മെയ് 1 മുതൽ കൊറോണ വൈറസ് ബാധിച്ച ആളുകൾക്ക് ജർമ്മനി നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാച്ച് പറഞ്ഞു. ഐസോലേഷൻ ശുപാർശ ചെയ്യുമെങ്കിലും ഇത് അടുത്ത മാസം മുതൽ സ്വമേധയ തീരുമാനമെടുക്കാവുന്ന തരത്തിലേക്ക് ആക്കി മാറ്റാനാണ് തീരുമാനം.

എന്നാൽ ആരോഗ്യസ്ഥാപനങ്ങളിലെ ജീവനക്കാർ മാത്രം ഇതിൽ നിന്ന് ഒഴിവാക്കുമെന്നും. അവർ വൈറസ് പിടിപെട്ടാൽ അഞ്ച് ദിവസത്തേക്ക് ഐസൊലേഷനിൽ തുടരണമെന്നും അദ്ദേഹം അറിയിച്ചു.ജർമ്മനിയിൽ അണുബാധയുടെ എണ്ണം കൂടുതലാണെങ്കിലും മിക്ക കേസുകളും ഗുരുതരമല്ലെന്നും ആശുപത്രി കേസുകളുടെ എണ്ണം കൂടിയിട്ടില്ലെന്നതും പ്രതീക്ഷയേകുന്നുണ്ട്.

രാജ്യത്തെ വൈറസ് നിയന്ത്രണങ്ങളിലും ഇതോടെ ഇളവ് വരുത്തിയിട്ടുണ്ട്. കടകളിലോ സ്‌കൂളുകളിലോ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ഒഴിവാക്കിയിട്ടുണ്ട്. മിക്ക ജർമ്മൻ സംസ്ഥാനങ്ങളും ഈ ആഴ്ച നിരവധി കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തിരുന്നു.

18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നിർബന്ധിത ജാബ് ഏർപ്പെടുത്താനുള്ള നിർദ്ദേശം പാർലമെന്റിൽ ഭൂരിപക്ഷം നേടാൻ സാധ്യതയില്ലാത്തതിനാൽ, പദ്ധതിയിൽ പ്രവർത്തിക്കുന്ന സർക്കാർ കമ്മിറ്റി 50 വയസ്സിനു മുകളിലുള്ളവർക്കുള്ള നിർബന്ധിത പ്രതിരോധ കുത്തിവയ്‌പ്പുകൾ ആക്കി മാറ്റുമെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.

നിലവിൽ, ആളുകൾക്ക് പോസിറ്റീവ് ആയാൽ, അവർക്ക് 10 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യേണ്ടിവരും, ഏഴാം ദിവസം നെഗറ്റീവ് പരിശോധനാ ഫലത്തിന് ശേഷം ക്വാറന്റെയ്ൻ ഒഴിവാക്കാനും സാധിക്കും.