നോർത്ത് കരോളൈന: യുഎസ് വനിതാ ദേശീയ ടീം മുൻ സ്റ്റാർ ഗോൾകീപ്പർ ഹോപ് സോളോ (41) മദ്യപിച്ചു വാഹനം ഓടിച്ചതിനു പൊലീസ് പിടിയിലായി. ആൽക്കഹോളിന്റെ അളവ് പരിശോധിക്കണമെന്ന പൊലീസിന്റെ ആവശ്യം നിരാകരിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.

മാർച്ച് 31നായിരുന്നു സംഭവം. വിൻസ്റ്റൺ സാലേം ഷോപ്പിങ് സെന്ററിന്റെ പാർക്കിങ് ലോട്ടിൽ സ്വന്തം കാറിനകത്ത് മദ്യപിച്ചു അബോധാവസ്ഥയിലായ നിലയിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഇരട്ടകുട്ടികൾ കാറിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. കുട്ടികൾക്ക് രണ്ടു വയസ് മാത്രമായിരുന്നു പ്രായം.

പൊലീസിന്റെ ഉത്തരവിനെ ധിക്കരിച്ചതിനും ചൈൽഡ് അബ്യൂസിനും ഇവർക്കെതിരെ കേസെടുത്ത് ജയിലിലടച്ചു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ജൂൺ 28നു ഇവർ കോടതിയിൽ ഹാജരാകണം. 2014 ൽ ഇവർക്കെതിരെ കുടുംബകലഹത്തിനു കേസുണ്ട്.

യുഎസ് ദേശീയ ടീമിൽ 202 തവണ ജേഴ്സി അണിഞ്ഞിട്ടുണ്ട്. 153 മത്സരങ്ങളിൽ വിജയിച്ചപ്പോൾ ഗോൾവലയം കാത്തുസൂക്ഷിച്ചത് ഹോപ് സോളോ ആയിരുന്നു. ഇവർ ഉൾപ്പെട്ട ടീം വേൾഡ് കപ്പും രണ്ടു ഒളിന്പിക്സ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. ജനുവരിയിൽ ഇവരെ യുഎസ് സോക്കർ ഹാൾ ഓഫ് ഫെയിം ആയി തിരഞ്ഞെടുത്തിരുന്നു.