- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്രതീക്ഷിതമായി അമ്മയുടെ മരണം; ഒന്നാംക്ലാസിൽ പഠനം അവസാനിപ്പിച്ച് കുഞ്ഞു സുസ്മിതയും വിഷ്ണുവും; പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും അക്ഷര മുറ്റത്തുനിന്നും കാട്ടിലേക്ക് മടങ്ങി ചോലനായ്ക്ക വിഭാഗത്തിലെ കുരുന്നുകൾ
മലപ്പുറം: അമ്മയുടെ അപ്രതീക്ഷിത മരണത്തെ തുടർന്ന് ഒന്നാംക്ലാസുപോലും പൂർത്തീകരിക്കാതെ പഠനം മുടങ്ങി ചോലനായ്ക്ക വിഭാഗത്തിലെ കുരുന്നുകൾ. ഏഴുവയസ്സുപ്രായമുള്ളപ്പോൾ കരുളായി ഉൾവനത്തിൽ അച്ചനളയിലെ കുപ്പമല മാഞ്ചീരി കോളനിയിൽനിന്നും വീട്ടിക്കുത്ത് ജി.എൽ.പി.സ്‌കൂളിൽ പഠിക്കാൻ ചേർന്ന സുസ്മിതയ്ക്കും സഹോദരൻ വിഷ്ണുവിനുമാണ് അമ്മയുടെ മരണത്തോടെ പഠനം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നത്.
പഠിക്കാൻ അതിയായ ആഗ്രമുണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യമാണ് ഈ കുരുന്നുകളെ അക്ഷര ലോകത്തുനിന്നും അകറ്റിയത്. കാളൻ-മാതി(ശാരദ) ദമ്പതികളുടെ മകളായ സുസ്മിതയെ മഹിളാസമഖ്യ പ്രവർത്തകരാണ് സ്‌കൂളിൽ ചേർക്കാൻ ഇടപെടലുകൾ നടത്തിയത്. 2016ൽ മാതാവ് ചാത്തിയെ കരുളായിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മഹിളാസമഖ്യ പ്രവർത്തകർ ഇവരുടെ ജീവിത സാഹചര്യം മനസ്സിലാക്കിയത്.
സുസ്മിതക്ക് മലയാളം അറിയില്ലായിരുന്നു. ആംഗ്യഭാഷയിലായിരുന്നു സംസാരം. പിന്നീട് നിലമ്പൂരിലെ മഹിളാ ശിക്ഷൺ കേന്ദ്രത്തിലെത്തിച്ചതോടെ സുസ്മിതയിൽ അത്ഭുതകരമായ മാറ്റങ്ങളും സംഭവിച്ചു. പതുക്കെ മലയാളവും പഠിച്ചു.
തുടർന്ന് രക്ഷിതാക്കളോട് സംസാരിച്ചതിനെ തുടർന്നാണ് സുസ്മിതയുടെകൂടി സമ്മതത്തോടെ നാട്ടിൽ പഠനത്തിന് കൊണ്ടുവന്നത്. പതുക്കെ സുസ്മിത എല്ലാവരവരുമായി സൗഹൃദം സ്ഥാപിക്കാനും തുടങ്ങി. ഇതിനിടെ നേരത്തെ പഠിക്കാൻ താൽപര്യമില്ലാതിരുന്ന സഹോദരൻ വിഷ്ണുവിനേയും വീട്ടുകാർ അവരുടെ ഇഷ്ടപ്രകാരം തന്നെ സ്‌കൂളിലെത്തിച്ചു.
എന്നാൽ അപ്രതീക്ഷിതമായുണ്ടായ സംഭവ വികാസങ്ങൾ ഈരണ്ടു കുരുന്നുകളുടേയും പഠനവും ജീവിതവും അവതാളത്തിലാക്കി. ഇവരെ സ്‌കൂളിലേക്കു മാറ്റി മാസങ്ങൾക്കുള്ളിൽ മാനസിക ദൗർബല്യമുണ്ടായതിനെ തുടർന്നു ഇവരുടെ മാതാവ് മരണപ്പെട്ടു. ഇതോടെയാണ് ഇരുവരേയും ബന്ധുക്കൾ സ്‌കൂളിൽനിന്നും വിളിച്ചുകൊണ്ടുപോയി പോത്തുകല്ലിലെ അപ്പൻകാപ്പ് കോളനിയിലേക്ക് താമസം മാറ്റുകയായിരുന്നു.
