- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അന്ന് പ്രതിഷേധിച്ചത് പെട്രോളടിക്കാൻ ലോണെടുക്കണമെന്ന് പറഞ്ഞ്; ഇന്ന് നിശബ്ദർ; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് കോൺഗ്രസ് പ്രതിഷേധം; വിമർശനം
ഭോപ്പാൽ: ഇന്ധനവില വർദ്ധനവിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ ബോളിവുഡ് നടന്മാരായ അമിതാബ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും കോലം കത്തിച്ച് മധ്യപ്രദേശ് കോൺഗ്രസ്.
കോൺഗ്രസ് ഭരണകാലത്ത് ഇന്ധന വില വർധനവിനെതിരെ നിരന്തരം രംഗത്ത് വന്നിരുന്ന രണ്ട് പേരും ബിജെപി ഭരണത്തിന് കീഴിൽ ഇന്ധന വില കുത്തനെ ഉയർന്നിട്ടും നിശബ്ദരായി തുടരുന്നുവെന്ന് ആരോപിച്ചാണ് കോലം കത്തിച്ചത്. അതേ സമയം കോൺഗ്രസിന്റെ നടപടിയിൽ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.
രാജ്യത്ത് പാചക വാതക വിലയിലുൾപ്പടെ വൻ വർധനവ് വന്നിരിക്കെ ഇരു താരങ്ങളും ഇതേ പറ്റി ഇതുവരെ സംസാരിച്ചിട്ടില്ല.'2012 ൽ ഈ നടന്മാർ ഇന്ധന വില വർധനവിനെതിരെയും വിലക്കയറ്റത്തിനുമെതിരെ ട്വീറ്റ് ചെയ്യുമായിരുന്നു. വാഹനം വാങ്ങാൻ പറ്റും പക്ഷെ പെട്രോളും ഡീസലും വാങ്ങാൻ ലോൺ വേണ്ടി വരും എന്നായിരുന്നു പറഞ്ഞത്.
അന്ന് എൽപിജി സിലിണ്ടറുകളുടെ വില 300-400 രൂപയായിരുന്നു. പെട്രോൾ, ഡീസൽ വില 60 രൂപയോളവും. ഇപ്പോൾ എൽപിജി സിലിണ്ടറുകൾക്ക് 1000 രൂപയിലെത്തിയിരിക്കെയും പെട്രോൾ-ഡീസൽ വിലയ്ക്ക് 100-120 രൂപയിലെത്തിയിരിക്കെ ഈ നടന്മാർ നിശബ്ദരാണ്. ഇവർക്ക് സാധാരണക്കാരന്റെ കാര്യത്തിൽ ഒരു ആശങ്കയുമില്ല,' കോലം കത്തിക്കലിന് നേതൃത്വം നൽകിയ കോൺഗ്രസ് എംഎൽഎ പിസി ശർമ പറഞ്ഞു.
കോൺഗ്രസ് പ്രതിഷേധത്തിനെതിരെ ബിജെപി രംഗത്തെത്തി. മുൻപ് ബച്ചൻ കോൺഗ്രസിന്റെ ലോക്‌സഭാ എംപിയായിരുന്നപ്പോൾ പാർട്ടി കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തെ പുകഴ്‌ത്തുകയായിരുന്നെന്നും സോണിയ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ ബച്ചൻ തയ്യാറാവാതിരുന്നതോടെ കോൺഗ്രസ് അദ്ദേഹത്തെ വെറുത്തെന്നും മധ്യപ്രദേശ് ബിജെപി മന്ത്രി മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ലോകം മുഴുവൻ ആദരിക്കുന്ന താരമാണ് അമിതാബ് ബച്ചനെന്നും അദ്ദേഹത്തിന്റെ കോലം കത്തിച്ചത് കോൺഗ്രസിന്റെ നിരാശയാണ് കാണിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.




