 

ഒരേസമയം കോസ്മോപൊളിറ്റൻ നാഗരികനും, യഥാസ്ഥിതിക ഇസ്ലാം വിശ്വാസിയുമാണ് ഇമ്രാൻ. ഈ വെസ്‌റ്റേൺ ലൈഫ് ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് ആർജിച്ചതാണെന്ന് വ്യക്തം. എന്നാൽ പാക്കിസ്ഥാനികൾക്ക് പരിചിതനായ ഇമ്രാൻ മതപരമായ യാഥാസ്ഥിതികത്വം കാത്തുസൂക്ഷിക്കുന്ന ആളാണ്. മതേതരത്വത്തിന്റെയും, മതയാഥാസ്ഥിതികത്വത്തിന്റെയും മിശ്രണമാണ് ഇമ്രാന്റെ രാഷ്ട്രീയം. മതനിന്ദാ നിയമം റദ്ദാക്കുന്നതിനെ എതിർക്കുകയും അഹമ്മദിയ്യ വിഭാഗത്തെ അമുസലീമായി കണക്കാക്കുകയും ചെയ്യുന്നുണ്ട് ഇമ്രാൻ. സൈന്യത്തിന്റെ താലിബാൻ വിരുദ്ധ നടപടികളെ അനുകൂലിക്കുമ്പോഴും തീവ്രവാദികളായ തെഹ്രീക് ഇ ലബ്ബാക്ക് പാക്കിസ്ഥാന്റെയും സിപാ ഇ സഹബയുടെയും പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇരട്ടത്താപ്പുകളുടെ രാജകുമാരൻ എന്നും അദ്ദേഹത്തിന് പേര് വീഴുന്നത്.

ഇമ്രാനെ പിന്തുണയ്ക്കുന്നവരിലും ഈ വൈരുദ്ധ്യമുണ്ട്. യാഥാസ്ഥിതികത്വം ഇഷ്ടപ്പെടാത്ത നാഗരിക പാക്കിസ്ഥാനിലെ ജനങ്ങളും പാക്കിസ്ഥാൻ പാശ്ചാത്യവല്ക്കരിക്കപ്പെടുന്നത് അംഗീകരിക്കാനാവാത്ത മതപാരമ്പര്യവാദികളും ഇമ്രാന്റെ അനുയായികളായുണ്ട്. അതുപോലെ വിചിത്രമാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും. ജിന്നയെപ്പോലെ  അനിസ്‌ലാമികമെന്ന് പറയാവുന്ന ജീവിത ശൈലിയായിരുന്നു ഇമ്രാന്റെതും.

നാലുസഹോദരിമാരുടെ ഏക സഹോദരൻ

1952 ഒക്ടോബർ 5ന് ലാഹോറിലാണ് ഇമ്രാൻ ജനിച്ചത്. മൂഴുവൻ പേര്
ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി. സിവിൽ എഞ്ചിനീയറായ ഇക്രമുള്ള ഖാൻ നിയാസിയുടെയും, ഭാര്യ ഷൗക്കത്ത് ഖാനൂമിന്റെയും ഏക ആൺതിരിയാണ് അദ്ദേഹം. നാല് സഹോദരിമാരുടെ അരുമയായി ഏറെ ലാളിക്കപ്പെട്ട ബാല്യമായിരുന്നു തന്റെ തെന്ന്, ഇമ്രാൻഖാൻ പല ടെലിവിഷൻ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

വടക്കുപടിഞ്ഞാറൻ പഞ്ചാബിലെ മിയാൻവാലിയിൽ ദീർഘകാലം സ്ഥിരതാമസമാക്കിയ അദ്ദേഹത്തിന്റെ പിതൃകുടുംബം പഷ്തൂൺ വംശത്തിൽപ്പെട്ടവരും നിയാസി ഗോത്രത്തിൽപ്പെട്ടവരുമാണ്. ഖാന്റെ അമ്മയും ഒരു പഷ്തൂൺ വംശജയായിരുന്നു. അവരുടെ പൂർവ്വികർ നൂറ്റാണ്ടുകളായി പഞ്ചാബിലെ ജലന്ധറിൽ സ്ഥിരതാമസമാക്കിയിരുന്നു. പാക്കിസ്ഥാൻ രൂപീകൃതമായതിനെ തുടർന്ന്, ഖാന്റെ മാതൃ ബന്ധുക്കൾ ലാഹോറിലേക്ക് കുടിയേറുകയായിരുന്നു.



ഖാന്റെ മാതൃകുടുംബം  നിരവധി ക്രിക്കറ്റ് താരങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കസിന്മാരായ ജാവേദ് ബുർക്കി, മാജിദ് ഖാൻ എന്നിവർ ഉദാഹരണം. പരമ്പരാഗതമായ യോദ്ധാക്കളായ പത്താൻകാരുടെ പാരമ്പര്യമാണ് ഇമ്രാന്റെത്. ഇപ്പോഴും ആ പാരമ്പര്യത്തിൽ അദ്ദേഹം അഭിമാനിക്കുന്നു. തന്റെത് പോരാടുന്ന പത്താൻ രക്തമാണെന്നും, അവസാന പന്തുവരെ താൻ ക്രീസിൽ ഉണ്ടാവുമെന്നുമാണ് ഈ പ്രതിസന്ധിക്കിടിയിൽ, കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധനചെത്ത് ഇമ്രാൻ പറഞ്ഞത്.  

