- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾക്ക് ഇന്ത്യൻ എന്ന് പറഞ്ഞ് കൂടെ ? നികുതി വെട്ടിക്കാൻ ഇന്ത്യൻ ഐഡെന്റിറ്റി ഉപയോഗിക്കുന്നെന്ന് ആരോപണം; ബ്രിട്ടീഷ് ചാൻസലറുടെ ഭാര്യ അക്ഷിതയെ വിടാതെ വിവാദങ്ങൾ
ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകിന്റെ ഭാര്യയ്ക്കുള്ളത് നോൺ-ഡോം സ്റ്റാറ്റസ് എന്ന് ഇന്നലെ ചില മാധ്യമങ്ങൾ വെളിപ്പെടുത്തി. അതായത്, ബ്രിട്ടനിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ സ്ഥിരതാമസം പക്ഷെ മറ്റൊരു രാജ്യത്താണെന്ന് വ്യക്തമാക്കുന്നതാണ് ഈ സ്റ്റാറ്റസ്. ഇത്തരത്തിൽ, നോൺ-ഡോം സ്റ്റാറ്റസുള്ളവർക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് പൗണ്ടിന്റെ നികുതി വെട്ടിച്ചിട്ടുണ്ടാകാമെന്നും ചില മാധ്യമങ്ങൾ പറയുന്നു.
അക്ഷത മൂർത്തി എന്ന, ബ്രിട്ടീഷ് ചാൻസലറുടെ ഭാര്യ, ഇന്ത്യയിൽ ജനിച്ച് വളർന്ന ഒരു വ്യക്തിയാണ്. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ പുത്രിയുമാണവർ. ഐ ടി രംഗത്തെ പ്രമുഖരിൽ ഒരാളായ ഇൻഫോസിസിന്റെ സ്ഥാപകൻ നാരായണമൂർത്തി ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ എന്നും ഇന്ത്യാക്കാരനായി ജീവിച്ചിട്ടുള്ള വ്യക്തിയാണ്, അങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഈ കോടീശ്വരൻ വെള്ളമുണ്ടുടുത്ത് ക്ഷേതദർശനം നടത്തുന്നതും മറ്റുമായ ഫോട്ടോകൾ എത്രയോ നാം കണ്ടിരിക്കുന്നു.
ജനിച്ചുവളർന്ന സംസ്‌കാരം കൈവിടാതെ സൂക്ഷിക്കുന്ന ആ അച്ഛന്റെ മകളുംഅതേ പാത പിന്തുടരുന്നതിൽ ആർക്കാണ് തെറ്റ് കാണാൻ കഴിയുക? അവർ ഇന്നും ഇന്ത്യൻ പൗരത്വം കാത്തുസൂക്ഷിക്കുന്നു. ഇന്ത്യയിൽ നിയമമനുസരിച്ച് ഇരട്ട പൗരത്വം അനുവദനീയമല്ല. അതായത് മറ്റു പല രാജ്യങ്ങളിലും ഉള്ളതുപോലെ ഇന്ത്യൻ പൗരത്വമുള്ള ഒരു വ്യക്തിക്ക് മറ്റൊരു രാജ്യത്തെ പൗരനാകാൻ കഴിയില്ല. അങ്ങനെയായാൽ അതോടെ നിങ്ങളുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും.
അതുകൊണ്ടു തന്നെ, നിയമപരമായി അക്ഷത മൂർത്തിക്ക് ലഭിക്കുന്നതാണ് ഈ നോൺ-ഡോം സ്റ്റാറ്റസും അതുമായി ബന്ധപ്പെട്ട നികുതിയിളവുകളും. ഭർത്താവ് ഋഷി സുനാക് ചാൻസലർ ആയതിനു ശേഷവും അക്ഷത ഇതേ നിയമപ്രകാരം തന്നെയാണ് നികുതി അടച്ചിരിക്കുന്നത്. ഇവർ ചെയ്തതിൽ ഒരു തെറ്റുമില്ല എന്നുമാത്രമല്ല പൂർണ്ണമായും നിയമാനുസൃതവുമാണെന്ന് പല നിയമജ്ഞരും പറയുന്നു.
ഒരു വ്യക്തി എത്രനാളായി ബ്രിട്ടനിൽ താമസിക്കുന്നു എന്നതിനെ ആശ്രയിച്ച് നോൺ-ഡോം സ്റ്റാറ്റസിനുള്ള വാർഷിക ചാർജ്ജ് വ്യത്യാസപ്പെടും പ്രതിവർഷം 30,000 പൗണ്ട് മുതൽ 60,000 പൗണ്ട് വരെയാണ് ഇതിനുള്ള ചാർജ്ജ്. അത് ഇവർ കൃത്യമായി നൽകുന്നുമുണ്ട്. കാലിഫോർണിയയിലെ യൂണിവേഴ്സിറ്റിയിൽ വെച്ചുള്ള പരിചയമായിരുന്നു ഇവരുടെ വിവാഹത്തിൽ കലാശിച്ചത്. അതിനുശേഷം ഇപ്പോൾ ഒമ്പത് വർഷമായി ഇവർ ബ്രിട്ടനിലാണ് താമസിക്കുന്നത്. രണ്ട് പെൺമക്കളുമുണ്ട് ഈ ദമ്പതിമാർക്ക്.
2018-ൽ മന്ത്രിയായപ്പോൾ തന്നെ നിയമപ്രകാരം ആവശ്യമില്ലാതിരുന്നിട്ടുകൂടി ഋഷി സുനാക് തന്റെ ഭാര്യയുടെ ടാക്സ് സ്റ്റാറ്റസ് വെളിപ്പെടുത്തിയിരുന്നു. ഇത്രയൊക്കെ വ്യക്തമായി ചെയ്തിട്ടും ഇപ്പോൾ ഈ ആരോപണം ഉയർന്നിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. നേരത്തേ ഇൻഫോസിസ് റഷ്യയിൽ പ്രവർത്തിക്കുന്നത് സംബന്ധിച്ചും അക്ഷതക്കെതിരെ ആരോപണം ഉയർന്നിരുന്നു.
സമീപകാലത്തു നടന്ന അഭിപ്രായ സർവേകളിലൊക്കെ ടോറി കക്ഷിയിൽ നിന്നും ഏറെ ജനപ്രീതി പിടിച്ചുപറ്റിയ നേതാവായത് ഋഷിയായിരുന്നു. മാത്രമല്ല, കോവിഡ് പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതം വലിയൊരു പരിധി വരെ സാധാരണക്കാർക്ക് ഏൽക്കാതിരിക്കാൻ ഋഷിയുടെ സാമ്പത്തിക നയങ്ങൾക്ക് കാഴിഞ്ഞിരുന്നു. ഒരു പക്ഷെ ബോറിസ് ജോൺസന്റെ പിൻഗാമിയായേക്കും ഋഷി എന്നുവരെയുള്ള സംസാരം നടക്കുന്നതിനിടയിൽ ഇത്തരം വിവാദങ്ങൾ ഉയര്ന്നു വരിക സ്വാഭാവികാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