- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ റൺവേ വികസനം: നഷ്ടപരിഹാര തുക മുഴുവനായി നൽകി മാത്രം ഭൂമിയേറ്റെടുക്കലെന്ന് മന്ത്രി; 18.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും
മലപ്പുറം: കരിപ്പൂർ വിമാനത്താവള റൺവേ വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാര തുക മുഴുവനായും ഭൂമി ഏറ്റെടുക്കലിന് മുമ്പ് തന്നെ നൽകുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനൽകിയവർക്ക് സർക്കാർ നൽകിയ അതേ പാക്കേജിൽ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നൽകും.
ഇക്കാര്യം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയ ശേഷം നടപടികൾ ആരംഭിക്കും. ഭൂമിയേറ്റെടുക്കലിന് മുമ്പ് സമയബന്ധിതമായി തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തും. ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കരിപ്പൂർ വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കരിപ്പൂർ വിമാനത്താവള റൺവേ വികസനവുമായി ബന്ധപ്പെട്ട് ഉന്നതതല സമിതി നിർദ്ദേശിച്ച 18.5 ഏക്കർ ഭൂമി എത്രയും വേഗത്തിൽ ഏറ്റെടുത്ത് നൽകാൻ സർക്കാർ തലത്തിൽ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. സാങ്കേതിക സമിതിയുടെ റിപ്പോർട്ട് പ്രകാരം വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങാൻ റൺവേക്ക് ഇരു വശങ്ങളിലുമായി 18.5 ഏക്കർ സ്ഥലം ഏറ്റെടുത്ത് നൽകി റൺവേ വികസിപ്പിക്കേണ്ടതുണ്ട്.
ഇതിനായി ഒരു വശത്ത് 11 ഏക്കറും മറുവശത്ത് 7.5 ഏക്കറും സ്ഥലം ഏറ്റെടുക്കണം. കരിപ്പൂർ വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി നിലനിർത്താൻ സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. വിമാനത്താവള റൺവേ വികസനം വേഗത്തിലാക്കിയാൽ മാത്രമേ കരിപ്പൂരിലെ ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് നിലനിർത്താൻ സാധിക്കുകയുള്ളു.
റൺവേ വികസനവുമായി ബന്ധപ്പെട്ട് മുമ്പ് വിളിച്ച് ചേർത്ത സർവക്ഷി യോഗത്തിൽ എംപി മാരും എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് പൂർണ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കരിപ്പൂർ വിമാനത്താവളം ആഭ്യന്തര വിമാനത്താവളം മാത്രമായി മാറുന്നത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലബാറിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വിമാനത്താവള വികസനത്തിന് ഉയർന്ന പരിഗണന നൽകുന്നത്.
റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് യോഗം ചേർന്നത്. കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നത് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു. ഇതേ തുടർന്ന് കേന്ദ്ര സർക്കാർ വിഷയം ഗൗരവത്തോടെ പരിഗണിച്ചു. കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നതിന് വ്യോമയാന മന്ത്രാലയം രണ്ടംഗ ഉന്നതതല സമിതിയെ നിയോഗിച്ചിരുന്നു.
വ്യോമയാന മന്ത്രാലയം സെക്രട്ടറിയും മുൻ എയർ ചീഫ് മാർഷൽ ഫാലി ഹോമിയും അംഗങ്ങളായ സമിതി വിമാനത്താവള വികസനത്തിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ഈ വിവരം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. റൺവേ വികസനത്തിന് കരിപ്പൂരിൽ 18.5 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കണമെന്ന് സമിതി നിർദ്ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ എന്നിവർക്ക് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയതായും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്.
എയർപോർട്ടിന്റെ സമ്പൂർണ വികസനത്തിന് ആവശ്യമായ മുഴുവൻ ഭൂമിയും ഏറ്റെടുക്കണമെന്ന് ജനപ്രതിനിധികളുടെ യോഗത്തിൽ ആവശ്യം ഉയരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിലാക്കാൻ യോഗം വിളിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിക്കുകയായിരുന്നു. യോഗത്തിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ വികസന കമ്മീഷണർ എസ്. പ്രേം കൃഷ്ണൻ, സബ്കലക്ടർ ശ്രീധന്യ സുരേഷ്, എയർപോർട്ട് ഡയറക്ടർ ആർ. മഹാലിംഗം, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.