അമ്മ മാതിയുടെ മരണത്തെ തുടർന്ന് ഈ കുഞ്ഞുങ്ങൾ ഒറ്റപ്പെട്ടതോടെയാണ് സ്‌കൂൾ പഠനം ഉപേക്ഷിക്കാൻ നിർബന്ധിതരായത്. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച മാതിയുടെ മൃതദേഹം നാട്ടുകാർ ഒൻപത് കിലോമീറ്റർ ചുമന്നാണ് ഊരിലെത്തിച്ചത്. ഈസമയത്ത് സുസ്മിതയും, സഹോദരൻ വിഷ്ണുവും സ്‌കൂളിൽ പഠിക്കുകയായിരുന്നു.
പട്ടിണി മൂലം അവശനിലയിലായ മാതിയെ പനി മൂർഛിച്ചതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചിരുന്നത്. അവിടെവച്ചായിരുന്നു മരണം.
മാതിയെ ഭർത്താവ് മൂന്നുവർഷം മുൻപ് ഉപേക്ഷിച്ചിരുന്നു. മരണത്തിന്റെ മൂന്നാഴ്ച മുൻപു മാതിയെ കോളനിയിൽനിന്നു കാണാതായി. തുടർന്ന് ഉൾക്കാട്ടിൽ, പട്ടിണി കിടന്ന് അവശനിലയിലാണ് മാതിയെ പിന്നീടു കണ്ടെത്തിയത്. ഇവരുടെ പിതാവ് മാതൻചെക്കൻ, മൂപ്പൻ കൊല്ലൻ എന്നിവരുടെ നേതൃത്വത്തിൽ മാതിയെ കുട്ടയിൽ ഇരുത്തിയാണ് ചുമന്നു കോളനിയിലെത്തിച്ചത്. ശേഷം ഐടിഡിപി പ്രമോട്ടർ ഏർപ്പാടാക്കിയ ജീപ്പിൽ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിറ്റേന്നു രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു വിട്ടു. രാത്രി 8.30നു മരിച്ചു.
തുടർന്ന് മൃതദേഹവുമായി സംഘം അച്ചനളയിലെത്തിയപ്പോൾ ഇരുട്ടുമൂടിയിരുന്നു. തുടർന്ന് അവിടെ നിന്ന് ഒമ്പത് കിലോമീറ്റർ മൃതദേഹം ചുമക്കുകയായിരുന്നു. തലേദിവസം രാത്രി 8.30ന് മരിച്ചിട്ടും മൃതദേഹം വിട്ടുകിട്ടാൻ വൈകിയതടക്കം ഇവരുടെ കുടുംബത്തെ മാനസ്സികമായി വല്ലാതെ ഉലച്ചിരുന്നു. സാഹചര്യം അധികൃതരെ നേരരത്തെ അറിയിച്ചിട്ടും നടപടികളിൽ വേഗത ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. തങ്ങളുടെ അമ്മയുടെ മരണത്തോടെ കുഞ്ഞുങ്ങളെ വലിയ രീതിയിൽ ദുരിതം ബാധിച്ചു. പിന്നീട് ഇവർക്ക് ഊരുവിട്ടു മാറേണ്ടി വന്നു. ഇതോടെ പഠനവും ഉപേക്ഷിക്കേണ്ടി വന്നു.
ഏറ്റവും പിന്നാക്കം നിൽക്കുന്നവർ
സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുള്ളവരാണ് ആദിവാസികൾ. ഇക്കൂട്ടരിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവരും നാമാവശേഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന വിഭാഗമാണ് ചോലനായ്ക്കർ. ഏഷ്യ ഉപഭൂഖണ്ഡത്തിലെ ഏക ഗുഹാവാസികളും പ്രാക്തനാ ആദിവാസി വിഭാഗവുമായ ചോലനായ്ക്കരാണ് കേരളത്തിൽ ആകെയുള്ള 37ആദിവാസി വിഭാഗങ്ങളിൽ സാമൂഹ്യപരമായും വിദ്യാഭ്യാസ പരമായും പിറകിലുള്ളത്. നിലമ്പൂർ വനമേഖലയോടും ചേർന്നും ഉൾവനത്തിലും അദിവസിക്കുന്ന ഇക്കൂട്ടരിൽ 60.83ശതമാനം പേരും നിരക്ഷരരാണെന്ന് സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. ആകെയുള്ള ജനസഖ്യയിൽ പകുതിയിലധികംപേരും നിരക്ഷരരായ മറ്റൊരു ആദിവാസി വിഭാഗം കേരളത്തിലില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്