വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജൊ ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ഭയപ്പെടുന്നതിന് പ്രത്യേക കാരണമൊന്നും കാണുന്നില്ലെന്ന് പ്രസിഡന്റിന്റെ ചീഫ് മെഡിക്കൽ അഡ് വൈസർ ആന്റണി ഫൗച്ചി അറിയിച്ചു.

ഏപ്രിൽ 10 ഞായറാഴ്ച ദിസ് വീക്ക് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുന്നതിനിടയിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു പരാമർശിച്ചത്.

പ്രസിഡന്റ് ബൈഡൻ പൂർണ്ണമായും വാക്സിനേറ്റ് ചെയ്തിട്ടുണ്ടെന്ന് മാത്രമല്ല ബൂസ്റ്റർ ഡോസും സ്വീകരിച്ചിട്ടുണ്ട്. ബൈഡന്റെ ആരോഗ്യസംരക്ഷണത്തിന് സ്വീകരിച്ചിരിക്കുന്ന ഉയർന്ന മാനദണ്ഡങ്ങൾ കോവിഡ് ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്നും ബൈഡനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യു.എസ്. ഹൗസ് സ്പീക്കർ നാൻസിപെലോസി, അറ്റോർണി ജനറൽ മെറിക്ക് ഗാർലാന്റ്, അഗ്രികൾച്ചറൽ സെക്രട്ടറി ടോം വിൽസാക്ക് തുടങ്ങി നിരവധി വൈറ്റ് ഹൗസ് ഓഫീഷ്യൽസുകൾക്ക് ഈയ്യിടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ബൈഡന്റെ ആരോഗ്യത്തെകുറിച്ചു ചർച്ച ചെയ്യപ്പെട്ടത്. 79 വയസ്സായെങ്കിലും ബൈഡന് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെന്നും ഫൗച്ചി പറഞ്ഞു.

കോവിഡിനെ പൂർണ്ണമായും തുടച്ചു നീക്കാനാവില്ല. ഓരോരുത്തരും അതു മനസ്സിലാക്കി സ്വയം പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ഫൗച്ചി കൂട്ടിചേർത്തു.