മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടനോട് 1-0ന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ ഗ്രൗണ്ട് വിടുന്നതിനിടെ ആരാധകന്റെ ഫോൺ തട്ടിത്തെറിപ്പിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മത്സരം കഴിഞ്ഞ് ടണലിലേക്ക് നീങ്ങുന്നതിനിടെയാണ് റൊണാൾഡോ എവർട്ടൻ ആരാധകന്റെ ഫോൺ തട്ടിത്തെറിപ്പിച്ചത്.

ഇതിനു പിന്നാലെ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലാണ് റൊണാൾഡോ, സംഭവത്തിൽ ക്ഷമാപണം നടത്തിയത്.

 
 
 
View this post on Instagram

A post shared by Cristiano Ronaldo (@cristiano)

'ഇപ്പോൾ ഞങ്ങൾ നേരിടുന്നതു പോലെയുള്ള പ്രയാസമേറിയ ഒരു ഘട്ടത്തെ കൈകാര്യം ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ എന്തുതന്നെയായാലും നമ്മളെപ്പോഴും ബഹുമാനമുള്ളവരായി ശാന്തരായി നിന്ന് കളിയെ സ്‌നേഹിക്കുന്ന പുതിയ തലമുറയ്ക്ക് മാതൃകയാവണം', റോണോ ട്വിറ്ററിൽ കുറിച്ചു.

തോൽവിയുടെ നിരാശയിൽ ആ സമയത്ത് ദേഷ്യം നിയന്ത്രിക്കാനായില്ലെന്നും എങ്കിലും എല്ലാവർക്കും മാതൃകയാവേണ്ട താൻ ഇത്തരത്തിൽ പൊരുമാറരുതായിരുന്നുവെന്നും റൊണാൾഡോ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. പൊട്ടിത്തെറിക്കേണ്ടി വന്നതിൽ ആരാധകനോട് മാപ്പു പറയുന്നുവെന്നും സ്പോർട്സ്മാൻഷിപ്പിന്റെയും മാന്യമായ കളിയുടെയും പ്രതീകമായി ആ ആരാധകനെ ഓൾഡ് ട്രാഫോർഡിൽ മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം കാണാൻ ക്ഷണിക്കുന്നുവെന്നും റൊണാൾഡോ വ്യക്തമാക്കി.

ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന എവർട്ടനോട് തോറ്റ് പോയന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണതോടെ മാഞ്ചസ്റ്ററിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകളും അസ്ഥാനത്തായി. നാലാം സ്ഥാനത്തുള്ള ടോട്ടനത്തെക്കാൾ ആറ് പോയന്റ് പുറകിലാണ് മാഞ്ചസ്റ്റർ ഇപ്പോൾ. പ്രീമിയർ ലീഗിലെ ആദ്യ നാലു സ്ഥാനക്കാർക്കാണ് ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടാനാവുക.

എവർട്ടണോടേറ്റ തോൽവി നാണക്കേടാണെന്നും ഈ മത്സരം ജയിക്കേണ്ടതായിരുന്നുവെന്നും യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ മത്സരശേഷം പറഞ്ഞു.