ചെറുപ്പത്തിൽ നിശ്ശബ്ദനും ലജ്ജാശീലനുമായിരുന്നു കൊച്ചു ഇമ്രാൻ. താരതമ്യേന സമ്പന്നവമായ കുടുംബത്തിൽ വളർന്ന ഖാന് ചെറുപ്പത്തിലേ നല്ല വിദ്യാഭ്യാസത്തിനുള്ള അവസരം കിട്ടി. ലാഹോറിലെ എയ്ച്ചിസൺ കോളേജിലും കത്തീഡ്രൽ സ്‌കൂളിലും  പഠിച്ച അദ്ദേഹം ക്രിക്കറ്റിലും മികവുകാട്ടി.  തുടർന്ന് ഇംഗ്ലണ്ടിലെ റോയൽ ഗ്രാമർ സ്‌കൂൾ വോർസെസ്റ്ററിലും അദ്ദേഹം പഠിച്ചു. അവിടെ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിലാണ് അദ്ധ്യാപകർ ഇമ്രാന്റെ ബൗളിങ്് ടാലന്റ് തിരിച്ചറിഞ്ഞത്. 1972ൽ അദ്ദേഹം ഓക്സ്ഫോർഡിലെ കെബിൾ കോളേജിൽ ചേർന്നു. അവിടെ അദ്ദേഹം തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികം എന്നിവ പഠിച്ചു, 1975ൽ ബിരുദം നേടി.

അക്കാലത്തും ക്രിക്കറ്റ് താരമെന്ന നിലയിലും ഇമ്രാൻ ശ്രദ്ധിക്കപ്പെട്ടു. അതിമനോഹരമായ റണ്ണപ്പിലൂടെയുള്ള ബോൾ ഡെലിവറിയും, കൂറ്റൻ സിക്‌സറുകൾ അടിക്കുന്ന ബാറ്റിങ്ങ് ശൈലിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി.

16 വയസ്സുമുതൽ ക്രിക്കറ്റിൽ

16ാം വയസ്സുമുതൽ ക്രിക്കറ്റാണ് ഇമ്രാന്റെ ജീവവായു. ലാഹോറിലാണ് കളിച്ചു തുടങ്ങിയത്. ലണ്ടനിൽ പഠിക്കാൻ പോയപ്പോൾ അത് ചെത്തിമിനുക്കി. 1971 മുതൽ 1992 വരെ ഏകദേശം 21 വർഷത്തോളം അദ്ദേഹം പാക്കിസ്ഥാന് വേണ്ടി കളിച്ചു. 300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാക്കിസ്ഥാൻ കളിക്കാരനാണ് ഇമ്രാൻ. മാത്രമല്ല, 'ടെസ്റ്റ് ഡബിൾ' എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982-83 കാലഘട്ടത്തിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. ആറ് ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാക്കിസ്ഥാനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം പാക്കിസ്ഥാനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് 1992ലെ ലോകകപ്പ്, പാക്കിസ്ഥാൻ നേടിയത്.

ഏത് തോൽവിയിൽനിന്നും ശക്തമായി തിരിച്ചുവരാൻ കഴിവുള്ള പേരാളിയായ ക്രിക്കറ്റാണ് അദ്ദേഹം. 1992ലെ ലോകകപ്പിന് പാക്കിസ്ഥാൻ പോവുമ്പോൾ ടീം കപ്പടിക്കുമെന്ന് ആരും കരുതിയിരുന്നില്ല. ആദ്യ മത്സരങ്ങളിൽ തോറ്റുതൊപ്പിയിട്ട ടീം പിന്നീട് അത്ഭുദകരമായി തിരിച്ചുവന്നു. ഒടുവിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ലോകകപ്പ് കിരീടം നേടിയപ്പാൾ ലോകം നടുങ്ങി. അതിന്റെ ക്രഡിറ്റ് മുഴുവൻ കിട്ടിയത് ക്യാപ്റ്റൻ ഇമ്രാൻ ഖാനാണ്.



ഇമ്രാൻ പന്തെടുക്കുമുള്ള ഇന്ത്യയടക്കമുള്ള എതിരാളികൾ നടുങ്ങിയ ഒരു കാലം ഉണ്ടായിരുന്നു. സ്വർണ്ണത്തലമുടി ഒന്ന് കോതിയൊതുക്കി, നീണ്ട റണ്ണപ്പുമായി വന്ന് തീപാറുന്ന രീതിയിൽ പന്തുകൾ എറിയുന്ന ഇമ്രാനെ ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ക്ലീൻ ബൗൾഡ് ആക്കിയവരുടെ വിക്കറ്റുകൾ വായുവിൽ കറങ്ങിക്കൊണ്ട് തെറിച്ചുപോകുന്ന ഇമ്രാൻ മാജിക്ക്! അതുപോലെ ബാറ്റ്‌സ്മാൻ എന്ന നിലയിൽ  വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു ഇമ്രാന്റെ പ്രത്യേകത. ഇതൊക്കെ ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരെ ഉണ്ടാക്കിക്കൊടുത്തു. എവിടെപോയാലും ഇമ്രാന്റെ ഓട്ടോഗ്രാഫിനുവേണ്ടി സുന്ദരികളുടെ ഒരു നീണ്ട നിര ഉണ്ടാവുമായിരുന്നു.

ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ആദ്യം അദ്ദേഹം സാമൂഹിക പ്രവർത്തനത്തിലേക്കാണ് ആദ്യം നീങ്ങിയത്. 1996 ൽ തഹ്രീക് കെ ഇൻസാഫ് പാർട്ടി രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് കടന്നു.

