ചെന്നൈ: ജീവിക്കാൻ നിവർത്തിയില്ലാത്തതിനാൽ അഭയം തേടി 19 ശ്രീലങ്കൻ തമിഴ് അഭയാർഥികൾ തമിഴ്‌നാട്ടിലെത്തി. കൈക്കുഞ്ഞ് അടക്കം 5 കുട്ടികളടങ്ങുന്ന 19 പേരടങ്ങുന്ന സംഘത്തെ ധനുഷ്‌കോടിയിലെ അരിച്ചൽമുനൈയിലെ മണൽത്തിട്ടയിൽ നിന്നാണ് മറൈൻ പൊലീസ് കണ്ടെത്തിയത്. പലരിൽ നിന്നു സ്വരൂപിച്ച 2 ലക്ഷം ശ്രീലങ്കൻ രൂപ കൊടുത്താണ് ഇവർ ബോട്ടിൽ ധനുഷ്‌കോടിയിലെത്തിയത്. ഇവരെ രാമേശ്വരം മണ്ഡപത്തെ അഭയാർഥി ക്യാംപിലെത്തിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നു തമിഴ്‌നാട്ടിലെത്തിയവരുടെ എണ്ണം ഇതോടെ 39 ആയി.

കുഞ്ഞുങ്ങൾക്ക് ഒരു നേരം ഭക്ഷണം കൊടുക്കാൻ 1000 ശ്രീലങ്കൻ രൂപ വേണമെന്നും ജോലിയില്ലെന്നും പിന്നെങ്ങനെ വിശപ്പകറ്റുമെന്നും സംഘത്തിലുള്ള അമ്മ വേദനയോടെ ചോദിച്ചു. സ്വന്തം ജീവനു പോലും വിലയില്ലാത്ത അവസ്ഥയാണു ശ്രീലങ്കയിലെന്നും കുട്ടികളെ ഓർത്താണു കടൽ കടക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു.