ന്യൂഡൽഹി: രാമനവമി ദിനത്തിൽ കാന്റീനിൽ മാംസം വിളമ്പുന്നതു സംബന്ധിച്ച തർക്കത്തിൽ ജെഎൻയു ഹോസ്റ്റലിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. എബിവിപി പ്രവർത്തകർ മെസിൽ മാംസാഹാരം വിളമ്പുന്നത് തടസ്സപ്പെടുത്തിയതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ഞായറാഴ്ച പകൽ മൂന്നരയോടെ കാവേരി ഹോസ്റ്റലിലാണ് സംഭവം. രാമനവമി ദിനത്തിൽ ഹോസ്റ്റലിൽ മാംസാഹാരം വിളമ്പുന്നതു സംബന്ധിച്ചായിരുന്നു തർക്കം.

എബിവിപി അംഗങ്ങളായ വിദ്യാർത്ഥികൾ മെസ് സെക്രട്ടറിയെ ആക്രമിച്ചതായും മാംസവിഭവങ്ങൾ വിളമ്പുന്നതു തടയുകയും ചെയ്തതായി സ്റ്റുഡൻഡ്‌സ് യൂണിയൻ നേതാക്കൾ ആരോപിച്ചു. എന്നാൽ ഹോസ്റ്റലിൽ നടത്തിയ പൂജാ ചടങ്ങുകൾ ഇടതുപക്ഷ സംഘടനകൾ തടസ്സപ്പെടുത്തിയതായി എബിവിപിയും ആരോപിച്ചു. എബിവിപി പ്രവർത്തകർ ഗുണ്ടായിസം നടത്തി കലാപം സൃഷ്ടിക്കുകയാണെന്നു സ്റ്റുഡൻഡ്‌സ് യൂണിയൻ ആരോപിച്ചു.

കല്ലേറ് ഉൾപ്പെടെ നടത്തി വിദ്യാർത്ഥികൾ പോരടിച്ചതിനു പിന്നാലെ പൊലീസ് സ്ഥലത്തെത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നു സൗത്ത്വെസ്റ്റ് ഡിസിപി സി.മനോജ് അറിയിച്ചു. കന്റീനിലെ അത്താഴത്തിനുള്ള മെനുവിൽനിന്നു മാംസവിഭവങ്ങൾ ഒഴിവാക്കണമെന്ന് എബിവിപി പ്രവർത്തകർ നിർബന്ധിച്ചു. ജെഎൻയുവും അതിന്റെ ഹോസ്റ്റലുകളും എല്ലാവരെയും ഉൾക്കൊള്ളുന്ന ഇടങ്ങളാണെന്നും അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിന്റേതല്ലെന്നും അവർ പ്രസ്തവനയിൽ പറഞ്ഞു.

രാമനവമിയോട് അനുബന്ധിച്ച് കാവേരി ഹോസ്റ്റലിൽ ചില വിദ്യാർത്ഥികൾ പൂജ സംഘടിപ്പിച്ചിരുന്നതായും എന്നാൽ ഇടതുസംഘടനയിൽപ്പെട്ട വിദ്യാർത്ഥികൾ ഇതു തടസ്സപ്പെടുത്തുകയായിരുന്നെന്നും എബിവിപി പറഞ്ഞു. മാംസാഹാരം വിളമ്പുന്നത് തടഞ്ഞു എന്നത് വ്യാജ ആരോപണമാണെന്നും അവർ വ്യക്തമാക്കി.