കൊല്ലം: മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കോവിഡിന്റെ പേരിൽ നിന്നും ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന 'ഇളവ്' അവസാനിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ബ്രീത് അനലൈസർ ഉപയോഗിച്ചുള്ള പരിശോധന നിർത്തിവെച്ചിരുന്നത് പൂർണതോതിൽ പൊലീസ് പുനരാരംഭിച്ചു. ആദ്യദിനത്തിൽ തന്നെ സിറ്റി, റൂറൽ പരിധികളിലായി കുടുങ്ങിയത് 176 പേരാണ്.

ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ശനിയാഴ്ച രാത്രി ജില്ലയിലുടനീളം പരിശോധന ആരംഭിച്ചിരുന്നു. ശനിയാഴ്ച രാത്രി 10 മുതലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് കർശന പരിശോധനയുമായി റോഡിലിറങ്ങിയത്. സിറ്റി പരിധിയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് 98 പേരെയാണ് അറസ്റ്റ് ചെയ്തത്. റൂറൽ പരിധിയിൽ 78 കേസുകളാണ് എടുത്തത്. പുലർച്ച മൂന്നുവരെ റോഡുകളിൽ പൊലീസ് പരിശോധന നീണ്ടു.

കൊല്ലം നഗരത്തിനുള്ളിൽതന്നെ ദേശീയപാത ഉൾപ്പെടെ പ്രധാന റോഡുകളിലെല്ലാം പരിശോധന ശക്തമായിരുന്നു. വരുംദിവസങ്ങളിലും കർശന പരിശോധനയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.