ന്യൂഡൽഹി: ജെഎൻയുവിൽ മാംസഹാരം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. കല്ലേറിൽ പെൺകുട്ടികൾ ഉൾപ്പെടെ 10 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. അക്രമത്തിന് പിന്നിൽ എബിവിപി ആണെന്ന് ഇടത് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. ഞായറാഴ്ച ഹോസ്റ്റലുകളിൽ മാംസഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാർത്ഥികൾ തടയുകയായിരുന്നു.

രാമനവമി ചൂണ്ടിക്കാട്ടിയാണ് മാംസഹാരം വിളമ്പുന്നത് തടഞ്ഞത്. ഇതിനെ മറ്റ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തതോടെ സംഘർഷം ഉണ്ടായത്. എന്നാൽ രാമനവമിയുടെ ഭാഗമായുള്ള പരിപാടി ഇടതു വിദ്യാർത്ഥി സംഘടനകൾ തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് എബിവിപി ആരോപിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്.

കാവേരി ഹോസ്റ്റലിലെ മെസ്സ് സെക്രട്ടറിയെ എബിവിപി പ്രവർത്തകർ മർദിച്ചതായി ഇടത് വിദ്യാർത്ഥി സംഘടന പ്രവർത്തകർ ആരോപിക്കുന്നു. കാവേരി ഹോസ്റ്റലിൽ രാമ നവമി പൂജ നടത്താൻ ഇടത് സംഘടനകൾ അനുവദിക്കുന്നില്ലെന്ന് എബിവിപി ആരോപിച്ചു. അതേസമയം, മാംസാഹാരം കഴിക്കുന്നതിന് ഹോസ്റ്റലുകളിൽ നിരോധനമില്ലെന്നാണ് യൂണിവേഴ്സിറ്റി അധികൃതർ പറയുന്നത്.