- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാർ ഭരണകൂടങ്ങളുടെ തണലിൽ ഇന്ത്യയിൽ വളരുന്ന വെറുപ്പിന്റെ രാഷ്ട്രീയം ആശങ്കാജനകം: നവയുഗം
അൽഹസ്സ: അന്യമതസ്ഥർക്കും, ന്യൂനപക്ഷങ്ങൾക്കും എതിരെ സംഘടിതമായ വർഗ്ഗീയപ്രചാരണം നടത്തുകയും, അക്രമ മാർഗ്ഗങ്ങൾ അവലംഭിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന 'വെറുപ്പിന്റെ രാഷ്ട്രീയത്തെ' , നിസ്സാരവും, സ്വാഭാവികവുമായ ഒരു കാര്യമാക്കി കണക്കാക്കുന്ന മാനസികനിലയിലേയ്ക്ക് ഇന്ത്യൻ സമൂഹത്തിന്റെ ഒരു വിഭാഗത്തെ അധഃപതിപ്പിച്ചു എന്നത് ഏറെ ആശങ്കാജനകമാണെന്ന് നവയുഗം സംസ്‌ക്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് സമ്മേളനം രാഷ്ട്രീയപ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.
അന്യമതവിദ്വേഷവും, ആൾക്കൂട്ടകൊലപാതകങ്ങളും, ലൗ ജിഹാദ് സ്വാഭിമാനകൊലകളും, ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങളും ഒക്കെ രാജ്യസ്‌നേഹത്തിന്റെ പ്രതീകമായി മാറുന്ന വിചിത്രമായ കാഴ്ചയാണ് വർത്തമാനഇന്ത്യയിൽ കാണുന്നത്. ഇത്തരം പ്രശ്‌നങ്ങളെ നിസ്സാരവൽക്കരിച്ചും, നടപടി എടുക്കാതെ ഇരകൾക്കെതിരെ കേസുകൾ ചമച്ചും, വർഗ്ഗീയവിഷം നിറഞ്ഞ വാക്കുകളിലൂടെ പ്രോത്സാഹിപ്പിച്ചും, സംഘപരിവാർ ഭരണകൂടങ്ങളുടെ തണലിൽ വെറുപ്പിന്റെ രാഷ്ട്രീയം തഴച്ചു വളരുമ്പോൾ, അപകടത്തിലാകുന്നത് ഇന്ത്യൻ ജനാധിപത്യമാണ്. കർണ്ണാടകയും, ഗുജറാത്തും, മധ്യപ്രദേശും, ഉത്തർപ്രദേശുമൊക്കെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ പണിശാലകളായി മാറുകയാണ്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ബാധ്യതപ്പെട്ട കോടതികൾ പോലും, പലപ്പോഴും ഭരണകൂടത്തിന്റെ ചട്ടുകങ്ങളായി മാറുമ്പോൾ അപകടത്തിലാകുന്നത് ഇന്ത്യയുടെ ജനാധിപത്യവും, മതേതരത്വവുമാണ്.ഇതിനെതിരെ ഐക്യത്തോടെ പ്രതികരിക്കാൻ ഓരോ ഇന്ത്യൻ പൗരനും ബാധ്യസ്ഥനാണ് എന്നും പ്രമേയം ആഹ്വാനം ചെയ്തു.
അൽഹസ്സ സനയ്യ യൂണിറ്റ് പ്രസിഡന്റ് ഷമിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉത്ഘാടനം ചെയ്തു.അൽഹസ്സ മേഖല കമ്മിറ്റി പ്രസിഡന്റ് ഉണ്ണി മാധവം, മേഖല സെക്രെട്ടറി സുശീൽ കുമാർ, കേന്ദ്രവനിതാവേദി സെക്രെട്ടറി മിനി ഷാജി, മേഖല കമ്മിറ്റി നേതാക്കളായ അഖിൽ അരവിന്ദ്, അൻസാരി എന്നിവർ ആശംസപ്രസംഗം നടത്തി.
യൂണീറ്റ് കമ്മിറ്റി അംഗം സഖാവ് അയൂബ്ഖാന്റെ ഗാനാലാപനം സദസിനെ ആഘോഷമാക്കി മാറ്റി.അൽഹസ്സ സനയ്യ യൂണിറ്റിന്റെ ഭാരവാഹികളായി കുഞ്ഞുമോൻ ഷാജി (രക്ഷാധികാരി), ഷമിൽ (പ്രസിഡന്റ്), വേലുരാജൻ (സെക്രട്ടറി) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു