കോഴിക്കോട്: അനധികൃത മണ്ണ്- മണൽ കടത്തലിൽ ഏർപ്പെട്ടതിന് പിടികൂടിയ വാഹനങ്ങൾ ഉടമകളിൽ നിന്ന് കുറഞ്ഞ തുക ഈടാക്കി വിട്ടുകൊടുത്ത് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ സംഭവത്തിൽ താമരശ്ശേരി താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടി തഹസിൽദാർ പ്രവീൺകുമാർ പി എൻ, ലതീഷ് കുമാർ കെ, ശ്രീധരൻ വലക്കുളവൻ എന്നിവരെ വിജിലൻസ് ഡയJക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സസ്‌പെന്റ് ചെയ്തു.

സസ്‌പെൻഷൻ കാലയളവിൽ ഉദ്യോഗസ്ഥർക്ക് ചട്ടപ്രകാരമുള്ള ഉപജീവന ബത്തയ്ക്ക് അർഹതയുണ്ടായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. 2015 ജനുവരി രണ്ട് മുതൽ 2016 മെയ് 25 നാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി താലൂക്ക് ഓഫീസിലെ റിട്ടയേർഡ് ഡെപ്യൂട്ടി കലക്ടർ സുബ്രഹ്മണ്യൻ കെ, റിട്ടയേർഡ് ഡെപ്യൂട്ടി തഹസിൽദാർ അബ്ദുറഹിമാൻ എംടി, റിട്ട. തഹസിൽദാർ അബ്ദൽ സലാം ടി എ, റിട്ട. വില്ലേജ് ഓഫീസർ ജയകൃഷ്ണൻ കെ വി, താമരശ്ശേരി താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടി തഹസിൽദാർ പ്രവീൺ കുമാർ പി എൻ, ലതീഷ് കുമാർ കെ, ശ്രീധരൻ വലക്കുളവൻ എന്നിവർ ഈ കാലയളവിൽ അനധികൃത മണ്ണ്- മണൽ കടത്തിന് പിടികൂടിയ 61 വാഹന ഉടമകളിൽ നിന്ന് കുറഞ്ഞ തുക ഈടാക്കി വാഹനങ്ങൾ വിട്ടുകൊടുത്തെന്നാണ് പരാതി. ട

നിയമാനുസരണം 15,25,000രൂപ പിഴ സംഖ്യയായി വാഹന ഉടമകളിൽ നിന്ന് ഈടാക്കുന്നതിന് പകരം കുറഞ്ഞ തുകയായ 4,17,000 രൂപ മാത്രം പിഴ ഈടാക്കി വാഹനങ്ങൾ വിട്ടുകൊടുക്കുകയായിരുന്നു. ഇതിലൂടെ പതിനൊന്ന് ലക്ഷത്തി എട്ടായിരം രൂപയാണ് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായത്.

പ്രതികൾ പൊതുജന സേവകർ എന്ന നിലയിൽ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി കുറ്റകരമായ ദുർഭരണം നടത്തുകയും വാഹന ഉടമകളുമായി ചേർന്ന് അഴിമതി നടത്തുകയും ചെയ്തു എന്നുമുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവീൺ കുമാർ പി എൻ, ലതീഷ് കുമാർ കെ, ശ്രീധരൻ വലക്കുളവൻ എന്നിവരെ സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.