കൊച്ചി: മഴവിൽ മനോരമയിലെ മ്യൂസിക് റിയാലിറ്റി ഷോയായ സൂപ്പർ 4 ജൂനിയേഴ്‌സിന്റെ ഒന്നര വർഷം നീണ്ട സംഗീതയാത്രയ്ക്കു ശുഭപര്യവസാനം. ഇന്നലെ നടന്ന ഗ്രാൻഡ് ഫിനാലെയിൽ റൂത്ത് ആൻ ടോബി കിരീടം ചൂടി. വാശിയേറിയ മത്സരത്തിൽ മെബിൻ മാർട്ടിൻ, ബദ്രി നീലേശ്വരം, നന്ദന മാനസ് മേനോൻ എന്നിവർ റണ്ണർ അപ്പായി. നടൻ ജയറാം വിജയികൾക്കു സമ്മാനം നൽകി.

സംഗീതവും നൃത്തവും പൊട്ടിച്ചിരികളും നിറഞ്ഞ ഗ്രാൻഡ് ഫിനാലെ പ്രേക്ഷകർക്കും ദൃശ്യവിരുന്നായി. മിഥുൻ അവതാരകനായ പരിപാടിയിൽ റിയാലിറ്റി ഷോയുടെ സ്ഥിരം വിധികർത്താക്കളായ ഗായകർ റിമി ടോമി, വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ജ്യോത്സന രാധാകൃഷ്ണൻ എന്നിവർക്കു പുറമേ ഗ്രാൻഡ് ഫിനാലെ ജൂറികളായെത്തിയ ഗായകൻ മധു ബാലകൃഷ്ണനും സംഗീത സംവിധായകൻ ബിജിബാലും വിധിനിർണയത്തിന്റെ ഭാഗമായി.

മാസ്മരിക സംഗീതവുമായി സംഗീത സംവിധായകൻ വിദ്യാസാഗറും ഭ്രമിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി നടി ദുർഗ കൃഷ്ണയും വേദിയിൽ തിളങ്ങി. സീസൺ വൺ വിജയി ശ്രീഹരിയുടെയും സീസൺ ടു സീനിയർ വിജയി അഭിജിത്തിന്റെയും സംഗീതവും 'ഒരു ചിരി ഇരുചിരി ബംപർ ചിരി' മത്സരാർഥികളായ അശ്വിന്റെയും അമ്മ ശ്രീരജിനിയുടെയും കോമഡി ഷോയും ശ്രദ്ധേയമായി. മഴവിൽ മനോരമയുടെ 'നായികാ നായകൻ' എന്ന റിയാലിറ്റി ഷോയുടെ വിജയികൾ പ്രധാന താരങ്ങളാകുന്ന 'സോളമന്റെ തേനീച്ചകൾ' എന്ന ലാൽജോസ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചും ഇതേ വേദിയിൽ നടന്നു.

ലാൽജോസ്, സംഗീത സംവിധായകൻ വിദ്യാസാഗർ, ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ, വിനായക് ശശികുമാർ, തിരക്കഥാകൃത്ത് പി.ജി.പ്രഗീഷ്, ഛായാഗ്രാഹകൻ അജ്മൽ സാബു, താരങ്ങളായ ശംഭു മേനോൻ, ദർശന എസ്.നായർ, ആഡിസ് ആന്റണി അക്കര, ഈസ്ടീ കേരള സെയിൽസ് ഹെഡ് ബിജു പി.സെബാസ്റ്റ്യൻ, മഴവിൽ മനോരമ ഡപ്യൂട്ടി ചീഫ് ഓഫ് പ്രോഗ്രാംസ് ആർ.സതീഷ് കുമാർ, ഷോ ഗ്രൂമർ അനൂപ് ശങ്കർ എന്നിവരും വേദിയിലെത്തി. മുതിർന്ന പാട്ടുകാർ പങ്കെടുത്ത സീനിയേഴ്‌സ് ഗ്രാൻഡ് ഫിനാലെ ഒക്ടോബറിൽ നടന്നിരുന്നു.