കാസർകോട്: ക്ഷേത്രത്തിൽനിന്നുള്ള കാഴ്ചവരവ് കാണാൻ വീട്ടുകാർ ഗേറ്റിനടുത്തേക്ക് പോയ സമയം വീട്ടിൽ കയറിയ കള്ളൻ 33 പവൻ സ്വർണം മോഷ്ടിച്ചു മുങ്ങി കുഡ്ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണം മുഴുവനും കള്ളൻ കൊണ്ടു പോകുക ആയിരുന്നു. ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് മോഷണം നടന്നത്.

കിടപ്പുമുറിയിലെ തുറന്നിട്ട അലമാരയിൽനിന്നാണ് 33.25 പവനാണ് മോഷണം പോയത്. ഉദയഗിരി വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ കാഴ്ചവരവിനിടെയാണ് സംഭവം. വീടടും പരിസരവും നന്നായി അറിയാവുന്ന ആരോ ആണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്ഡറെ സംശയം. തുറന്നുകിടന്ന വീടിനകത്തേക്ക് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. നാല് മാല, രണ്ട് ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, അഞ്ച് സെറ്റ് വള, മറ്റ് ആഭരണങ്ങൾ എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു.

കാഴ്ച വരവ് കണ്ട ശേഷം വീട്ടുകാർ തിരികെയെത്തുമ്പോൾ ഒരാൾ വീട്ടിൽനിന്നിറങ്ങി മതിൽചാടി ഓടുന്നത് കണ്ടിരുന്നു. നാട്ടുകാരും പൊലീസും ഇയാൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തെക്കുറിച്ച് ധാരണയുള്ളയാളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ലോകേഷിന്റെ ഭാര്യ അർച്ചനയുടെ പരാതിയിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ്‌ഐ. വിഷ്ണുപ്രസാദിനാണ് അന്വേഷണച്ചുമതല.