കൊച്ചി: രണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്സി എന്നിവയുടെ പ്രകാശനം ബംഗലൂരുവിൽ നടന്നു. ശ്രീ കാണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് ലോഗോയും മാസ്‌കോട്ടും പ്രകാശനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് സിങ് താക്കുർ ജേഴ്സി പുറത്തിറക്കി. ഗെയിംസ് ആൻഥം കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി നിസിത് പ്രമാണിക്കും മൊബൈൽ ആപ്പ് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എൻ. അശ്വത്നാരായണും പുറത്തിറക്കി.

അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു), ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്സിറ്റി ഗെയിംസായ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത്. ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസ് ഉൾപ്പെടെയുള്ള വേദികളിലായി ഏപ്രിൽ 24 മുതൽ മെയ്‌ 3 വരെയാണ് ഗെയിംസ് നടക്കുക.