കൊടുങ്ങല്ലൂർ: അശ്വതിനാളിൽ തൃച്ചന്ദനമണിഞ്ഞ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി. ഏഴരയാമം നീണ്ടുനിന്ന രഹസ്യമന്ത്രവിധിയിൽ ഭഗവതി തൃച്ചന്ദനമണിഞ്ഞതോടെയാണ് നിണമണിഞ്ഞ് ഉറഞ്ഞുതുള്ളിയ കോമരക്കൂട്ടങ്ങൾ കാവുതീണ്ടിയത്.

കാൽച്ചിലമ്പും പള്ളിവാളും ചുഴറ്റി, ചെമ്പട്ടുചേല ചുറ്റി, രൗദ്രഭാവം പൂണ്ട കോമരങ്ങൾ ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ അടിച്ചും വഴിപാടുകൾ ക്ഷേത്രത്തിലേക്ക് എറിഞ്ഞും മൂന്നുതവണ ഓടി ക്ഷേത്രപ്രദക്ഷിണം നടത്തിയാണ് ചടങ്ങ് പൂർത്തിയാക്കിയത്.

വലിയതമ്പുരാൻ കുഞ്ഞുണ്ണിരാജ സർവാഭരണഭൂഷിതനായി എടമുക്ക് മൂപ്പന്മാർ തോളിലേറ്റിയ രാജപല്ലക്കിൽ അംഗരക്ഷകരുടെ അകമ്പടിയോടെ രാവിലെ ബലിക്കൽപുരയിൽ എഴുന്നള്ളി. ഭഗവതിക്ക് ചികിത്സ നിർദേശിക്കുന്ന പാലയ്ക്കൽ വേലൻ ദേവീദാസൻ പരമ്പരാഗത വേഷവിധാനങ്ങളോടെ പടിഞ്ഞാറേനടയിലെത്തി പീഠമിട്ട് ഇരുന്നു.

12 മണിയോടെ പൂജകൾ പൂർത്തിയാക്കി വടക്കേനടയടച്ച് അടികൾമാരും ഭക്തജനങ്ങളും പുറത്തിറങ്ങിയതോടെ തൃച്ചന്ദനച്ചാർത്ത് ചടങ്ങുകൾ തുടങ്ങി. അവകാശികളായ കുന്നത്ത് മഠം പരമേശ്വരനുണ്ണി അടികൾ, മഠത്തിൽ മഠം രവീന്ദ്രനാഥൻ അടികൾ എന്നിവർ വലിയതമ്പുരാന്റെ അനുവാദം വാങ്ങി ശ്രീകോവിലിൽ പ്രവേശിച്ചു. തിരുവാഭരണങ്ങൾ അഴിച്ചുമാറ്റി, ശ്രീകോവിൽ കഴുകിവൃത്തിയാക്കി, പൂജകൾ ആരംഭിച്ചു. പുതിയ പൂജാപാത്രങ്ങൾ ഉപയോഗിച്ച് കരിക്കിന്റെ മൂടുവെട്ടിയ വെള്ളത്തിൽ മഞ്ഞൾപൊടി കുഴച്ച് തൃച്ചന്ദനമുണ്ടാക്കി ഭഗവതിക്ക് ആറാടി.

മണിക്കൂറുകളുടെ പൂജകൾക്കുശേഷം അടികൾമാരും വലിയതമ്പുരാനും ക്ഷേത്രം തന്ത്രിയും പരിവാരങ്ങളും 4.40-ന് പുറത്തിറങ്ങി. തുടർന്ന് തമ്പുരാൻ കിഴക്കേനടയിലെ നിലപാടുതറയിലെത്തി. കാവുതീണ്ടാൻ അനുമതി നൽകുന്നതിന്റെ അടയാളമായി കോയ്മ ചുമന്ന പട്ടുകുട ഉയർത്തി.

പാലയ്ക്കൽ വേലൻ ദേവീദാസൻ പടിഞ്ഞാറേനടയിൽ മുളവടികൊണ്ട് ക്ഷേത്രത്തിലടിച്ച് അശ്വതി കാവുതീണ്ടലിന് തുടക്കംകുറിച്ചു. ഇതോടെ അവകാശത്തറകളിലും ക്ഷേത്രസങ്കേതത്തിലും കാത്തുനിന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും ആവേശത്തോടെ കുതിച്ചോടി. തുടർന്ന് നിലപാടുതറയിലെത്തി തമ്പുരാന്റെ അനുഗ്രഹം വാങ്ങി.

തിങ്കളാഴ്ച ഭരണിനാളിൽ പുലർച്ചെ ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് ഭഗവതിയെ പള്ളിമാടത്തിൽ സങ്കല്പിച്ചിരുത്തി വടക്കേനടയിൽ വെന്നിക്കൊടി ഉയർത്തുന്നതോടെ ഭരണിയുത്സവത്തിന് സമാപനമാകും. ഞായറാഴ്ചയാണ് നടതുറപ്പ്.