സൗത്ത് കരോളൈന: രണ്ടു പതിറ്റാണ്ടിലധികമായി വധശിക്ഷയും കാത്തു ജയിലിൽ കഴിയുന്ന റിച്ചാർഡ് ബെർനാർഡ് മൂറി (57)ന്റെ വധശിക്ഷ ഫയറിങ് സ്‌ക്വാഡിനെ ഉപയോഗിച്ച് ഏപ്രിൽ 29 നു നടപ്പാക്കണമെന്ന് സ്റ്റേറ്റ് സൂപ്രീം കോടതി ക്ലാർക്ക് അറിയിച്ചു.

1999 ൽ സ്പാർട്ടൽ ബെർഗിലെ കൺവീനിയൻ സ്റ്റോറിൽ അതിക്രമിച്ചു കയറി അവിടെയുണ്ടായിരുന്ന ക്ലാർക്കിൽനിന്നും പണം പിടിച്ചുപറിക്കുന്നതിനിടയിൽ ക്ലാർക്കും റിച്ചാർഡും പരസ്പരം വെടിയുതിർത്തു. സംഭവത്തിൽ റിച്ചാർഡിന്റെ കൈപ്പത്തിക്കു വെടിയേറ്റുവെങ്കിലും റിച്ചാർഡിന്റെ പ്രത്യാക്രമണത്തിൽ ക്ലാർക്ക് വെടിയേറ്റു മരിക്കുകയും ചെയ്തു. ഈ കേസിലാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തി റിച്ചാർഡിനെ വധശിക്ഷക്കു വിധിച്ചത്.

സൗത്ത് കരൊളൈനയിൽ വിഷമിശ്രിതം ഉപയോഗിച്ച് വധശിക്ഷ നടത്തുന്നതിനാവശ്യമായ മരുന്നുകൾ ലഭിക്കാതിരുന്നതാണ് രണ്ടു രീതിയിൽ വധശിക്ഷ സ്വീകരിക്കുന്നതിന് പ്രതിക്ക് അവസരം നൽകിയത്. ഇതിൽ ഇലക്ട്രിക് ചെയറും ഫയറിങ് സ്‌ക്വാഡുമാണ് അനുവദിച്ചതിൽ റിച്ചാർഡ് ഫയറിങ് സ്‌ക്വാഡാണ് തിരഞ്ഞെടുത്തത്.

കറക്ഷൻ ഡിപ്പാർട്ടുമെന്റിലെ മൂന്നു വോളണ്ടിയർമാരാണ് വധശിക്ഷ നടപ്പിലാക്കുക. ഇതിനു മുന്പായി പ്രതിയുടെ തലയിൽ ഒരു ഹുഡ വയ്ക്കും. അവസാനമായി എന്തെങ്കിലും പറയാനുണ്ടെങ്കിൽ അതു തടസപ്പെടാതിരിക്കാനാണ് തല മറയ്ക്കാത്തത്.

സൗത്ത് കരൊളൈനയിൽ റിച്ചാർഡിനു പുറമെ 35 പേരാണ് വധശിക്ഷ കാത്തു കഴിയുന്നത്. ഇവർക്ക് ഫയറിങ് സ്‌ക്വാഡോ, ഇലക്ട്രിക് ചെയറോ തെരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഈ ആവശ്യത്തിനായി കൊളംബിയായിലുള്ള ഡെത്ത് ചേംബർ 53,600 ഡോളർ ചെലവഴിച്ചു പുതുക്കി പണിതു.