തിരുവനന്തപുരം: തപാൽ വകുപ്പ് ഈ വർഷം വിഷുവിനോട് അനുബന്ധിച്ചു ഒരു പുതിയ സേവനം 'വിഷുക്കൈനീട്ടം -2022' കാഴ്ച വയ്ക്കുന്നു. കോവിഡ് മഹാമാരിയാൽ അകലങ്ങളിൽ ആയിപ്പോയ പ്രിയപ്പെട്ടവരെ ഓർക്കുവാനും അവർക്ക് പുതുവർഷത്തിൽ വിഷുക്കൈനീട്ടം നല്കുവാനായുമായിട്ടാണ് ഈ സംവിധാനം തപാൽ ആഫീസുകളിൽ ഒരുക്കിയിരിക്കുന്നത്.

രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നും കേരളത്തിലെ തപാലാഫീസുകളിലേയ്ക്ക് വിഷുക്കൈനീട്ടം ഓർഡർ ചെയ്യാവുന്നതാണ്. ഏപ്രിൽ 10 വരെ ഈ സേവനം എല്ലാ ഡിപ്പാർട്മെന്റൽ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്. 100/ രൂപ, 200/ രൂപ, 500/ രൂപ, 1000/ രൂപ എന്നീ തുകകൾ അതിന്റെ കമ്മീഷനോടൊപ്പം തപാൽ ആഫീസുകളിൽ ബുക്ക് ചെയ്യാവുന്നതാണ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന വിഷുക്കൈനീട്ടം പ്രത്യേകം രൂപകൽപ്പന ചെയ്ത കവറുകളിൽ മേൽവിലാസക്കാരന് എത്തിച്ചു കൊടുക്കുന്നതാണ്. ഈ സംരംഭം ആദ്യമായിട്ടാണ് കേരള തപാൽ വകുപ്പ് നടപ്പാക്കുന്നത്.