വാഷിങ്ടൻ: കഴിഞ്ഞ ആഴ്ച അമേരിക്കയിൽ ഗ്യാസിന്റെ വിലയിൽ അൽപം കുറവുണ്ടായെങ്കിലും കഴിഞ്ഞ ഒരു മാസം മുൻപ് ഉണ്ടായിരുന്ന വില നിലനിർത്താൻ യുഎസ് റിസർവ് ഓയിലിൽ നിന്നും പ്രതിദിനം ഒരു മില്യൻ ബാരൽ ഓയിൽ വിട്ടുനൽകാൻ ബൈഡൻ ഉത്തരവിട്ടു. അടുത്ത ആറു മാസത്തേക്ക് ഇതു തുടരുമെന്നും അറിയിപ്പിൽ പറയുന്നു. അമേരിക്കയിൽ പ്രതിദിനം 20 മില്യൻ ബാരൽ ഓയിലാണാവശ്യം.

റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ ഒരു ഗ്യാലൻ ഗ്യാസ് (റഗുലർ) വില നാലര ഡോളറോളം എത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ച വിലയിൽ അൽപം കുറവ് അനുഭവപ്പെട്ടു. ഗ്യാലന് 3 ഡോളർ 65 സെന്റ് വരെയായി. ഒരു മാസത്തിനു മുമ്പു ഉണ്ടായിരുന്ന വിലയിലേക്ക് ഗ്യാസ് വില കൊണ്ടുവരുന്നതിനാണ് ബൈഡൻ ഭരണകൂടം ശ്രമിക്കുന്നത്. ഒരു മാസം മുമ്പു മൂന്നു ഡോളർ 30 സെന്റായിരുന്നു വില. യുദ്ധത്തെ തുടർന്ന് കൂടിയ വില സാവകാശം കുറച്ചുകൊണ്ടു വരുന്നതിനാണ് ഇപ്പോൾ യുഎസ് റിസർവിൽ നിന്നും ഓയിൽ വിട്ടുനൽകുന്നത്.

യുദ്ധം ആരംഭിച്ചതോടെ രാജ്യാന്തര ഓയിൽ വിപണിയിൽ ഒരു ബാരൽ ക്രൂഡോയിലിന്റെ വില 110 ഡോളറായി ഉയർന്നിരുന്നു. ഇപ്പോൾ ബാരലിന് 105 ഡോളർ എത്തിനിൽക്കുന്നു. അധികം താമസമില്ലാതെ ഒരു ഗ്യാലൻ ഗ്യാസിന്റെ വില മൂന്നു ഡോളറായി കുറയുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

യുദ്ധത്തെ തുടർന്ന് ചില സംസ്ഥാനങ്ങളിൽ ഒരു ഗ്യാലൻ ഗ്യാസിന്റെ വില 5 ഡോളറിന് മുകളിൽ എത്തിയിരുന്നു. ഓയിൽ ഉല്പാദിപ്പിക്കുന്ന ടെക്സസിൽ ഗവൺമെന്റിന്റെ സഹായത്തോടെ ഗ്യാസ് വിലയിൽ കാര്യമായ വർധനവില്ലാതെ പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നു.