അഹമ്മദാബാദ് : രാമനവമിയുടെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കിടെ ആക്രമണം. ഗുജറാത്തിലെ സബർകാന്തയിലാണ് ആക്രമണം ഉണ്ടായത്. ഘോഷയാത്രയ്ക്ക് നേരെ ഉണ്ടായ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു.

വൈകീട്ടോടെയായിരുന്നു ഘോഷയാത്ര നടന്നത്. ഘോഷയാത്ര ഛപ്പാരിയ ഗ്രാമത്തിലൂടെ കടന്നു പോകുന്നതിനിടെ യാതൊരു പ്രകോപനവും കൂടാതെ സാമൂഹ്യ വിരുദ്ധർ കല്ലെറിയുകയായിരുന്നു. ഇതിന് പുറമേ വാഹനങ്ങൾക്കും ഇവർ തീയിട്ടു. സംഭവത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ടിയർ ഗ്യാസ് എറിഞ്ഞതിന് ശേഷമാണ് അക്രമി സംഘം കല്ലെറിഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാണ് ആക്രമിച്ചത് എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് എത്തിയാണ് പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം ആക്കിയത്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.