ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകിനെതിരെ കരുനീക്കിയവർ പക്ഷെ മറുപക്ഷത്തു നിന്നും ഇത്തരമൊരു നീക്കം തീരെ പ്രതീഷിച്ചിട്ടുണ്ടാവില്ല. ഋഷിയുടെ വളർന്നു വരുന്ന ജനപ്രീതി പ്രധാനമന്ത്രി കസേര സ്വപ്നം കാണുന്ന പലരുടെയുമുറക്കം കെടുത്തുന്നുണ്ട് എന്നതൊരു സത്യമാണ്. എന്നാൽ, കോവിഡ് പ്രതിസന്ധിയെ നേരിട്ട രീതി ഒന്നുകൊണ്ടുമാത്രം ഋഷിയോട് നേരിട്ട് ഏറ്റുമുട്ടാൻ ഇവർ തയ്യാറാകുന്നില്ല. ഇന്നത്തെ ബ്രിട്ടീഷ് മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി ആരെന്നതിന് ഭൂരിപക്ഷം ബ്രിട്ടീഷുകാരും ചൂണ്ടിക്കാട്ടിയതും ഈ ഇന്ത്യൻ വംശജനെയായിരുന്നു.

രണ്ടാമൂഴത്തിനായി കാത്തിരിക്കുന്ന ബോറിസ് ജോൺസന് വരെ ഭീഷണിയായി ഋഷി വളരുന്ന ഘട്ടം വന്നപ്പോഴാണ് ഋഷിയെ ഉന്നം വച്ചുള്ള ആരോപണങ്ങൾ ഇറങ്ങാൻ തുടങ്ങിയത് എന്ന് ഋഷിയുമായി അടുത്ത വൃത്തങ്ങൾ ആരോപിച്ചിരുന്നു. ഋഷി സുനാക് എന്ന ജനപ്രതിനിധിക്കെതിരെയോ, ചാൻസലർക്ക് എതിരേയൊ ഉന്നയിക്കാൻ വിഷയങ്ങളില്ലാത്തതിനാലായിരുന്നു രാഷ്ട്രീയ ശത്രുക്കൾ ഋഷിയുടെ ഭാര്യ അക്ഷതയെ കരുവാക്കിയത്. ഇന്ത്യൻ പൗരത്വം നിലനിർത്തുന്ന അക്ഷത അതുവഴി ലഭിച്ച നോൺ-ഡോം സ്റ്റാറ്റസ് ഉപയോഗിച്ച് ഇന്ത്യയുൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിന് യു കെ ടാക്സ് കൊടുക്കുന്നില്ല എന്നതായിരുന്നു ആരോപണം.

നിയമപരമായി അക്ഷത ചെയ്തതിൽ തെറ്റൊന്നും തന്നെയില്ല. മാത്രമല്ല, നോൺ-ഡോം സ്റ്റാറ്റസിനുള്ള ഫീസും അവർ കൃത്യമായി നൽകുന്നുണ്ട്. നിയമപരമായി തന്റെ ഭാഗത്ത് തെറ്റുകൾ ഒന്നും തന്നെ ഇല്ലെന്നിരിക്കെ തനിക്കെതിരെ വരുന്ന ശരങ്ങൾ ആരെ ഉന്നം വെച്ചുള്ളതാണെന്ന് മനസ്സിലാക്കാൻ ഇൻഫോസിസ് സ്ഥാപകനായ നാരയണമൂർത്തിയുടെ മകൾക്ക് ഏറെ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. അവർ ലക്ഷ്യം വയ്ക്കുന്നത് തന്റെ ഭർത്താവിന്റെ രാഷ്ട്രീയ ഭാവി തകർക്കുക എന്നതാണെന്ന് മനസ്സിലാക്കിയ അക്ഷതയും ഇപ്പോൾ കളത്തിലിറങ്ങിക്കളിക്കാൻ തുടങ്ങി.

നോൺ-ഡോം സ്റ്റാറ്റസ് ഉള്ളതിനാൽ നിയമപരമായി വിദേശ രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് ബ്രിട്ടനിൽ ടാക്സ് അടയ്ക്കേണ്ടതില്ല. ബ്രിട്ടീഷ് നിയമം അനുശാസിക്കുന്നതാണിത്. എന്നിരുന്നാലും, ഇൻഫോസിസിൽ നിന്നുള്ള ലാഭവിഹിതം ഉൾപ്പടെ വിദേശങ്ങളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിനും താൻ ബ്രിട്ടനിൽ നികുതി കെട്ടുമെന്ന് അക്ഷത ഇന്നലെ വ്യക്തമാക്കി. ലക്ഷക്കണക്കിന്, പൗണ്ടാണ് ഇതുവഴി അക്ഷതയ്ക്ക് നഷ്ടപ്പെടുന്നതും ബ്രിട്ടീഷ് ഖജനാവിലേക്കെത്തുന്നതും.

ഇതോടെ ചക്കിനു വെച്ചതുകൊക്കിനു കൊണ്ട അവസ്ഥയിലായി നികുതിപ്രശ്നവും ഉയർത്തിക്കാട്ടി ഋഷിയെ ആക്രമിക്കാനെത്തിയവർ. അതേസമയം., പുതിയൊരു നികുതി വിവാദം ഇപ്പോൾ ഋഷി സുനാകിനെതിരെ ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷംഒക്ടോബർ വരെ ഋഷി സുനാകിന് അമേരിക്കൻ ഗ്രീൻ കാർഡും റെസിഡൻസി പെർമിറ്റും ഉണ്ടായിരുന്നു എന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എം പി ആയി 6 വർഷക്കാലവും മന്ത്രിയായി 4 വർഷക്കാലവും അദ്ദേഹം അമേരിക്കയിൽ ടാക്സ് റിട്ടേൺസ് സമർപ്പിച്ചിരുന്നു.

ഗ്രീൻ കാർഡ് ഉടമ എന്നുപറയുമ്പോൾ അമേരിക്കയിലെ പെർമനന്റ് റസിഡന്റ് എന്നാണ് അതിനർത്ഥം. അതിനുപുറമേയാണ് ബ്രിട്ടീഷ് വെർജിൻ ദ്വീപുകളിലേയും കേയ്മാൻ ദ്വീപുകളിലേയും ടാക്സ് ഹെവൻ ട്രസ്റ്റുകളുടെ ആനുകൂല്യം പറ്റുന്ന വ്യക്തിയാണ് ഋഷി സുനാകെന്ന വെളിപ്പെടുത്തലുമായി ഇന്നലെ ഇൻഡിപെൻഡന്റ് രംഗത്ത് എത്തിയത്.

അക്ഷതാ മൂർത്തിക്കും കുടുംബത്തിനും ഇത്തരത്തിലുള്ള ട്രസ്റ്റുകളുമായി ബന്ധമുണ്ടെന്നും അതിൽ പലതിലും ബെനെഫിഷ്യറിയായി സുനാകിന്റെ പേരുണ്ടെന്നും, രേഖകൾ തങ്ങൾ കണ്ടെന്നുമായിരുന്നു ഇൻഡിപെൻഡന്റ് വെളിപ്പെടുത്തിയത്. എന്നാൽ ഋഷിയും ഭാര്യയും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.