താലിബാൻ ഖാൻ എന്നും വിളിപ്പേര്

ജീവതത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനച്ച വ്യക്തി മാതാവാണെന്നാണ് ഇമ്രാൻ എപ്പോളും പറയാറുള്ളത്. ഉമ്മ കാൻസർ രോഗം ബാധിച്ച് മരിച്ചത് അദ്ദേഹത്തിന് താങ്ങായിരുന്നില്ല. ഉമ്മയെക്കുറിച്ച് സംസാരിക്കുമ്പോൾ ഇമ്രാന്റെ കണ്ണുകൾ ഇപ്പോഴും നിറയും. മാതാവിന്റെ ഓർമ്മക്കായി, ഇമ്രാൻ തുടങ്ങിയ കാൻസർ ചികിത്സാകേന്ദ്രം വലിയ വാർത്താ പ്രാധാന്യം നേടി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് വഹിക്കാൻ കഴിയാത്തവർക്ക് വേണ്ടിയായിരുന്നു ഈ കേന്ദ്രം തുടങ്ങിയത്. അതോടെ ഒരു സാമൂഹിക പ്രവർത്തകൻ എന്ന രീതിയിൽ ഇമ്രാൻ അറിയപ്പെട്ടു. തുടർന്നാണ് തെഹരികെ ഇൻസാഫ് പാർട്ടി രൂപീകരിക്കുന്നത്.

1997ലാണ് തന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടിയുമായി ഇമ്രാൻ ഖാൻ ആദ്യം തിരഞ്ഞെടുപ്പിന്റെ ക്രീസിൽ പാഡണിച്ചത്. അന്ന് മത്സരിച്ച രണ്ട് സീറ്റിലും പരാജയമായിരുന്നു ഫലം. ക്രിക്കറ്റ് നായകനായി ആരാധിക്കാം പക്ഷേ രാഷ്ട്രീയക്കാരനായി ഞങ്ങൾക്ക് വേണ്ടെന്നായിരുന്ന ജനത്തിന്റെ ആദ്യ നിലപാട്.

പക്ഷേ ഇമ്രാനെ അവഗണിക്കാൻ ആർക്കും ആയില്ല. കാരണം പാർട്ടികളുടെ അഴിമതിയിലും, പട്ടാളഭരണത്തിനും മടുത്ത ജനം മറ്റൊരു ഓപ്ഷനായി കാത്തിരിക്കയായിരുന്നു. അവിടെയാണ്, 'അധികാരത്തിൽ വന്നാൽ പാക്കിസ്ഥാനെ പ്രവാചകന്റെ കാലത്തെ മദീന പോലെയാക്കും'എന്ന് പറഞ്ഞ് ഇമ്രാൻ ഖാന്റെ രംഗപ്രവേശം. ഒരേസമയം മതേതരനായി അഭിനയിക്കുകയും, കിട്ടാവുന്നിടത്തൊക്കെ മതത്തിന്റെ പേരിൽ വോട്ടുപിടിക്കയുമായിരുന്നു ഇമ്രാന്റെ ശൈലി. പ്രവാചകൻ കഴിഞ്ഞാൽ പാക്കിസ്ഥാന്റെ രാഷട്രപിതാവായിരുന്ന മുഹമ്മദാലി ജിന്നയായിരുന്നു, ഇമ്രാൻഖാന്റെ തുറുപ്പു ചീട്ട്. ജിന്നയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുമെന്നും പറഞ്ഞാണ് അദ്ദേഹം ആളെക്കൂട്ടിയത്. ഒരു ഭാഗത്ത് പുരോഗമനപരമായ ഒരു രാജ്യത്തെ സ്വപ്‌നം കാണുക. മറുഭാഗത്ത് പട്ടാളത്തിന്റെയും മതമൗലികവാദികളുടെയും പിന്തുണ വാങ്ങുക. ഈ തികഞ്ഞ ഇരട്ടത്താപ്പാണ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം ഇമ്രാൻ പിന്തുടർന്നത്.



ആദ്യകാലത്ത് അതിതീവ്ര നിലപാടുകളോട് തന്റെ പാർട്ടിയെ ചേർത്തുനിർത്താനാണ് ഇമ്രാൻ ഖാൻ ശ്രമിച്ചത്. ഫാഫിസ് സെയ്ദിനെക്കൊണ്ട് റാലികളിൽ അഭിസംബോധന ചെയ്യിച്ച ചരിത്രമുണ്ട് ഇമ്രാന്. പാക് താലിബാനെതിരായ സൈനിക നടപടിയെ തുറന്നെതിർക്കുകയും ചെയ്തിരുന്നു അന്നൊക്കെ ഇമ്രാൻ ഖാൻ. താലിബാനെ പ്രശംസിച്ചതിന്റെ പേരിൽ താലിബാൻ ഖാൻ എന്ന വിളിപ്പേര് പോലും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആ നിലപാടുകളോട് ഇമ്രാൻ മുഖം തിരിക്കുന്നത് നൂറിലധികം കുട്ടികളുടെ മരണത്തിന് കാരണമായ പെഷവാറിലെ സ്‌കൂൾ ആക്രമണത്തോടെയാണ്. പിന്നെയെല്ലായ്‌പ്പോഴും ഇമ്രാനും തെഹ്രീക് ഇ  ഇൻസാഫും സൈനിക നിലപാടുകളോട് തന്നെ ചേർന്നുനിന്നു.

പാക് സൈന്യം പാലൂട്ടി വളർത്തിയ അരുമസന്തതിയാണ് ഇമ്രാന്റെ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി. ഇലക്റ്റഡ് അല്ല, സെലക്റ്റഡ് പ്രധാനമന്ത്രിയാണ് ഇമ്രാൻ എന്നായിരുന്നു ഇമ്രാൻ പ്രാധാനമന്ത്രിയായപ്പോൾ ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്. ബേനസീർ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയെയും നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്ലിം ലീഗ് (എൻ) പാർട്ടിയെയും രാഷ്ട്രീയ അടരുകളിൽ നിന്ന് ഇല്ലായ്മ ചെയ്യലാണ് തെഹ്രീക് കെ ഇൻസാഫിന്റെ അവതാര ലക്ഷ്യം. അതിന സൈന്യം ഇമ്രാനെ സഹായിച്ചു. പക്ഷേ സൈന്യത്തോട് തെറ്റിയതോടെ ഇമ്രാന്റെയും കഷ്ടകാലം തുടങ്ങി.

