വാഷിങ്ടൻ: യുക്രെയ്ൻ ജനതക്കുനേരെ റഷ്യൻ സൈന്യം നടത്തിയ മനുഷ്യത്വ രഹിത ആക്രമണത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ യുദ്ധ കുറ്റവാളിയായി വിചാരണ ചെയ്യണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ . തലസ്ഥാനമായ കീവിലെ ഒരു ടൗണായ ബുക്കയിൽ(ആഡഇഒഅ) റഷ്യൻ സൈന്യം കൊന്നൊടുക്കിയ നിരപരാധികളുടെ ചിതറികിടക്കുന്ന ശവശരീരങ്ങൾ കണ്ടതിനുശേഷം യുക്രെയ്ൻ പ്രസിഡന്റ് നടത്തിയ വികാരനിർഭരമായ പ്രസ്താവനെയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബൈഡൻ.

റഷ്യക്കെതിരെയുള്ള ഉപരോധങ്ങൾ ശക്തിപ്പെടുത്തുമെന്നു ബൈഡൻ ആവർത്തിച്ചു. റഷ്യൻ സൈന്യം യുക്രെയ്നിൽ നടത്തിയ അതിഭീകര ആക്രമണത്തിന്റെ തെളിവുകൾ ശേഖരിച്ചുവരികയാണ്. ബുക്കയിൽ മാത്രം നാനൂറിൽ അധികം സിവിലിയന്മാരെയാണു പുടിൻ സൈന്യം കൊന്നൊടുക്കിയത്.

ബുക്ക സിറ്റിയുടെ മേയർ ഈ സംഭവത്തെ അതിനിശിത ഭാഷയിലാണ് വിമർശിച്ചത്. സിറ്റിയിൽ റഷ്യൻ സൈന്യം അതിക്രമിച്ചു കയറിയിട്ടും അവിടെ നിന്നും വിട്ടുപോകാതെ പൗരന്മാരോടൊപ്പം റഷ്യൻ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു താനെന്നും മേയർ പറഞ്ഞു. റഷ്യൻ പ്രസിഡന്റ് ഒരിക്കലും മാപ്പർഹിക്കുന്നില്ലെന്നും മേയർ പറഞ്ഞു. യുഎസ് ഉൾപ്പെടെ 40 രാഷ്ട്രങ്ങൾ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് അന്വേഷിച്ചു വരികയാണെന്നും വൈറ്റ് ഹൗസ് അറിയിച്ചു.