മസ്‌കത്ത്: ഒമാനിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റിന്റെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകി. മാർച്ച് 31ന് തൊഴിൽ പെർമിറ്റ് കാലാവധി അവസാനിച്ച പ്രവാസികൾക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. കഴിഞ്ഞ ദിവസമാണ് തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച ആഘാതം മറികടക്കുന്നതിനുള്ള സഹായമെന്ന നിലയിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതിയ അറിയിപ്പ് അനുസരിച്ച് മാർച്ച് 31ന് കാലാവധി അവസാനിക്കേണ്ടിയിരുന്ന തൊഴിൽ പെർമിറ്റുകൾക്ക് ഇനി ജൂൺ 30 വരെ കാലവധിയുണ്ടാകും.