തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 25 കർഷകരെന്ന് റിപ്പോർട്ട്. 2015 മുതൽ 2020 വരെയുള്ള കാലയളവിലാണ് 25 കർഷകർ ജീവനൊടുക്കിയതെന്ന് നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. ഇടുക്കി 11, വയനാട് 10, കണ്ണൂർ 2, കാസർകോട്, എറണാകുളം ജില്ലകളിൽ ഒരാൾ വീതവുമാണ് ജീവനൊടുക്കിയത്. കർഷക ആത്മഹത്യകളിൽ 12 എണ്ണവും 2019 ലായിരുന്നു. 2019 ഓഗസ്റ്റിലെ പ്രളയത്തെ തുടർന്നായിരുന്നു ഇത്.

2018-19 ൽ ഉണ്ടായ പ്രളയത്തിൽ കൃഷി നശിച്ചതും ബാങ്കുകളിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനെ തുടർന്നുണ്ടായ ജപ്തി ഭീഷണിയുമാണ് കർഷകർ ജീവനൊടുക്കിയതിനു പിന്നിൽ. കേരളത്തിൽ കർഷക ആത്മഹത്യകൾ ഇല്ലാതാക്കിയെന്നായിരുന്നു ആദ്യ പിണറായി സർക്കാർ ആദ്യ രണ്ടു വർഷം ഉയർത്തിക്കാട്ടിയ പ്രധാന നേട്ടം.