കീവ്: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി യുക്രൈൻ ജനതയ്ക്ക് നൽകിയത് കനത്ത നഷ്ടങ്ങളാണ്. ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ട കുരുന്നുകൾ അടക്കം ജീവിതം പ്രതിസന്ധിയിലായത് നിരവധി പേർ. സ്വയരക്ഷക്ക് വേണ്ടി എന്നന്നേക്കുമായി സ്വന്തം നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നവരും ഏറെയാണ്.

ഇത്തരത്തിൽ സ്വന്തം അമ്മയെ നഷ്ടപ്പെട്ട ഒമ്പത് വയസുള്ള ഒരു യുക്രൈൻ പെൺകുട്ടി അമ്മയുടെ വിയോഗ ശേഷം എഴുതിയ ഒരു കത്താണ് ഏവരെയും നൊമ്പരപ്പെടുത്തുന്നതായി മാറുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ട തന്റെ അമ്മയെ സ്വർഗത്തിൽവച്ച് കണ്ട് മുട്ടാം എന്ന് കത്തിൽ ഒൻപതു വയസ്സുകാരി പറയുന്നു. 'നല്ല കുട്ടിയാവാൻ ഞാൻ എല്ലായ്‌പ്പോഴും ശ്രമിക്കും. അങ്ങനെയായാൽ എനിക്ക് അമ്മയെ സ്വർഗത്തിൽ വച്ച് കാണാല്ലോ'- ഒൻപതുകാരിയുടെ ഈ വരികളാണ് ഹൃദയത്തെ തൊടുന്നത്.

കത്തിലെ ഓരോ വരികളും യുദ്ധത്തിന് പിന്നിൽ നിന്നവരെ പോലും ഒരു നിമിഷം ചിന്തിപ്പിക്കുന്നത് തന്നെയായിരിക്കുമെന്ന് തീർച്ചയാണ്. യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് കുട്ടിയുടെ കത്തിന്റെ പകർപ്പ് അദ്ദേഹത്തിന്റെ ട്വിറ്റർ വഴി പങ്കുവെച്ചത്. മാർച്ച് എട്ടിന് താൻ അമ്മക്ക് നൽകുന്ന സമ്മാനമാണ് ഈ കത്തെന്ന് അവൾ എഴുതി.

യുക്രൈൻ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോ ട്വിറ്ററിൽ പങ്കുവെച്ച ഒൻപതുകാരിയുടെ കത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. കാറിന് നേരെ നടന്ന റഷ്യൻ ആക്രമണത്തിലാണ് പെൺകുട്ടിയുടെ അമ്മ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

മകൾ എഴുതിയ വികാരനിർഭരമായ കത്താണ് സോഷ്യൽമീഡിയയിൽ അടക്കം നിറയുന്നത്. അമ്മയ്ക്കുള്ള സമ്മാനം എന്ന നിലയിലാണ് ഈ കത്ത്. 'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഒൻപതു വർഷങ്ങൾ സമ്മാനിച്ച അമ്മയ്ക്ക് നന്ദി. ലോകത്തെ ഏറ്റവും നല്ല അമ്മയാണ് നിങ്ങൾ. ഒരിക്കലും നിങ്ങളെ ഞാൻ മറക്കില്ല. ആകാശത്ത് നിങ്ങൾ സന്തോഷവതിയായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. സ്വർഗത്തിൽ തന്നെ നിങ്ങൾ എത്തിച്ചേരണം. അവിടെ വച്ച് നമുക്ക് കണ്ടുമുട്ടാം. നല്ല കുട്ടിയാവാൻ ഞാൻ പരമാവധി ശ്രമിക്കും. അങ്ങനെയായാൽ എനിക്കും സ്വർഗത്തിൽ എത്താമല്ലോ'- ഡയറിയിൽ പെൺകുട്ടി കുറിച്ച വാക്കുകളാണിവ.

തന്റെ ചെറിയ പ്രായത്തിൽ തന്നെ അമ്മയെ നഷ്ടമായെങ്കിലും കൂടെ ഉണ്ടായിരുന്ന ഒൻപത് വർഷങ്ങൾ അവളുടെ കൊച്ചു ജീവതത്തെ ഏറ്റവും മികച്ചതാക്കി മാറ്റിയതിന് അവൾ അമ്മക്ക് നന്ദി പറഞ്ഞു.

തന്റെ കുട്ടിക്കാലം ഏറ്റവും മികച്ചതാക്കി മാറ്റിയ അമ്മക്കായി ഈ കൊച്ചു പെൺകുട്ടി എഴുതിയ കത്തിലെ ഓരോ വരികളും ആരുടെയും മനസലിയിപ്പിക്കുന്നതാണ്. യുദ്ധം തുടങ്ങിയ ഫെബ്രുവരി 24 മുതൽ ഇത്തരത്തിൽ കരളലിയിപ്പിക്കുന്ന വാർത്തകളും ചിത്രങ്ങളും തന്നെയാണ് യുക്രെയ്‌നിൽ നിന്നും ഒരോ നിമിഷവും പുറത്ത് വന്നു കൊണ്ടിരുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം കാറിന് നേരെ ഉണ്ടായ റഷ്യൻ സേനയുടെ ആക്രമണത്തിനിടെയാണ് പെൺകുട്ടിയുടെ അമ്മ കൊല്ലപ്പെട്ടത്.