മുംബൈ: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴസ് ബാംഗ്ലൂർ താരം വിരാട് കോലിയുടെ വിവാദ എൽബിഡബ്ലു തീരുമാനത്തിനു പിന്നാലെ ബിസിസിഐയെ ട്രോളി ഐസ്ലൻഡ് ക്രിക്കറ്റ് അസോസിയേഷൻ. സീസണിലെ ആദ്യ അർധ സെഞ്ചുറിയിലേക്കു കുതിച്ച കോലിയെ (36 പന്തിൽ 5 ഫോർ അടക്കം 48) മുംബൈ ഇന്ത്യൻസിന്റെ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.

കോലി ഔട്ടെന്നായിരുന്നു ഫീൽഡ് അംപയറുടെ തീരുമാനം. പന്തു ബാറ്റിൽ തട്ടിയതിനു ശേഷമാണു പാഡിൽ ഇടിച്ചതെന്നു ബോധ്യമുള്ളതാനാൽ ഒട്ടും അമാന്തിക്കാതെ കോലി റിവ്യു എടുത്തെങ്കിലും ഫീൽഡ് അംപയറുടെ തീരുമാനം മറികടന്ന് കോലി ഔട്ടെന്നു വിധിക്കാനുള്ള കൺക്ലൂസിവ് എവിഡൻസിന്റെ അഭാവത്തിൽ കോലി ഔട്ടാണെന്നാണു മൂന്നാം അംപയറും വിധിക്കുകയായിരുന്നു.

കോലിയുടെ ബാറ്റിലാണു പന്ത് ആദ്യം തട്ടുന്നതെന്നാണു ടിവി ദൃശ്യങ്ങളിൽനിന്നു തോന്നുന്നതെങ്കിലും ബാറ്റിലും പാഡിലും പന്ത് ഒരേ സമയത്താണു തട്ടിയതെന്നായിരുന്നു മൂന്നാം അംപയറുടെ നിരീക്ഷണം. അപയറുടെ തീരുമാനത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ചുകൊണ്ടാണു കോലി ക്രീസ് വിട്ടതും. കോലി ഔട്ടല്ലെന്ന് ഒട്ടേറെ ആരാധകരും മുൻ ക്രിക്കറ്റർമാരും സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു,

വിരാട് കോഹ്ലിയുടെ വിവാദ എൽബിഡബ്ല്യു തിരുമാനത്തിന് പിന്നാലെയാണ് ബി.സി.സിഐയെ ട്രോളി ഐസ്ലാൻഡ് ക്രിക്കറ്റ് അസോസിയേഷൻ രംഗത്തെത്തിയത്. കൊള്ളാവുന്ന അമ്പയർമാർ ഞങ്ങളുടെ അടുത്തുണ്ടെന്നും അങ്ങോട്ടുവരാൻ തയ്യാറാണെന്നും ഐസ്ലാൻഡ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. ബിസിസിഐ ട്രോളിക്കൊണ്ടുള്ള ഐസ്ലൻഡ് ക്രിക്കറ്റ് അസോസിയേഷന്റെ ട്വീറ്റും വൈറലായി.

'പന്ത് എഡ്ജ് ചെയ്തോ, ബാറ്റിലാണോ പാഡിലാണോ ആദ്യം കൊണ്ടത് എന്നെല്ലാം ഓൺഫീൽഡ് അമ്പയർക്ക് വ്യക്തമായി മനസിലാവണം എന്നില്ല. എന്നാൽ എല്ലാ ടിവി അമ്പയർമാർക്കും ഇവിടെ ശരിയായ തീരുമാനം എടുക്കാനാവും. സ്ലോ മോഷൻ റീപ്ലേകളും അൾട്രാ എഡ്ജ് പോലുള്ള ടെക്നോളജികളും അവർക്ക് പ്രയോജനപ്പെടുത്താം' എന്നാണ് ഐസ് ലൻഡ് ക്രിക്കറ്റിന്റെ ട്വീറ്റ്. പരിശീലനം ലഭിച്ച ഞങ്ങളുടെ അമ്പയർമാർ അങ്ങോട്ട് വരാൻ തയ്യറാണെന്നും അവർ ട്വീറ്റ് ചെയ്യുന്നു.