ന്യൂയോർക്ക്: ചരിത്രത്തിലാദ്യമായി ആമസോണിൽ ജീവനക്കാർ അവകാശങ്ങൾക്കായി സംഘടിക്കാൻ തീരുമാനിച്ചു. ഏപ്രിൽ ഒന്നിനാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഇരുപത്തേഴു വർഷത്തെ ചരിത്രം തിരുത്തികുറിച്ചാണ് ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡ് ജെഎഫ് കെ. എട്ട് എന്നറിയപ്പെടുന്ന ഫെസിലിറ്റി ജീവനക്കാർ യൂണിയൻ രൂപീകരിക്കുന്നതിനനു കൂലമായി വോട്ടു ചെയ്തത്.

ആമസോണിൽ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളികളുടെ വിശ്രമമില്ലാത്ത പരിശ്രമങ്ങൾക്കൊടുവിലാണ് യൂണിയൻ എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞത്. ആമസോൺ ലേബർ യൂണിയൻ എന്നാണ് പുതിയ സംഘടനയുടെ പേര്.

8325 ജീവനക്കാരിൽ നടത്തിയ ഹിതപരിശോധനയിൽ യൂണിയൻ രൂപീകരിക്കുന്നതിന് അനുകൂലമായി 2654 പേർ വോട്ടു ചെയ്തപ്പോൾ, 2131 പേർ എതിർത്തു. 4785 വോട്ടുകൾ സാധുവായപ്പോൾ, 67 വോട്ടുകൾ ചലഞ്ച് ചെയ്യപ്പെട്ടു. 17 വോട്ടുകൾ അസാധുവായി.

യുഎസിലെ സംഘടിത തൊഴിലാളി വർഗത്തിന്റെ പുതിയൊരു യുഗമാണ് ഇവിടെ പിറക്കാൻ പോകുന്നത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ കന്പനിയാണ് ആമസോൺ.

യൂണിയൻ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ എതിർക്കുന്നതിനുള്ള എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്ന് ആമസോൺ അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം യൂണിയൻ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ വൈറ്റ്ഹൗസ് സ്വാഗതം ചെയ്തു. ജീവനക്കാരുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള സ്വരം ഉച്ചത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു