ടെക്സസ്: 2018 ൽ മരിച്ച മകന്റെ മൃതശരീരം കഴിഞ്ഞ നാലു വർഷമായി വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച പിതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മാർച്ച് 30 ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 മേയിൽ മരിച്ചുവെന്നു കരുതുന്ന ജെയ്സന്റെ മൃതദേഹമാണ് പിതാവ് മെക്ക്‌മൈക്കിൾ (67) ഈസ്റ്റ് ടെക്സസിലെ വീട്ടിൽ സൂക്ഷിച്ചിരുന്നത്. ജെയ്സന്റെ മരണം എങ്ങനെ സംഭവിച്ചുവെന്നു വ്യക്തമല്ല.

മകൻ എവിടെയാണെന്ന് അയൽവാസികൾ ചോദിച്ചുവെങ്കിലും കൃത്യമായ മറുപടി പിതാവിൽ നിന്നു ലഭിച്ചിരുന്നില്ല. തുടർന്ന് പൊലിസിൽ വിവരമറിയിച്ചു. വെൽഫെയർ ചെക്കിംഗിനെത്തിയ പൊലിസാണു മുഴുവനും അഴുകി തീർന്ന ജെയ്സന്റെ അസ്ഥികൂടം അടുക്കളയിൽ കണ്ടെത്തിയത്. പൊലിസ് വീട്ടിൽ എത്തി ചോദ്യം ചെയ്തതോടെ അദ്ദേഹം തന്നെ മകന്റെ മൃതദേഹത്തെ കുറിച്ചുള്ള വിവരം നൽകുകയായിരുന്നു.

ജെയ്സന്റെ തിരോധാനത്തെക്കുറിച്ചു ആരുംതന്നെ ബന്ധുക്കൾ ഉൾപ്പെടെ പൊലിസിനെ അറിയിച്ചിട്ടില്ലായിരുന്നു എന്നതാണു പൊലിസിനെ അത്ഭുതപ്പെടുത്തുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്ന കുറ്റം ചുമത്തി പിതാവിനെ അറസ്റ്റ് ചെയ്തു.

ശരീരാവശിഷ്ടങ്ങൾ കൂടുതൽ പരിശോധനക്കായി ഡാലസിലെ സൗത്ത് വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക്ക് സയൻസിലേക്കു മാറ്റി. സ്വാഭാവിക മരണമാണോ അതോ കൊലപാതകമാണോ എന്നു പരിശോധന കഴിഞ്ഞാലേ വ്യക്തമാകൂ എന്നു പൊലിസ് അറിയിച്ചു.