ന്യൂഡൽഹി: തന്റെ ഉച്ചത്തിലുള്ള ശബ്ദത്തെക്കുറിച്ചു ലോക്‌സഭ അംഗങ്ങൾക്കിടയിൽ ചിരിപടർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശം. ദേഷ്യം കാരണമല്ല തന്റെ ശബ്ദം എപ്പോഴും ഉയരുന്നതെന്നു വ്യക്തമാക്കിയ അമിത് ഷാ, ഇത് 'മാനുഫാക്ചറിങ് ഡിഫക്ട്' ആണെന്നു പറഞ്ഞതാണ് സഭാംഗങ്ങൾക്കിടയിൽ ചിരിപടർത്തിയത്. ലോക്‌സഭയിൽ ക്രിമിനൽ നടപടി 2022 ബിൽ അവതരിപ്പിക്കുമ്പോഴാണ് അമിത് ഷാ സ്വന്തം ശബ്ദത്തെ 'ട്രോളി'യത്.

''പൊതുവെ ഞാൻ ആരോടും ദേഷ്യപ്പെടാറില്ല. എനിക്കു പൊതുവെ കുറച്ചു ശബ്ദം കൂടുതലാണ്. അത് 'മാനുഫാക്ചറിങ് ഡിഫക്റ്റാ'ണ്. അല്ലാതെ എനിക്കു ദേഷ്യം വരാറില്ല. ഞാൻ പൊതുവെ ഉച്ചത്തിൽ സംസാരിക്കുന്നയാളാണ്. അത് ചിലപ്പോൾ ആളുകൾക്ക് ദേഷ്യമായി തോന്നിയേക്കാം. കശ്മീരിനെക്കുറിച്ചു ചോദ്യം ഉയരുമ്പോഴല്ലാതെ എനിക്കു ദേഷ്യം വരാറേയില്ല.' അമിത് ഷാ പറഞ്ഞു.

 

ലോക്‌സഭ അംഗങ്ങൾബില്ലുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ അമിത് ഷാ ദേഷ്യത്തോടെയാണു പ്രതികരിക്കുന്നതെന്ന് ഒരു തൃണമൂൽ കോൺഗ്രസ് അംഗം ചൂണ്ടിക്കാട്ടിയപ്പോഴാണ് അമിത് ഷാ രസകരമായി പ്രതികരിച്ചത്. കശ്മീരിനെക്കുറിച്ചുള്ള ചോദ്യങ്ങൾ സഭയിൽ ഉന്നയിക്കപ്പെടുമ്പോൾ മാത്രമാണു തനിക്ക് ദേഷ്യം വരാറുള്ളതെന്നും അമിത് ഷാ വെളിപ്പെടുത്തി. അതല്ലാതെ ആരോടും ദേഷ്യപ്പെടാറില്ലെന്നും അമിത് ഷാ പറഞ്ഞു.

ക്രിമിനൽനടപടി(തിരിച്ചറിയൽ) ബിൽ അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത് ശകാരിക്കുന്നതുപോലെയാണെന്നു പറഞ്ഞ തൃണമൂൽ കോൺഗ്രസ് എംപിക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

2019ൽ ജമ്മുകശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ബിൽ പാർലമെന്റ് പാസാക്കുന്നതിനിടെ അമിത് ഷായും കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടായിരുന്നു. ''ഞങ്ങൾ എന്താണ് ചെയ്യുന്നതെന്നാണ് നിങ്ങൾ കരുതുന്നത്. രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ ഞങ്ങൾ തയ്യാറാണ്'' എന്നായിരുന്നു അന്ന് ക്ഷോഭിച്ചുകൊണ്ടുള്ള അമിത് ഷായുടെ മറുപടി.