തൊടുപുഴ: നഗരത്തെ ഭീതിയിലാഴ്‌ത്തി വ്യാപാരസ്ഥാപന നടത്തിപ്പുകാർ തമ്മിൽ നടുറോഡിൽ പോർവിളിയും അടിപിടിയും. രണ്ട് സംഭവങ്ങളിലായി 4 പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്കും 4 മണിക്കുമായി രണ്ട് തവണ തങ്ങൾക്കുനേരെ ആക്രമണം ഉണ്ടായതായിട്ടാണ് കിസ്റ്റൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ നിബിൻ പൊലീസിനോട് പറഞ്ഞത്.

ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2 മണിയോടെ തൊടുപുഴയിലെ തന്നെ മഹാറാണി മെഗാമാർട്ട് നടത്തിപ്പുകാരനായ റിയാസും കൂട്ടാളികളും തങ്ങളുടെ സ്ഥാപനത്തിലെത്തി എം ഡി പരീതിനെയും താനടക്കള്ള ജീവനക്കാരെയും പ്രകോപനമില്ലാതെ മർദ്ദിക്കുകയായിരുന്നെന്നാണ് നിബിൻ പറയുന്നു.

ഇതിന് ശേഷം പ്രശ്നം ഒത്തുതീർപ്പാക്കാൻ പ്രാദേശിക സിപിഎം നേതൃത്വം ശ്രമിച്ചിരുന്നു. ഇരുവിഭാഗക്കാരെയും ചർച്ചയ്ക്കായി ക്ഷണി്ക്കുകയും ചെയ്തിരുന്നു. ഇതിനായി പോകുന്ന വഴി പാർട്ടി ഓഫീസിന് സമീപം വച്ച് തന്നെ വാഹനത്തിൽ നിന്നും വലിച്ചിറക്കി റിയാസും കൂട്ടരും വീണ്ടും ആക്രമിച്ചെന്നും നിബിൻ പറഞ്ഞു.

അക്രമസംഭവങ്ങൾക്ക് പിന്നാലെ റിയാസും ഒപ്പമുണ്ടായിരുന്നവരിൽ ചിലരും ആശുപത്രിയിൽ ചികത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കിസ്റ്റൽ ഹൈപ്പർമാർക്കറ്റ് പ്രവർത്തനം ആരംഭിച്ചതോടെ മഹാറാണിയിൽ കച്ചവടത്തിൽ വൻ ഇടിവ് ഉണ്ടായെന്നും ഇതെത്തുടർന്ന് ഇരുസ്ഥാപന നടത്തിപ്പുകാരും തമ്മിൽ അസ്വാരസ്യം നിലനിന്നിരുന്നെന്നും ഇത് മൂർച്ഛിച്ചതാണ് സംഘടനത്തിന് കാരണമായതെന്നുമാണ് പൊലീസ് അനുമാനം.