- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുത്തബ് മിനാർ യഥാർഥത്തിൽ 'വിഷ്ണു സ്തംഭം'; പരാമർശവുമായി വിശ്വഹിന്ദു പരിഷത്ത് വക്താവ് വിനോദ് ബൻസാൽ
ന്യൂഡൽഹി: ഡൽഹിയിലെ പ്രസിദ്ധ ചരിത്ര സ്മാരകമായ കുത്തബ് മിനാർ യഥാർഥത്തിൽ 'വിഷ്ണു സ്തംഭം' ആണെന്നും ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്താണ് നിർമ്മിച്ചതെന്നുമുള്ള പരാമർശവുമായി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വക്താവ് വിനോദ് ബൻസാൽ. 27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്ത് ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്ന് ബൻസാൽ പറഞ്ഞു.
ഹൈന്ദവ സമൂഹത്തെ കളിയാക്കാൻ വേണ്ടി മാത്രം നിർമ്മിച്ചതാണ് ഇതെന്നും ബൻസാൽ കുറ്റപ്പെടുത്തി. 'മുമ്പ് ഈ സ്ഥലത്ത് തകർത്ത 27 ക്ഷേത്രങ്ങളും പുനർനിർമ്മിക്കണമെന്നും ഹിന്ദുക്കൾക്ക് അവിടെ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു'-വിനോദ് ബൻസാൽ കൂട്ടിച്ചേർത്തു.
കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്നും ആരാധന നടത്താൻ അനുവദിക്കണമെന്നും വി.എച്ച്.പി സർക്കാറിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബൻസാലിന്റെ പ്രതികരണം.
കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് ഗണേശ വിഗ്രഹങ്ങൾ കണ്ടെത്തിയതായും അവ തലകീഴായാണ് സ്ഥാപിച്ചതെന്നും ദേശീയ സ്മാരക അഥോറിറ്റി അധ്യക്ഷനും ബിജെപി നേതാവുമായ തരുൺ വിജയ് അടുത്തിടെ ആരോപിച്ചിരുന്നു. 1993ൽ യുനെസ്‌കോ പൈതൃക പട്ടികയിൽ ഉൾപെടുത്തിയ ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ.