മൂന്നുതവണ വിവാഹവും വിവാദവും

സ്ത്രീകളും മദ്യവും ഡ്രഗ്‌സും പാർട്ടികളും, ആദ്യകാലത്ത് ഇമ്രാൻഖാന്റെ വീക്ക്‌െനസ്സുകൾ ആയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നത്. മൂന്നുതവണ വിവാഹിതനായ ഇമ്രാന്റെ വ്യക്തിജീവിതം വിവാദങ്ങളിൽ കുരുങ്ങിക്കിടക്കുന്നതാണ്. ആ വിവാഹങ്ങളിലൂടെ ഇമ്രാന്റെ രാഷ്ട്രീയപരിവർത്തനം സുവ്യക്തമാണ്. ബ്രിട്ടീഷുകാരിയായ ടെലവിഷൻ പ്രൊഡ്യുസറും, എഴുത്തുകാരിയുമായ ജെമിമ ഗോൾഡ്സ്മിത്തായിരുന്നു ഇമ്രാന്റെ ആദ്യ ഭാര്യ. ഡയനാ രാജകുമാരിയുടെ വരെ സുഹൃത്തായിരുന്ന ഇവർ. 1995 മെയിലായിരുന്നു ആ വിവാഹം. 9 വർഷം നീണ്ട് നിന്ന ബന്ധത്തിൽ രണ്ട് മക്കളുമുണ്ട്. അക്കാലത്ത്  കാണാൻ കഴിഞ്ഞത്  വളരെ ലിബറലായ ഇമ്രാൻ ഖാനെ ആയിരുന്നു. 2004 ജൂണിലാണ് ഇരുവരും വേർപിരിഞ്ഞത്.

മാധ്യമപ്രവർത്തകയും സിനിമാനിർമ്മാതാവുമായ രെഹം ഖാനെയാണ് ഇമ്രാൻ രണ്ടാമത് വിവാഹം ചെയ്തത്. ഒമ്പതു മാസം മാത്രമായിരുന്നു ഈ ബന്ധത്തിന് ആയുസ്സ്. 2015ലായിരുന്നു വിവാഹം. തട്ടമിട്ട് തലമറയ്ക്കാതെ രെഹത്തെ അക്കാലത്ത് കാണാൻ കഴിയുമായിരുന്നില്ല. പാരമ്പര്യവിശ്വാസങ്ങളോട് ഇമ്രാൻ അടുത്ത് തുടങ്ങിയതിന്റെ സൂചന കൂടിയായിരുന്നു അത്. ആത്മീയ ഉപദേശകയായ ബുഷ്റ ബീവിയെയാണ് ഇമ്രാൻ മൂന്നാമത് വിവാഹം ചെയ്തത്. കടുത്ത മതവിശ്വാസിയായ അവരെ ബുർഖയിൽ ആവരണം ചെയ്ത നിലയില്ലാതെ കാണാനേ കഴിയില്ല. ഇമ്രാൻ തികഞ്ഞ യാഥാസ്ഥിതികനായി എന്നതിന് തെളിവായാണ് ബുഷ്റയുമായുള്ള വിവാഹത്തെ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇതിൽ രണ്ടാം ഭാര്യ ഇന്നും ഇമ്രാന്റെ കടുത്ത വിമർശകയായി നിൽക്കുമ്പോൾ പിരിഞ്ഞിട്ടും അദ്ദേഹത്തെ കുറ്റം പറയാത്ത മാന്യമായ നിലപാട് എടുത്തത് ആദ്യ ഭാര്യായയ ജെമിമ ഗോൾഡ് ആണ്. 1995 മെയ് 16ന് പാരീസിൽ വെച്ച് നടന്ന നിക്കാഹ് ചടങ്ങിലാണ് ജെമിമയും ഇമ്രാൻ ഖാനും വിവാഹിതരായത്. തുടർന്ന് ജെമിമ ഇസ്ലാം മതം സ്വീകരിച്ചു. ഖാനുമായുള്ള വിവാഹശേഷം, അവൾ അദ്ദേഹത്തിന്റെ ജന്മനാടായ പാക്കിസ്ഥാനിലെ ലാഹോറിലേക്ക് താമസം മാറ്റി, അവിടെ അവൾ ഉറുദു സംസാരിക്കാൻ പഠിച്ചു. പരമ്പരാഗത പാക്കിസ്ഥാൻ വസ്ത്രങ്ങൾ ധരിച്ചു. പിതാവിന്റെ പാരമ്പര്യം വെച്ചു നോക്കുമ്പോൾ, ജെമിമ ഗോൾഡിന് ഒരു യഹൂദ ബന്ധമുണ്ട്. ഇത് പാക്കിസ്ഥാനിൽ വാർത്തയായി. ഇതും കണക്കിലെടുത്താണ് അവർ ഇസ്‌ലാമിലേക്ക് മാറിയത്.



ഈ വിവാഹത്തിൽ  രണ്ട് ആൺമക്കൾ ഉണ്ട്. സുലൈമാൻ ഈസ, കാസിം എന്ന് പേരുള്ള മക്കൾ ഇപ്പോൾ ബ്രിട്ടനിലാണ്. 1999ൽ, ഇസ്ലാമിക കാലഘട്ടത്തിലെ പുരാവസ്തുക്കൾ അനധികൃതമായി കയറ്റുമതി ചെയ്തതിന് പാക്കിസ്ഥാനിൽ ജെമിമക്കെതിരെ കേസെടുത്തു. എന്നാൽ പിന്നീട് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ട് കോടതി അവരെ വെറുതെ വിട്ടു. ജെമിമയുടെ കൈയിലുള്ളത് പുരാവസ്തുക്കൾ ആയിരുന്നില്ലെന്നും ഇമ്രാനോടുള്ള പകപോക്കലായിരുന്നു ഇതെന്നും പിന്നീട് വെളിപ്പെട്ടു.

