ഫ്രാങ്ക്ഫോർട്ട്: കെന്റുക്കി സംസ്ഥാനത്ത് ആരാധനാലയങ്ങളെ അവശ്യസർവീസാക്കി പ്രഖ്യാപിച്ച ഉത്തരവിൽ ഗവർണർ ആൻഡ്രു ബെഷിർ ഒപ്പുവച്ചു.

ഇതനുസരിച്ച് കെന്റുക്കിയിൽ അധികാരത്തിൽവരുന്ന ഒരു ഗവർണർക്കും സാംക്രമിക രോഗങ്ങളുടെയോ മറ്റു പ്രത്യേക സാഹചര്യങ്ങളുടെയോ പേരിൽ ആരാധനാലയങ്ങൾ ഒരു കാരണവശാലും അടച്ചിടുന്നതിന് സാധിക്കാത്തവിധം എച്ച്ബി 43 പ്രഖ്യാപനമാണ് ഗവർണർ നടത്തിയിരിക്കുന്നത്.

മതപരമായ സംഘടനകൾക്കെതിരായ വിവേചനം അവസാനിപ്പിക്കുന്നതിനും പൂർണമായും മതസ്വാന്ത്ര്യം നൽകുന്നതുമായ വ്യവസ്ഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കോവിഡിനെ തുടർന്നു ആരാധനാലയങ്ങൾ അടച്ചിടുന്നതിന് ഉത്തരവിറക്കിയത് മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഗവർണർ കാണുന്നത്. കെന്റുക്കിയിലെ ഡമോക്രാറ്റിക് ഗവർണർ പറത്തിറക്കിയ പ്രസ്താവനയിൽ ഈ സംസ്ഥാനത്തു മാത്രമല്ല, അമേരിക്കയിലെ മറ്റു നാലു സംസ്ഥാനങ്ങളിലും ഇത്തരം നിയമം പ്രാബല്യത്തിലുണ്ടെന്നു പറഞ്ഞു.

ചർച്ച് എസൻഷ്യൽ ആക്ട് മതസ്വാന്ത്ര്യത്തിന്റെ വിജയമാണെന്ന് ഫാമിലി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് വാൾസ് പറഞ്ഞു. എന്നാൽ ഗവർണറുടെ പ്രത്യേക അധികാരങ്ങൾ നിഷേധിക്കുന്ന ചർച്ച് ആക്ട് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസിഎൽയു) അഭിപ്രായപ്പെട്ടു. ഇതിനെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും അവർ അറിയിച്ചു.

2015 ൽ കെന്റുക്കി ലഫ്. ഗവർണറായും 2019 ൽ ഗവർണറായും തെരഞ്ഞെടുക്കപ്പെട്ട ആൻഡ്രു ബെഷിർ, മുൻ ഗവർണർ സ്റ്റീവ് ബെഷിറിന്റെ മകനാണ്