ലണ്ടൻ: നിലപാട് വിശദീകരിച്ച് ബ്രിട്ടീഷ് ചാൻസലർ ഋഷി സുനക്. തന്റെ ഗ്രീൻ കാർഡും ഭാര്യയുടെ നോൺ-ഡോം സ്റ്റാറ്റസും വിവാദമാകുമ്പോഴും രജിവയ്ക്കാൻ ഒരുക്കമല്ലെന്ന് ഋഷി വെളിപ്പെടുത്തുന്നു. രാജിവെച്ച് ഒഴിഞ്ഞേക്കുമെന്ന അഭ്യുഹങ്ങൾ നിലനിൽക്കെ തന്റെ അടുത്ത സുഹൃത്തുക്കളോടാണ് ഋഷി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.മാത്രമല്ല, തന്റെയും കുടുംബത്തിന്റെയും സമ്പാദ്യങ്ങൾ കൃത്യമായി വെളിപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി ബോറിസ് ജോൺസനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തന്റെ വിശ്വാസ്യത തിരിച്ചെടുക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ഋഷി പറഞ്ഞു.

മന്തിമാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ ലോർഡ് ഗൈറ്റ് ഇക്കാര്യത്തിൽ അന്വേഷണം നടത്തും. നിയമപരമായി ആവശ്യമായ എല്ലാ വിവരങ്ങളും ശരിയായ വിധത്തിൽ തന്നെ ചാൻസലർ വെളിപ്പെടുത്തിയിരുന്നോ എന്ന കാര്യമായിരിക്കും ഗൈറ്റ് അന്വേഷിക്കുക. നേരത്തേ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതി 1,12,000 പൗണ്ട് നൽകി മോടിപിടിപ്പിച്ചെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച് ബോറിസ് ജോൺസന് ക്ലീൻ ചിറ്റ് നൽകിയ വ്യക്തിയാണ് ലോർഡ് ഗൈറ്റ്. തനിക്ക് അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഗൈറ്റിന്റെ കണ്ടെത്തലുകൾ പ്രസിദ്ധപ്പെടുത്തണമെന്നും ഇന്നലെ ഋഷി സുനാക് ആവശ്യപ്പെട്ടു.

ചാൻസലറുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ വാനുകൾ പ്രത്യക്ഷപ്പെട്ടതോടെയായിരുന്നു രാജി അഭ്യുഹങ്ങൾ പ്രചരിച്ചത്. വീട്ടുസാധനങ്ങൾ കയറ്റിപോകുവാനായിരുന്നു വാനുകൾ എത്തിയിരുന്നത്. ഋഷിയുടെ രണ്ടു മക്കളേയും താത്ക്കാലികമായി പടിഞ്ഞാറൻ ലണ്ടനിലുള്ള അവരുടെ വസതിയിലേക്ക് മാറ്റുകയാണെന്നായിരുന്നു അക്ഷതയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞത്. വിവാദങ്ങളുടെ വെളിച്ചത്തിൽ എടുത്ത തീരുമാനമല്ല ഇതെന്നും, മൂത്ത മകളുടെ സ്‌കൂൾ ഈ വീടിനടുത്തായതിനാൽ വളരെ നേരത്തേ ഈ തീരുമാനമെടുത്തിരുന്നെന്നും അവർ പറഞ്ഞു.

അതേസമയം തന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങൾ ചോർത്തിയതാരെന്ന് അറിയാൻ ഋഷിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ച ഇൻഡിപെൻഡൻഡ് പത്രത്തിന് ഇത് ചോർന്നു കിട്ടിയ വഴി അന്വേഷിക്കുന്നതിന്റെ ഭാഗമായി ചില മുതിർന്ന ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്തേക്കുമെന്നറിയുന്നു. വളരെ കുറച്ച് പേർക്ക് മാത്രം ലഭ്യമായ ഈ വിവരം, വൈറ്റ്ഹാളിലെ ലേബർ ചായ്വുള്ള ഒരുസംഘം ഉദ്യോഗസ്ഥരായിരിക്കും ചോർത്തി നൽകിയിരിക്കുക എന്നാണ് ഋഷിയുമായി അടുത്ത വൃത്തങ്ങൾ സംശയിക്കുന്നത്.

സമഗ്രമായ ഒരു കാബിനറ്റ് ഓഫീസ് അന്വേഷണവും എച്ച് എം ട്രഷറി അന്വേഷണവും ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകും. ഒരു വ്യക്തിയുടെ ടാക്സ് നില വെളിപ്പെടുത്തുന്നത് ബ്രിട്ടനിൽ കുറ്റകരമായ ഒരു കാര്യം തന്നെയാണ്.