തിരുവനന്തപുരം: നിറഞ്ഞ സന്തോഷത്തോടെ കൺസ്യൂമർ ഫെഡ് വിഷു ഈസ്റ്റർ റംസാൻ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ വിലകയറ്റം പിടിച്ച് നിർത്താൻ ഫലപ്രദമായ ഇടപെടൽ കൺസ്യൂമർ ഫെഡ് നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനായി മാർക്കറ്റിൽ സജീവമായി ഇടപെടുകയാണ് ഒരു വഴി. സിവിൽ സപ്ലൈസ് പോലെ തന്നെ കൺസ്യൂമർ ഫെഡും ഇത്തരം കാര്യങ്ങൾ ഇടപെടാറുണ്ടെന്നും കൺസ്യൂമർ ഫെഡ് അർപ്പണ ബോധത്തോടെ ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉൽപാദന കേന്ദ്രങ്ങളിൽ നിന്ന് തന്നെ സംഭരിച്ചാൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ കൊടുക്കാൻ പറ്റുമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഇതിന് പിന്നിൽ ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്നും രാജ്യത്ത് ഉണ്ടാകുന്ന വിലകയറ്റത്തിന്റെ ഭാഗമായി കേരളത്തിലും വില വർധനയുണ്ടെന്നും എന്നാൽ ഇത് പോലെയുള്ള വിപണിയിലൂടെ ജനങ്ങളെ സഹായിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പച്ചക്കറി ഉത്പാദനത്തിൽ സഹകരണമേഖലയ്ക്ക് വലിയ പങ്കുവഹിക്കാനാകും.

ഇതിന്റെ എല്ലാം ഭാഗമായി വലിയ മാറ്റം പൊതു സാഹചര്യത്തിൽ ഉണ്ടാകും. ഉത്പാദനം കൂടുമ്പോൾ കർഷകർക്ക് അതിന്റെതായ വരുമാനം ലഭിക്കും. അതുകൊണ്ട് തന്നെ ഇനിയും മുന്നോട്ട് പോകട്ടെയെന്നും എല്ലാവരുടെയും സഹകരണം കൺസ്യൂമെർ ഫെഡിന് ഉണ്ടാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.