തൊടുപുഴ : തൊടുപുഴ കെഎസ്ആർടിസി ബസ്സ് സ്റ്റേഷൻ നാളെ വൈകിട്ട് 4 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് പി ജെ ജോസഫ് എംഎൽഎ അറിയിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമ്മാണം ആരംഭിച്ച കെഎസ്ആർടിസി ബസ് സ്റ്റേഷന് ഇത് വരെ 18 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. നിർമ്മാണത്തിന് 14.5 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. പിന്നീട് എംഎൽഎ ഫണ്ടിൽ നിന്ന് 1 കോടി കൂടി അനുവദിച്ചു. ഇപ്പോൾ 2 കോടി കൂടി അനുവദിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ഡിറ്റിഒ ഓഫീസ്, ബസ്സുകൾ പാർക്ക് ചെയ്യുന്നതിനുള്ള വിശാലമായ സ്ഥലം, വർക് ഷോപ്പ്, വാഹനങ്ങൾ കഴുകുന്നതിനുള്ള സൗകര്യം, പൊതുജനങ്ങൾക്ക് നിൽക്കാനുള്ള സൗകര്യം, കടമുറികൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി ബസ് സ്റ്റേഷന്റെ നിർമ്മാണം കെഎസ്ആർടിസിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ഏതാനം വർഷങ്ങളായി നിലച്ചിരുന്നു. പി ജെ ജോസഫ് എംഎൽഎ ഇടപെട്ട് കടമുറികൾ ലേലം ചെയ്ത് 1.75 കോടി രൂപയോളം സമാഹരിച്ചെങ്കിലും, അതും കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവുമായി പ എംഎൽഎ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയത്.

ഇതേ തുടർന്ന് 2 കോടി രൂപ അനുവദിക്കുകയും പഴയ കരാറുകാരന്റെ കുടിശ്ശിക സംബന്ധിച്ചുള്ള കേസുകൾ അവസാനിപ്പിക്കുകയും, നിർമ്മാണം പൂർത്തിയാക്കാൻ ആവശ്യമുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയും അതിന് ആവശ്യമായ പണം അനുവദിക്കുകയും ചെയ്യുകയായിരുന്നു.
ഇതേ തുടർന്ന് പണികൾ വീണ്ടും ടെൻഡർ ചെയ്ത്, അതിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കി. നിർമ്മാണം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ ബസ്സ് സ്റ്റേഷന്റെ ഉൽഘാടനം നിർവഹിക്കുന്നുള്ളു എന്ന ശക്തമായ നിലപാടാണ് പി ജെ ജോസഫ് എംഎൽഎ സ്വീകരിച്ചത്.

മന്ത്രിയുടെയും നിലപാട് അത് തന്നെയായിരുന്നു. ഇതിനിടയിൽ ബസ്സുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് കെട്ടിടത്തിന് ഉയരക്കുറവ് വന്നതിനെ തുടർന്ന് വീണ്ടും അവിടെ ടൈൽ താഴ്‌ത്തി സ്ഥാപിക്കുന്നതിന് സമയം എടുത്തു. ഇപ്പൊൾ മുഴുവൻ ജോലികളും പൂർത്തിയായി. കെഎസ്ആർടിസിയിൽ നിന്ന് ഇപ്പൊൾ 60 ഓളം സർവീസുകളാണ് ഉള്ളത്. മുനിസിപ്പൽ ലോറി സ്റ്റാൻഡിൽ ബസ്സ് സ്റ്റേഷൻ പ്രവർത്തിച്ച് വരികയായിരുന്നു.