ഡബ്ലിൻ : ഡബ്ലിൻ എയർപോർട്ട് തിരക്കേറിയ ഈസ്റ്റർ അവധിക്ക് മുന്നോടിയായുള്ള കാലതാമസം പരിഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു, നീണ്ട ക്യൂവും യാത്രക്കാരുടെ ദുരിതങ്ങളും തുടർച്ചയായി വാർത്തകളിൽ നിറഞ്ഞതോടെയാണ് പ്രശ്‌ന പരിഹാരത്തിന് അഞ്ചിന കർമ്മ പരിപാടികളുമായി ഡിഐഎ രംഗത്തുവന്നത്.

ഈസ്റ്റർ ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോൾ യാത്രക്കാരുടെ എണ്ണവും ഒപ്പം തിരക്കും വർദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇതിനാൽ തന്നെ ഈസ്റ്റർ തിരക്ക് മുന്നിൽ കണ്ട് ഇത് കൈകൈര്യം ചെയ്യാനുള്ള പദ്ധതികൾ ആവഷ്‌ക്കരിക്കുകയാണ് എയർപോർട്ട് അധികൃതർ.

തിരക്കേറിയ സമയത്ത് സെക്യൂരിറ്റി സ്‌ക്രീനിങ് വൈകുന്നതാണ് ക്യൂവിന് കാരണമെന്ന് എയർപോർട്ട് വിശദീകരിക്കുന്നു. അതിനാൽ ഈസ്റ്റർ ദിനങ്ങളിൽ യാത്രക്കാർ പുറപ്പെടുന്നതിന് മൂന്നര മണിക്കൂർ മുമ്പ് എത്തണമെന്ന് എയർപോർട്ട് അറിയിച്ചു. കാർ പാർക്ക് ചെയ്യാനുണ്ടെങ്കിൽ വരവ് അര മണിക്കൂർ കൂടി നേരത്തേയാക്കണം.

അധിക സെക്യൂരിറ്റി സ്‌ക്രീനിങ് സ്റ്റാഫിനെ ഗണ്യമായി റിക്രൂട്ട് ചെയ്തിട്ടുണ്ട്. തിരക്ക് കൈകാര്യം ചെയ്യാൻ ടാസ്‌ക് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. ഒരു ടാർഗെറ്റഡ് കമ്മ്യൂണിക്കേഷൻ കാമ്പെയ്നും നടത്തുന്നുണ്ട്. ക്യൂ കുറയ്ക്കുന്നതിന് ടെർമിനൽ ഒന്നിൽ സുരക്ഷ 24/7 സജ്ജമാക്കിയിട്ടുണ്ട്.

എയർപോർട്ടിലെ തിരക്ക് കൈകാര്യം ചെയ്യാൻ പ്രതിരോധ സേനയെ വിളിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ടെങ്കിലും എന്നാൽ വിമാനത്താവളത്തിൽ സൈനികരെ വിന്യസിക്കുന്നതിനോട് താൽപ്പര്യമില്ലെന്ന് പ്രതിരോധ മന്ത്രി സൈമൺ കോവനേ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി ദിവസേന എയർപോർട്ട് അധികൃതരുമായി ദിവസവും കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് ജൂനിയർ ഗതാഗത മന്ത്രി ഹിൽഡെഗാർഡ് നൗടൺ പറഞ്ഞു.

അധികമായി 100 ജീവനക്കാരെ നിയമിക്കാനും തീരുമാനമായി.ഇതിനായുള്ള അഭിമുഖം അടുത്ത ദിവസങ്ങളിൽ തന്നെ നടത്തും. കോർക്ക് എയർപോർട്ടിൽ നിന്നും കുറച്ച് ജീവനക്കാരെ ഡബ്ലിൻ എയർപോർട്ടിലേയ്ക്ക് താത്ക്കാലികമായി മാറ്റാനും പദ്ധതിയുണ്ട്.

ഇത് കൂടാതെ നേരത്തെ സെക്യൂരിറ്റി സ്‌ക്രീനിങ് ജോലികൾ ചെയ്തിരുന്ന എന്നാൽ ഇപ്പോൾ മറ്റ് ജോലികൾ ചെയ്യുന്ന ജിവനക്കാരെ താത്ക്കാലികമായി തിരികെ സെക്യൂരിറ്റി സ്‌ക്രീനിങ് ജോലികളിലേയ്ക്ക് തന്നെ നിയമിക്കാനും പദ്ധതിയുണ്ട്. 250 ഓളം ഉദ്യോഗാർകളെയാണ് ഇന്റർവ്യൂ നടത്തുക. ഇവരിൽ തെരഞ്ഞെടുക്കപ്പെടുവർക്ക് കൃത്യമായ ട്രെയിനിംഗും നൽകും