- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓറഞ്ച്ബർഗ് സെന്റ് ജോൺസ് ചർച്ചിൽ കാതോലിക്കാദിന ചടങ്ങുകൾക്ക് സക്കറിയാ മോർ നിക്കളോവുസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകി
ന്യു യോർക്ക്: റോക്ക് ലാൻഡിലെ ഓറഞ്ച്ബർഗിലുള്ള സെന്റ് ജോൺസ് ഓർത്തഡോക്‌സ് ചർച്ചിൽ കാതോലിക്കാ ദിനാഘോഷത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ സക്കറിയാ മോർ നിക്കളോവുസ് തിരുമേനി പങ്കെടുക്കുകയും വി. കുർബാന അർപ്പിക്കയും ചെയ്തു. വികാരി ഫാ. എബി പൗലോസ് സഹകാർമ്മികനായിരുന്നു.
അന്തരിച്ച വികാരി ഫാ. തോമസ് കാടുവെട്ടൂരിന്റെ എട്ടാം ചരമ വാർഷികവും ആചരിച്ചു.കാതോലിക്കാ ദിനത്തോടനുബന്ധിച്ചു കോടിയേറ്റിനു ശേഷം സഭാ കൗൺസിലർ അജിത്ത് വട്ടശേരി സത്യവാചകം ചൊല്ലിക്കൊടുക്കുകയും വിശ്വാസികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു.
കാതോലിക്കാ ദിനത്തിന്റെ പ്രാധാന്യം തിരുമേനി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കുരുടന്റെ ഞായർ എന്നറിയപ്പെടുന്ന ഞായറാഴ്ചയാണ് ഇത്. സാധാരണയായി നോമ്പുകാലത്ത് ആഘോഷങ്ങൾ അനുവദിക്കാറില്ല. പക്ഷെ ഇത് വ്യത്യസ്തമാണ്. മണ്ണ് കുഴച്ച് കുരുടന്റെ കണ്ണിൽ പുരട്ടുകയും പ്രത്യേക സ്ഥലത്തു പോയി അത് കഴികിക്കളയാനും യേശു പറഞ്ഞു. അതനുസരിച്ചു കുരുടന് കാഴ്ച തിരിച്ചു കിട്ടി. പക്ഷെ അത് ചെയ്തത് ആരെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എന്നാൽ കാഴ്ച തന്ന യേശുവിനു മുമ്പിലാണ് താൻ എന്നറിഞ്ഞപ്പോൾ അയാൾ കർത്താവേ ഞാൻ വിശ്വസിക്കുന്നു എന്ന് ഉറപ്പിച്ച് പറഞ്ഞു. പിന്നീട് മൈ ലോർഡ്, മൈ ഗോഡ് എന്ന തോമാ ശ്ലീഹാ യും പറയുന്നു. യേശുവിനെ തിരിച്ചറിയുകയും വിശ്വസിക്കയും ചെയ്തതാണ് ഇതിലൊക്കെ നാം കാണുന്നത്.
വിശ്വാസം ഉറപ്പിച്ചു പറഞ്ഞ കുരുടന്റെ ദിനത്തിൽ തന്നെ കാതോലിക്കാ ദിനം ആചരിക്കാൻ സഭാപിതാക്കൾ തീരുമാനിച്ചത് വളരെ ചിന്താപൂർവമായിരിക്കും. കർത്താവിനെ തിരിച്ചറിയുന്ന വിശ്വാസം മറന്ന് ബാഹ്യപ്രകടനത്തിൽ മാത്രം ശ്രദ്ധിക്കുന്നതിൽ കാര്യമില്ല. ഞാൻ വിശ്വസിക്കുന്നു എന്ന പ്രഖ്യാപനം ആണ് സഭാംഗങ്ങളിൽ നിന്ന് ഉണ്ടാകേണ്ടത്.
സഭയുടെ വളർച്ചക്കും നടത്തിപ്പിനും എല്ലാ വിശ്വസികളും ഒരു വർഷത്തിൽ ഒരു ദിവസത്തെ വരുമാനം കാതോലിക്കാ ദിന പിരിവായി നൽകണമെന്നും തിരുമേനി പറഞ്ഞു.
കാതോലിക്കാ പതാകയുമേന്തി പ്രദക്ഷിണവും നടന്നു. മധുരപലഹാരവും ഉച്ചഭക്ഷണവും കഴിഞ്ഞതോടെ ചടങ്ങുകൾക്ക് സമാപ്തിയായി.
സഭാ കൗൺസിലർ സജി പോത്തൻ (സെന്റ് മേരീസ് ചർച്ച്, സഫെൺ), ട്രസ്റ്റി പ്രസാദ് ഈശോ, സെക്രട്ടറി ജെനുവിൻ ഷാജി, ജോ. ട്രഷറർ വിനോദ് പാപ്പച്ചൻ, ജോ. സെക്രട്ടറി സക്കറിയാ വർക്കി തുടങ്ങിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി