മലപ്പുറം: ഏകവരുമാന മാർഗംകൂടിയായ തട്ടുകടയിൽനിന്നും ലഭിച്ച ലാഭംകൊണ്ട് റമദാൻ പുണ്യമാസത്തിൽ 1500 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റൊരുക്കി കല്ലിങ്ങൾ ജാസിർ. ചന്തക്കുന്നിൽ കല്യാണപ്പുര തട്ടുകട നടത്തുന്ന ജാസിറിന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് ജീവകാരുണ്യപ്രവർത്തനങ്ങളും.

അശരണർക്കും ആലംബമില്ലാത്തവർക്കം തട്ടുകടയിൽ ഭക്ഷണം ഫ്രീയാണ്. കയ്യിൽ പണമില്ലാത്തതിന്റെ പേരിൽ ആർക്കും ഭക്ഷണം നിഷേധിക്കുകയുമില്ല. വൃക്കരോഗം ബാധിച്ച് ഡയാലിസിസിന് വിധേയരാകുന്നവർ, കാൻസർ രോഗികൾ എന്നിവർക്ക് ചികിത്സാസഹായം നൽകിയും ജാസിർ ഒപ്പമുണ്ട്. പെൺകുട്ടികളുടെ വിവാഹം, ഭവന നിർമ്മാണം എന്നിവക്കും ജാസിറിന്റെ സഹായഹസ്തമെത്തും.

കഴിഞ്ഞ ദിവസം നിർധന കുടുംബത്തിന് വീട്് നിർമ്മിക്കാൻ 1500 ചെങ്കല്ല് വാങ്ങി നൽകി. ചെറിയതോതിൽ കാറ്ററിങ് സർവീസും ബിരിയാണി സെന്ററും നടത്തുന്ന ജാസിർ തന്റെ വരുമാനത്തിലെ ഒരു പങ്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കിവെക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. പിതാവിന്റെ ഓർമ്മക്കായി സ്ഥാപിച്ച കല്ലിങ്ങൽ സെയ്ദാലി ഫൗണ്ടേഷന്റെ പേരിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ. റമസാൻ മാസത്തിൽ 1500 കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

പരസ്പരം സ്‌നേഹിക്കാനും പങ്കുവെക്കുമാനുള്ള നന്മയുടെ പാഠമാണ് ജാസിർ പകർന്നു നൽകുന്നതെന്ന് ഷൗക്കത്ത് പറഞ്ഞു. അലി ഫൈസി മൗലവി, മുജീബ് ദേവശേരി, നാണിക്കുട്ടി കൂമഞ്ചേരി, മഠത്തിൽ കബീർ, ബാബു എരഞ്ഞിക്കൽ, സക്കീർ പെരിങ്ങാതൊടി, റിയാസ് ചന്തക്കുന്ന് പ്രസംഗിച്ചു.