വിദേശ വാഹനങ്ങൾക്ക് സബ്സിഡിയുള്ള പെട്രോൾ വിൽക്കുന്നതിനെതിരെ മലേഷ്യൻ ആഭ്യന്തര വാണിജ്യ ഉപഭോക്തൃകാര്യ മന്ത്രാലയം കർശന നടപടിക്കൊരുങങുന്നു. സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ ഒരാൾ RON95 പെട്രോൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്ന ചിത്രം വൈറലായതിനെ തുടർന്നാണ് നടപടി.

ചിത്രത്തെ കുറിച്ച് അന്വേഷിക്കാനും എല്ലാ പെട്രോൾ സ്റ്റേഷനുകളിലും കൂടുതൽ നിരീക്ഷണം നടത്താനും മന്ത്രി ദത്തൂക് സെറി അലക്‌സാണ്ടർ നന്ത ലിംഗി ഉത്തരവിട്ടിട്ടുണ്ട്. വിദേശ വാഹനങ്ങൾക്ക് RON95 ഇന്ധനം വിൽക്കുന്നത് അനുവദിക്കരുതെന്ന് ജോഹോറിലെ പെട്രോൾ കമ്പനികളോടും പെട്രോൾ സ്റ്റേഷൻ ഓപ്പറേറ്റർമാരോടും അദ്ദേഹം ഉത്തരവിട്ടു.

വിദേശ രജിസ്ട്രേഷനുള്ള വാഹനങ്ങൾക്ക് സബ്സിഡിയുള്ള പെട്രോൾ വിറ്റാൽ പെട്രോൾ സ്റ്റേഷൻ നടത്തിപ്പുകാർക്ക് 2 ദശലക്ഷം RM (S$643,000) വരെ പിഴ ചുമത്താം.2010 ഓഗസ്റ്റ് 1 മുതൽ നിരോധനം നിലവിലുള്ളതാണ്.

സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്ത കാറിൽ മഞ്ഞ നിറത്തിലുള്ള നോസൽ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്ന ആളുടെ ഫോട്ടോ മുൻ പ്രധാനമന്ത്രി നജീബ് റസാഖ് പങ്കുവെച്ചു കൊണ്ടാണ് മുന്നറിയിപ്പ് നല്കിയത്.രണ്ട് വർഷത്തിനിടെ ആദ്യമായി ഏപ്രിൽ ഒന്നിന് മലേഷ്യയും സിംഗപ്പൂരും തങ്ങളുടെ കര അതിർത്തികൾ പൂർണ്ണമായി തുറന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.