ഡാളസ്: യു.എസ് സുപ്രീം കോടതിയിൽ ചരിത്രത്തിലാദ്യമായി കറുത്ത വർഗക്കാരിയായ വനിതാ ജഡ്ജിയുടെ നിയമനം കറുത്തവർഗക്കാരായ വനിതാ ജഡ്ജിമാർക്ക് പ്രതീക്ഷ നൽകുന്നതാണെന്ന് ഡാളസ് കൗണ്ടിയിലെ ജഡ്ജിമാരായ ഷെക്വറ്റ കെല്ലി റ്റാമി കെംപ്, ഓഡ്ര റൈലി എന്നവർ അഭിപ്രായപ്പെട്ടു. ഏതൊരു ജഡ്ജിയുടേയും ഏറ്റവും ഉയർന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമെന്ന് പറയുന്നത് പരമോന്നത കോടതിയിലെ ജഡ്ജി പദം ലഭിക്കുക എന്നതാണ്. ഡാളസ്സിലെ സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡിജിയായ ഓഡ്ര റൈലി അഭിപ്രായപ്പെട്ടു.

പതിനഞ്ചു വർഷം മുമ്പ് ഡാളസ് കൗണ്ടി ക്രിമിനൽ കോടതിയിൽ വെളുത്തവർഗ്ഗക്കാരായ വനിതാ പുരുഷ ജഡ്ജിമാരുടെ ആധിപത്യമായിരുന്നു. എന്നാൽ ഇന്ന് ഡാളസ് ഫ്രാങ്ക് ക്രോലി കോർട്ട് കെട്ടിടത്തിലെ പകുതിയിലധികം ജഡ്ജിമാർ കറുത്തവർഗ്ഗക്കാരാണെന്നും, അതിൽ കൂടുതലും വനിതകളാണെന്നും ചൂണ്ടികാണിക്കുന്നു. ഇപ്പോൾ ഡാളസിലെ വനിതാ ജഡ്ജിയായ ഷെക്വിറ്റ കെല്ലി തന്റെ അനുഭവം പങ്കിട്ടു.

ഹൈസ്‌ക്കൂളിൽ തുടർച്ചയായി എ. വിദ്യാർത്ഥിയായിരുന്ന കെല്ലിയോട് അന്നത്തെ സ്‌ക്കൂൾ കൗൺസിലർ പറഞ്ഞത്, ഒരിക്കലും നിയമം പഠിക്കുന്നതിന് സ്‌ക്കൂളിൽ പോകാൻ കഴിയില്ലെന്നാണ്. ഒരുപക്ഷേ നിനക്ക് ഒരു ബ്യൂട്ടീഷൻ ആകാൻ കഴിയുമെന്നാണ്. ഇന്ന് സുപ്രീം കോടതി ജഡ്ജിയായി യു.എസ്. സെനറ്റ് അംഗീകരിച്ച കീതാൻജി ബ്രൗൺ ജാക്‌സൻ തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോയത്. ഇതിനെയെല്ലാം തരണം ചെയ്യാൻ കഴിഞ്ഞുവെന്നതാണ് കീതാൻജിയുടെ നിയമനം നൽകുന്ന സന്ദേശമെന്നും കെല്ലി പറഞ്ഞു.

കീതാൻജിക്കെതിരെ ഉയർത്തിയ എല്ലാ ആരോപണങ്ങളും നിഷ്പ്രഭമാക്കുന്നതായിരുന്നു അവർക്ക് ലഭിച്ച അംഗീകാരമെന്ന് സ്റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജായ റ്റാമി ടെംപ് അഭിപ്രായപ്പെട്ടു.