ന്യൂജേഴ്­സി: യേശുക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ദിവ്യസ്മരണ പുതുക്കുന്ന വിശുദ്ധവാരത്തിന് ഇന്നുനടന്ന ഓശാന ഞായർ ആചരണത്തോടെ സോമർസെറ്റ്­ സെന്റ് തോമസ്­ സീറോ മലബാർ കാത്തലിക്­ ഫൊറോനാ ദേവാലയത്തിൽ ഈ വർഷത്തെ വിശുദ്ധ വാരാചരണത്തിനു തുടക്കമായി.

എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ യെരുശലേം പ്രവേശനത്തെ ഒലിവ് ചില്ലകൾ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓർമ്മ പുതുക്കി ഏപ്രിൽ10 ഞായറാഴ്ച രാവിലെ 9.30 -­ന്­ വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ആഘോഷപൂർവ്വമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകൾ നടന്നു.

ശുശ്രൂഷകൾക്ക്­ ഇടവക വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ട് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. ജോസഫ് അലക്‌സ് എന്നിവർ സഹകാർമികാരായി.

കുരുത്തോല വെഞ്ചരിപ്പ്­, കുരുത്തോല വിതരണം എന്നിവയ്­ക്കുശേഷം എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ യെരുശലേം പ്രവേശനത്തെ ഒലിവ് ചില്ലകൾ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓർമ്മ പുതുക്കി കുരുത്തോലകളും കൈയിലേന്തി ''ഓശാനാ...ഓശാനാ...ദാവീദാത്മജനോശാനാ...' എന്ന പ്രാർത്ഥനാഗാനവും ആലപിച്ചുകൊണ്ട്­ ഇടവകാംഗങ്ങൾ ദേവാലയാങ്കണത്തിലൂടെ പ്രദക്ഷിണം നടത്തുകയും, തുടർന്നു ദേവാലയത്തിൽ തിരിച്ചെത്തി ഓശാനയുടെ തുടർശുശ്രൂഷകൾ നടത്തപ്പെടുകയും ചെയ്തു.

ദിവ്യബലി മധ്യേ ഫാ.ജോസഫ് അലക്‌സ് തിരുവചന സന്ദേശം നൽകി. ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങൾ ഓശാന തിരുനാളിന്റെ ശുശ്രൂഷകൾ കൂടുതൽ ഭക്തിസാന്ദ്രമാക്കി.

തുടർന്ന് രണ്ട് മണിക്ക് ഫെല്ലോഷിപ് ഹാളിൽ വച്ച് ഇടവക വികാരി റവ. ഫാ. ആന്റണി പുല്ലുകാട്ടിന്റെ ആല്മീയ നേതൃത്വത്തിൽ സ്മിത മംങ്ങന്റെ സംവിധാനത്തിൽ ദേവാലയത്തിലെ യുവജനങ്ങളെയും, കുട്ടികളെയും ഏകോപിപ്പിച്ചവതരിപ്പിച്ച ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച തത്സമയ ദൃശ്യാവിഷ്‌കാരം ( AGNUS DEI - Lamb of God) ഏറെ ഹൃദയസ്പർശിയായി. ഫ്രാൻസിസ് മാത്യു , ജോനു സെലെസ്റ്റിൻ, സോഫിയ മാത്യു തുടങ്ങി ഒരു നീണ്ട നിരയുടെ കഠിന പ്രവർത്തനത്തിന്റെ സാഷാത്കാരമായിരുന്നു ഷോയുടെ വിജയത്തിന് പിന്നിൽ.

വിശുദ്ധ വാരാചരണത്തിന്റെ പ്രധാനദിനമായ യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്മരണകളുണർത്തുന്ന പെസഹ തിരുക്കർമങ്ങൾ 14 -ന് വ്യാഴാഴ്ച വൈകീട്ട് 7.30ന് ആരംഭിക്കും. ദിവ്യബലി, കാൽകഴുകൽ ശുശ്രൂഷ, ദിവ്യ കാരുണ്യ ആരാധന എന്നിവയ്ക്കുശേഷം അപ്പംമുറിക്കൽ ശുശ്രൂഷയും നടത്തപ്പെടും.

കുരിശുമരണത്തിന്റെ സ്മരണകൾ പേറുന്ന ദുഃഖവെള്ളിയിലെ തിരുക്കർമങ്ങൾ 15 -ന് വെള്ളിയാഴ്ച രാവിലെ 7:00 മണി മുതൽ വൈകീട്ട് 4:00 മണി വരെ നടക്കുന്ന ആരാധയോടെ ആരംഭിക്കും. ആരാധനയെ തുടർന്ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഇടവക വികാരി നേതൃത്വം നൽകും.ആഘോഷമായ കുരിശിന്റെവഴിക്ക് കുട്ടികളും യുവാക്കളും നേതൃത്വം കൊടുക്കും. പീഡാനുഭവ വായന, കുരിശുവന്ദനം എന്നിവയ്ക്കുശേഷം കൈയ്പു നീർ കുടിക്കൽ ശുശ്രൂഷയും നടക്കും.

16 -ന് ദുഃഖശനിയാഴ്ച രാവിലെ ഒൻപതിന് പുത്തൻ വെള്ളം വെഞ്ചരിക്കലും, പുത്തൻ ദീപം തെളിയിക്കൽ തുടർന്ന് ആഘോഷപൂർവമായ ദിവ്യബലിയും നടക്കും.

ഉയിർപ്പ് തിരുനാളിലെ തിരുക്കർമ്മങ്ങൾ വൈകീട്ട് 5:00 മണിക്കുള്ള ഇംഗ്ലീഷ് കുർബാനയോടെ ആരംഭിക്കും. തുടർന്ന് 7.30ന് മലയാളത്തിലും ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. തിരുനാളിനോടനുബന്ധിച്ചുള്ള പ്രദിക്ഷണവും തുടർന്ന് സ്നേഹവിരുന്നും നൽകും.

ഈസ്റ്റർ ദിനത്തിൽ രാവിലെ 9:00 മണിക്ക് ഒരു ദിവ്യബലി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്നതിനാൽ കഴിഞ്ഞ രണ്ട് വർഷക്കാലം ദേവാലയത്തിൽ എത്തി മുഴുവൻ ഇടവകാംഗങ്ങൾക്കും തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ
കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഇടവക സമൂഹം ഒന്നായി ദേവാലയത്തിൽ എത്തി തിരുക്കർമ്മങ്ങളിൽ സംബന്ധിക്കുവാൻ സാധിച്ചു.

വിശുദ്ധ വാരാചരണത്തിൽ നടക്കുന്ന എല്ലാ പ്രാർത്ഥനാ ശുശ്രൂഷകളിലും ഇടവകയിലെ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിപ്പാൻ വികാരി അച്ചനും, ട്രസ്റ്റിമാരും എല്ലാ സ്‌നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076, റോബിൻ ജോർജ് (ട്രസ്റ്റി) (848) 391-6535, ബോബി വർഗീസ് (ട്രസ്റ്റി) (201) 927-2254.