2004 ജൂൺ 22ന്, ഒമ്പത് വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ദമ്പതികൾ വിവാഹമോചനം നേടി. 'പാക്കിസ്ഥാനിലെ ഇമ്രാൻ ഖാന്റെ രാഷ്ട്രീയ ജീവിതവുമായി പൊരുത്തപ്പെടാൻ ് ബുദ്ധിമുട്ടായിരുന്നു' എന്നാണ് അവർ പറഞ്ഞത്.  പക്ഷേ യാഥാർഥ കാരണം ഇമ്രാന്റെ പരസത്രീബന്ധം തന്നെയായിരുന്നു. അപ്പോഴേക്കും മറ്റ് പല ബന്ധങ്ങളും അയാൾക്ക് ഉണ്ടായിരുന്നുവെന്നത് പരസ്യമായ രഹസ്യമായിരുന്നു. വിവാഹമോചനത്തിനുശേഷം ജെമിമ മക്കളോടൊപ്പം ബ്രിട്ടനിലേക്ക് മടങ്ങി. 2014 ഡിസംബർ വരെ ഇമ്രാൻ ഖാൻ വാർത്താ അവതാരകയായ രെഹാം ഖാനെ വിവാഹം കഴിക്കുന്നത് വരെ ജെമീമ 'ഖാൻ' എന്നത് തന്റെ സർനേയിമായി നിലനിർത്തിയിരുന്നു. ഒരിക്കലും അവർ ഇമ്രാനെതിരെ തിരിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. ഇമ്രാൻ പ്രധാനമന്ത്രിയായപ്പോൾ ജെമിമ നടത്തിയ ട്വീറ്റും വലിയ ചർച്ചയായി.

മുഹമ്മദാലി ജിന്നയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നാണ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് ഇമ്രാൻ ഖാൻ പറഞ്ഞത്. ആ ലക്ഷ്യം ഓർമ്മിപ്പിച്ചുകൊണ്ട് തന്നെയാണ് അവർ പ്രതികരിച്ചത. 'ഇനിയുള്ള വെല്ലുവിളി അദ്ദേഹം എന്തിനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന് മറക്കാതിരിക്കലാണ്' എന്നാണ ജെമിമ ട്വീറ്റ് ചെയ്തത്.

സ്വവർഗാനുരാഗിയും സ്ത്രീലമ്പടനുമെന്ന്

ജെമിമയുമായി പിരിഞ്ഞശേഷമാണ് അറിയപ്പെടുന്ന ജേർണലസിറ്റ് കൂടിയായ രേഹത്തെ ഇമ്രാൻ വിവാഹം കഴിഞ്ഞത്. പക്ഷേ പത്ത് മാസം മാത്രമേ ഈ ബന്ധം നീണ്ടു നിന്നുള്ളു. എന്നാൽ പിന്നീട് പുറത്തിറങ്ങിയ 'രേഹം ഖാൻ' എന്ന ആത്മകഥയിൽ ഇമ്രാനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ ഇവർ നടത്തിയിരിക്കുന്നത്.

ഇമ്രാൻ ഖാന് സ്വവർബന്ധത്തിൽപോലും താൽപ്പര്യമുള്ള ഹെട്രോസെക്ഷ്വൽ ആണെന്നും,  ബ്രിട്ടനിൽ വെച്ച് പല മോശം പ്രവൃത്തികളിൽ ഏർപ്പെടിരുന്നെന്നും രേഹം തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ''പാക് മുൻ ക്യാപ്റ്റനാൽ ഗർഭം ധരിച്ച സ്ത്രീയെ നിർബന്ധിച്ച് അബോർഷൻ ചെയ്യിച്ചിരുന്നു. അവിഹിത ബന്ധത്തിൽ ഇമ്രാന് പല സ്ത്രീകളിലായാണ് അഞ്ച് മക്കളുണ്ട്. ഇവരെല്ലാം വിവാഹിതരായ സ്ത്രീകളായിരുന്നു. വിവാഹ ബന്ധം തകരാതിരിക്കാൻ ഇക്കാര്യങ്ങൾ പുറത്ത് പറയരുതെന്ന് സ്ത്രീകൾ ഇമ്രാനോട് ആവശ്യപ്പെട്ടിരുന്നു. മക്കളിൽ ഒരാൾക്ക് 34 വയസുണ്ട്. ഇതിൽ ചിലർ ഇന്ത്യയിലാണ്. ഇമ്രാൻ ഖാൻ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞത്.തന്റെ പാർട്ടിയിൽ ഉള്ള പുരുഷന്മാരുമായി ഇമ്രാന് അവിഹിത ബന്ധമുണ്ടായിരുന്നു. പാക് സിനിമാതാരം ഹംസ അലി അബ്ബാസി, പാർട്ടി പ്രവർത്തകനായ മുറാദ് സയ്യിദ് എന്നിവരുമായി ഇമ്രാന് ബന്ധം ഉണ്ടായിരുന്നു''- രേഹം എഴുതി.



എന്നാൽ ഇമ്രാനോ ഹംസയോ ഇക്കാര്യങ്ങളെക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാൽ രേഹത്തിന്റെ വാദങ്ങൾ നിഷേധിച്ചു കൊണ്ട് സയ്യിദ് ട്വിറ്ററിൽ രംഗത്ത് വന്നു. പ്രശസ്ത പാക് ക്രിക്കറ്റ് താരം വസീം അക്രത്തിനെതിരെയും പുസ്തകത്തിൽ ഗുരുതര പരാമർശങ്ങൾ ഉണ്ട്. അക്രം തന്നെ ഉപദ്രവിക്കാറുണ്ടെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ തന്നോട് പറഞ്ഞതായി റേഹം വെളിപ്പെടുത്തി. ഇതിനെതിരെ വസീം അക്രം വക്കിൽ നോട്ടീസ് അയച്ചിരുന്നു.

