വാഷിങ്ടൻ ഡിസി : രണ്ട് ഇന്ത്യൻ അമേരിക്കൻ വംശജരെകൂടി പ്രസിഡന്റ് ജോ ബൈഡൻ സുപ്രധാന സ്ഥാനങ്ങളിലേക്ക് നാമനിർദ്ദേശം ചെയ്തു. ഏപ്രിൽ 2 നാണ് ഇതു സംബന്ധിച്ചു വൈറ്റ് ഹൗസിൽ നിന്നും അറിയിപ്പുണ്ടായത്. ഇന്ത്യൻ സിവിൽ റൈറ്റ്സ് അറ്റോർണി കൽപനാ കോട്ടഗൽ, വിനയ് സിങ് എന്നിവരാണ് നോമിനേറ്റ് ചെയ്യപ്പെട്ടവർ. ബൈഡൻ ഭരണത്തിൽ പല സുപ്രധാന സ്ഥാനങ്ങളിലും നിയമിക്കപ്പെട്ടവർ ഇന്ത്യൻ അമേരിക്കൻ വംശജരാണ്.

ഈക്വൽ എംപ്ലോയ്മെന്റ് ഓപ്പർട്യൂണിറ്റി കമ്മീഷൻ' കമ്മീഷനറായി കൽപനയേയും ഡിപ്പാർട്ട്മെന്റ് ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ ഡവലപ്മെന്റ് ചീഫ് ഫിനാൻഷ്യൽ ഓഫീസറായി വിനയ സിങ്ങുമാണു പുതിയ തസ്തികയിൽ നിയമിതരായത്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇരട്ട ബിരുദവും പെൻസിൽവാനിയ ലൊ സ്‌കൂളിൽ നിന്നും നിയമ ബിരുദവും നേടിയ കല്പന ജഡ്ജി ബെറ്റി ബിൻസിന്റെ ലൊ ക്ലാർക്കായാണ് ഔദ്യോഗീക ജീവിതം ആരംഭിച്ചത്. ഹാർവാർഡ് ലോ സ്‌കൂൾ പബ്ലിക് ഫെല്ലൊയായിരുന്നു. സിൻസിനാറ്റിയിൽ ഭർത്താവും രണ്ടു കുട്ടികളുമായി ജീവിക്കുന്നു.

സർട്ടിഫൈസ് പബ്ലിക് അകൗണ്ടന്റാണ് വിനയ് സിങ്. യുഎസ് സ്മോൾ ബിസിനസ് അഡ്‌മിനിസ്ട്രേഷൻ, അഡ്‌മിനിസ്ട്രേട്ടർ സീനിയർ അഡൈ്വസറായി പ്രവർത്തിക്കുന്നു. ബൈഡൻ അഡ്‌മിനിസ്ട്രേഷനിലും പ്രവർത്തിച്ചിരുന്നു. ഇവരുടെ നിയമനത്തെ ഇന്റൊ അമേരിക്കൻ കമ്മ്യൂണിറ്റി സ്വാഗതം ചെയ്തു.