സെക്‌സ്, ഡ്രഗ്, റോക്ക് ആൻ റോൾ

സെക്‌സ്, ഡ്രഗ്, റോക്ക് ആൻ റോൾ എന്നാണ് ഇമ്രാന്റെ ജീവിതത്തെ കുറിച്ച് അവർ വിശേഷിപ്പിച്ചത്. തന്റെ ജീവിത്തിൽ പറ്റിയ ഏറ്റവും വലിയ പിഴവാണ് ഇമ്രാനെ വിവാഹം കഴിച്ചത്. ഈ പോയ് മുഖം പൊതുജങ്ങൾക്ക് മുന്നിൽ വെളിപ്പെടുന്നതിനോടൊപ്പം, തന്നെപോലെ മറ്റ് സ്ത്രീകളും പറ്റിക്കപ്പെടാതിരിക്കാനുള്ള ഒരു ബോധവത്കരണം കൂടിയാണ് പുസ്തകം എന്നും അവർ പറഞ്ഞു.

ആത്മകഥയിൽ എഴുത്തുകാരിയുടെ പ്രശംസ പിടിച്ചുപറ്റിയ ഏക പുരുഷൻ നടൻ  ഷാരൂഖ്ഖാൻ മാത്രമാണ്. തന്റെ പത്രപ്രവർത്തന കാലഘട്ടത്തിൽ ഷാരൂഖിനെ കണ്ടുമുട്ടിയ ഓർമകൾ പങ്കുവയ്ക്കുന്ന രേഹം, അദ്ദേഹം മികച്ച വ്യക്തിത്വത്തിന് ഉടമയാണെന്ന് പറയുന്നു. തൊഴിലിൽ അദ്ദേഹം കാണിക്കുന്ന ആത്മാർഥതയും അഹങ്കാരം ഇല്ലാത്ത പെരുമാറ്റവും അദ്ദേഹത്തോട് മതിപ്പുണ്ടാകാനുള്ള കാരണമാണെന്നാണ് രേഹം പറയുന്നത്.

കഴിഞ്ഞവർഷം തന്റെ വാഹനത്തിനു നേരെ അജ്ഞാതർ വെടിയുതിർത്തതിൽ പ്രധാനമന്ത്രി ഇമ്രാൻഖാനെതിരെ ശക്തമായ വിമർശനവുമായി രേഹം രംഗത്ത് എത്തിയിരുന്നു. ഇമ്രാൻ ഖാന്റെ ഭരണത്തിന് കീഴിൽ പാക്കിസ്ഥാൻ ഭീരുക്കളുടെയും കൊള്ളക്കാരുടെയും അത്യാഗ്രഹികളുടെയും നാടായി മാറിയെന്ന് അവർ വിമർശിച്ചു. തന്റെ അനന്തരവന്റെ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ  രേഹത്തിന്റെ കാറിന് നേരെ മോട്ടോർ ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. രേഹം വാഹനം മാറി കയറിയിരുന്നു. പക്ഷേ പേഴ്‌സണൽ സെക്രട്ടറിയും ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഇവർ രക്ഷപ്പെട്ടത്. ഇത് ഇമ്രാന്റെ പകപോക്കൽ ആണെന്ന് ആരോപണം ഉയർന്നിരുന്നു.

വിവാഹമോചനത്തിനു ശേഷം ഇമ്രാന്റെ കടുത്ത വിമർശകയാണ് ഈ 48കാരി. 2019ലെ പുൽവാമ ആക്രമണത്തിന് പിന്നാലെ ഇമ്രാൻ സൈന്യത്തിന്റെ കളിപ്പാവയാണെന്നും, പ്രത്യയശാസ്ത്രത്തിലും നയങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് അധികാരത്തിൽ വന്നതെന്നും രേഹം ഖാൻ വിമർശിക്കുകയുണ്ടായി. ഇമ്രാന്റെ മാനസാന്തരത്തിന് ഇടയാക്കിയ പെഷവാർ സൈനിക സ്‌കൂൾ ആക്രമണ സ്ഥലം സന്ദർശിച്ചപ്പോൾ ഒപ്പം ഉണ്ടായിരുന്നു രേഹം. ഇപ്പോൾ ഇമ്രാൻ പാർലിമെന്റിൽ പരീക്ഷണം നേരിടവേ, അയാൾ അത്രപെട്ടെന്ന് രാജിവെക്കുമെന്ന് പ്രതീക്ഷിക്കരുത് എന്നും പിടിച്ചു നിൽക്കാനുള്ള എല്ലാ അടവും പറയറ്റുമെന്നുമാണ് രേഹം പ്രതികരിച്ചത്.



മൂന്നാംഭാര്യയാക്കിയത് ആൾദൈവത്തെ

ഇതിലും വിചിത്രമാണ് ഇംറാന്റെ മൂന്നാമത്തെ വിവാഹം. ഇടക്കിടെ പ്രണയത്തിൽ ചെന്നുചാടുന്ന സ്വഭാവം അപ്പോഴും ഇമ്രാനെ വിട്ടുപോയിരുന്നില്ല. ഇത്തവണ ക്രിസ്റ്റീന ബേക്കർ എന്ന വിദേശ ജേർണലിസ്റ്റും എഴുത്തുകാരിയുമായ യുവതിയുമായി അദ്ദേഹം പ്രണയത്തിലായത്. ക്രിസ്റ്റീന ഖാനെ വിവാഹം കഴിക്കാനായി ഇസ്‌ലാമിലേക്ക് മാറി. അവർ പാക്കിസ്ഥാനിലെത്തി വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഇമ്രാന് ഒപ്പം കഴിഞ്ഞു. പക്ഷേ പിന്നെ അവർ അറിയുന്നത് ഇമ്രാൻ ഭാവി പ്രവചിക്കുന്ന ഒരു അർധ ആൾദൈവം മോഡലിലുള്ള, നമ്മുടെ നാട്ടിലെ ജിന്നുമ്മമാരെപ്പോലുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചുവെന്നാണ്!

ചതിയിൽ മനംനൊന്ത ക്രിസ്റ്റീന എഴുതിയ പുസ്തകമാണ് 'ഫ്രം എംടിവി ടു മെക്ക'. അവർ എംടിവി യൂറോപ്പിലെ ടെലിവിഷൻ പ്രൊഡ്യൂസർ ആയിരുന്നു. അങ്ങനെയാണ് അവൾ ഇമ്രാനെ പരിചയപ്പെടുന്നത്. '' ഞാൻ ഇമ്രാനെ ഉപേക്ഷിച്ചു. പക്ഷേ ഇസ്‌ലാം സ്വീകരിച്ചു', എന്നാണ് അവർ പറയുന്നത്. മലയാളത്തിൽ മാധവിക്കുട്ടിയെപ്പോലെ സ്‌നേഹത്തിനവേണ്ടി മതം മാറേണ്ടിവന്ന ഒരു സ്ത്രീ.

ഏറ്റവും രസാവഹം ക്രിസ്റ്റീന ബേക്കറിനെ വിവാഹം കഴിച്ചാൽ അത് ദുരന്തമാവുമെന്ന് ഇമ്രാനോട് പറഞ്ഞത് , ഈ ആത്മീയ പ്രഭാഷകയായ ബുഷ്റ മനേകയാണ്.
ഇമ്രാൻഖാന്റെ ജീവതത്തിൽ നിർണ്ണായകമായിരുന്നു, ബുഷ്റ മനേകയുമായുള്ള ബന്ധം. ഇടക്കാലത്ത് പാശ്ചാത്യ ജീവിത ശൈലിയൊക്കെ വിട്ട് കടുത്ത അന്ധവിശ്വാസിയായ ഇമ്രാൻ, ബാബാ ഫരീദ് ഖഞ്ച്ശകർ ദർഗയിലെ നിത്യ സന്ദർശകനായിരുന്നൂ. 2015 ലാണ് ഇവിടം ആദ്യമായി സന്ദർശിക്കുന്നത്. തന്റെ പാർട്ടിയെ കുറിച്ചും രാഷ്ട്രീയ ഭാവിയെ കുറിച്ചും ബുഷ്റ നടത്തിയ പ്രവചനങ്ങൾ സത്യമായതോടെ ആ ബന്ധം ശക്തിപ്പെട്ടു. വിവാഹമോചിതയായ ബുഷ്റ മനേകയെ ഇമ്രാൻ ഖാൻ തന്റെ മൂന്നാമത്തെ സഖിയായി സ്വീകരിക്കുകയായിരുന്നു. തന്റെ ഭാര്യയോളം അധ്യാത്മിക തെളിച്ചമുള്ള ആരെയും താൻ കണ്ടിട്ടില്ലെന്നാണ് ഇമ്രാൻ പറയുന്നത്. എത്രമാത്രം അന്ധവിശ്വാസിയായി ഇമ്രാൻഖാൻ മാറിയെന്നോർക്കണം.

ലാഹോറിൽ 2018ൽ നടന്ന ഒരു ചെറിയ ചടങ്ങിലാണ് ഇമ്രാൻ ഖാൻ ബുഷ്റയെ വിവാഹം ചെയ്തത്. പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് ആറു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ബുഷ്റ ബീവിക്ക് നിഗൂഡമായ അദ്ധ്യാത്മികമായ ശക്തികളുണ്ടെന്നാണ് വിശ്വാസം. അതിനാൽ ബുഷ്റയെ പിങ്കി പിർനി (വിശുദ്ധയായ വനിത) അഥവാ പിങ്ങി ബീവി എന്നാണ് പാക്കിസ്ഥാനിൽ അറിയപ്പെടുന്നത്. .

ചില റിപ്പോർട്ടുകൾ പറയുന്നത് പ്രവാചകൻ നബി, ബുഷ്റയുടെ സ്വപ്നത്തിലെത്തി അദ്ദേഹത്തിന്റെ നല്ല ജീവിതത്തിനും രാജ്യത്തിന്റെ നന്മയ്ക്കും ഇമ്രാനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. മറ്റൊരു രസകരമായ കാര്യം വിവാഹം കഴിയുന്നതുവരെ ഖാൻ ഭാര്യയുടെ മുഖം കണ്ടിട്ടില്ലെന്നതാണ്. അവരുടെ വീട്ടിൽ നിന്നു ലഭിച്ച ഒരു പഴയ ഓട്ടോഗ്രാഫിലാണ് അവർ എങ്ങനെയാണെന്നുള്ള ഒരു രൂപം കിട്ടിയതെന്ന് ഇമ്രാൻ വെളിപ്പെടുത്തിയിട്ടുമുണ്ട്. കസ്റ്റംസ് ഓഫീസറായ ഖവാർ ഫാരിദ് മനേകയുടെ മുൻ ഭാര്യയായിരുന്നു ബുഷ്റ.

രക്തസാക്ഷി ഇമേജിന് നീക്കം

ഇങ്ങനെയൊക്കെ ആണെങ്കിലും പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കുവേണ്ടി നിലകൊള്ളാനും പലപ്പോഴും ഇമ്രാൻഖാൻ ശ്രമിച്ചിട്ടുണ്ട്. സിയാവുൾ ഹഖിനെയോ, ബേനസീർ ഭൂട്ടോയെപ്പോലെ കടുത്ത ഇന്ത്യാവിരുദ്ധൻ ആയിരുന്നില്ല ഇമ്രാൻ. പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സംരക്ഷിക്കുമെന്ന് അധികാരത്തിലേറും മുമ്പേ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇമ്രാന്റെ  പാർട്ടി പാക്കിസ്ഥാനിൽ ദീപാവലി ആഘോഷവും സംഘടിപ്പിച്ചിരുന്നു. പാക്കിസ്ഥാനിൽ ഒരു നേതാവ് ദീപാവലി ആഘോഷിക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നു.



ഇമ്രാൻ ഈയിടെ നടത്തിയ പ്രസംഗത്തിലും ഇന്ത്യയെ പ്രകീർത്തിക്കുന്നുണ്ട്. ഇപ്പോൾ പട്ടാളവുമായി തെറ്റിയ അദ്ദേഹം പറയുന്നത് ഇന്ത്യയെ കണ്ടുപഠിക്കാനാണ്.'' ഇന്ത്യയിൽ ഒരിക്കലും സൈന്യം രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല. അവരുടെ വിദേശ നയം നോക്കുക.  ഈ എഴുപത്തിയഞ്ചു വർഷം കൊണ്ട് ഇന്ത്യ എത്രയേറെ ഉയർന്നു. ബംഗ്ലാദേശ് പോലും നമ്മേക്കാൾ വളർന്നു. ഇവിടെ അഴിമതിക്കാരായ രാഷ്ട്രീയക്കാർ നമ്മെ വളരാൻ അനുവദിക്കില്ല'- കഴിഞ്ഞ ദിവസം രണ്ടുലക്ഷം പേരുടെ റാലി അഭിസംബോധന ചെയ്യവേ ഇമ്രാൻ പറഞ്ഞു. പ്രസംഗത്തിൽ ഉടനീളം പ്രവാചകനെയും ജിന്നയെയുമാണ് അദ്ദേഹം ഉദ്ധരിക്കുന്നത്. ഇപ്പോഴുള്ള എല്ലാകുഴപ്പത്തിനും കാരണമായി അമേരിക്കയെയും കുറ്റപ്പെടുത്തു.

അതാണ് ഇമ്രാൻ ഉദ്ദേശിക്കുന്നതും. ഒരു രക്തസാക്ഷി ഇമേജ് നേടിയെടുക്കുക. സത്യത്തിൽ ഇമ്രാൻ ഭരണകാലത്ത് അൽപ്പം അഴിമതി കുറഞ്ഞെങ്കിലും, കൊടുകാര്യസ്ഥയ ഭീകരമായിരുന്നു. ശ്രീലങ്കക്ക് സമാനമായ അപകടത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. വിദേശ നാണയ കരുതൽ ശേഖരം വെറും 40 ബില്യൺ ഡോളറായി കുറഞ്ഞു. ഇന്ത്യയുടേത് 650 ബില്യൻ ഡോളർ ആണെന്ന് ഓർക്കണം. സാമ്പത്തിക പ്രതിസന്ധികാരണണം, പാക് പ്രധാനമന്ത്രിയുടെ വസതി വാടകക്ക് കൊടുത്തതും, കാറുകൾ വിറ്റുതും  പോത്തുകളെ ലേലം ചെയ്തും നേരത്തെ വാർത്തായിരുന്നു. പണത്തിനായി ലോക രാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടിയതോടെ,  ഇമ്രാൻഖാനെ ആഗോള ഭിക്ഷക്കാരനെന്ന് പറഞ്ഞാണ് പ്രതിപക്ഷം വിമർശിച്ചത്. അതുപോലെ മതതീവ്രവാദികളും പാക്കിസ്ഥാനിൽ അഴിഞ്ഞാടി. മതനിന്ദകുറ്റം പറഞ്ഞ് ജനം മറ്റ് മതസ്ഥരെ അടിച്ചുകൊല്ലുന്നത് നിത്യ സംഭവമായി.

എന്തിരുന്നാലും നമ്മളെ  സംബന്ധിച്ച് ഒരു കടുത്ത ഇന്ത്യാവിരുദ്ധതയിൽ ജീവിക്കുന്ന  ഒരു പട്ടാളമേധാവിയേക്കാൾ എത്രയോ ഭേദമായിരുന്നു അൽപ്പം മയമുള്ള ഇമ്രാൻ. പക്ഷേ ഇപ്പോഴും അദ്ദേഹത്തെ എഴുതി തള്ളാൻ ആയിട്ടില്ല. തോറ്റമ്പിയെന്ന് കരുതുന്നിടത്ത് തിരിച്ചുവരുന്ന ആ പഴയ ക്രിക്കറ്റ് മാജിക്ക് ഇമ്രാന് അവർത്തിക്കാൻ കഴിയുമോ. കാത്തിരുന്ന് കാണം.

വാൽക്കഷ്ണം: ക്രിക്കറ്റിൽ നിന്ന് ലോക വ്യാപകമായ സൗഹൃദവും ഇമ്രാൻഖാനുണ്ട്. പഞ്ചാബിലെ കോൺഗ്രസിന്റെ  മുഖമായ നവജ്യോത് സിങ് സിദ്ദുവാണ് അദ്ദേഹത്തിന്റെ സ്വകാര്യ രഹസ്യങ്ങൾ പോലും അറിയുന്ന, അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. ഇമ്രാൻഖാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ സിദ്ദു പങ്കെടുത്തിരുന്നു. ഇന്ത്യയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന കർതാർപൂർ അതിർത്തി പാതയുടെ തറക്കല്ലിടൽ ചടങ്ങ് നടന്നപ്പോഴും നവജ്യോത് സിങ് സിദ്ദു അതിഥിയായി പങ്കെടുത്തിരുന്നു. ഇതോടെ സിദ്ദുവിനെ ബിജെപി പാക്കിസ്ഥാൻ പ്രേമിയാക്കിയതും വേറെ കഥ.