റിയാദ്: സൗദി അറേബ്യയിലെ സ്‌കൂളിൽ ക്ലാസ് മുറിയിലുണ്ടായ സംഘർഷത്തിനിടെ 15 വയസുകാരൻ മരിച്ചു. ജിദ്ദയിലെ ഒരു ഇന്റർമീഡിയറ്റ് സ്‌കൂളിലായിരുന്നു സംഭവം. രണ്ട് സൗദി വിദ്യാർത്ഥികൾ തമ്മിലുണ്ടായ കലഹമാണ് ദാരുണമായ മരണത്തിലേക്ക് നയിച്ചത്.

സംഘർഷത്തിനിടെ വിദ്യാർത്ഥികളിൽ ഒരാൾ മറ്റൊരാളുടെ തല ശക്തിയായി മേശപ്പുറത്ത് ഇടിക്കുകയായിരുന്നു. ഇരുവരെയും സഹപാഠികൾ ചേർന്ന് പിടിച്ചുമാറ്റിയെങ്കിലും ഡെസ്‌ക്കിൽ തലയടിച്ച വിദ്യാർത്ഥി ബാലൻസ് തെറ്റി നിലത്തുവീണു. സ്‌കൂളിലെ ഹെൽത്ത് സൂപ്പർവൈസർ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ പിതാവ്, മരണത്തിന് കാരണക്കാരനായ വിദ്യാർത്ഥിക്ക് മാപ്പ് നൽകിയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ച് റെഡ് ക്രസന്റ് ആംബുലൻസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു.

തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് മസ്തിഷ്‌കത്തിലുണ്ടായ രക്തസ്രാവമാണ് മരണത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സംഘട്ടനത്തിലേർപ്പെട്ട സമയത്ത് ക്ലാസിൽ അദ്ധ്യാപകരില്ലായിരുന്നു. ഇത് ഗുരുതരമായ വീഴ്ചയായാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മറ്റ് സമയങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി റമദാനിൽ ഓരോ പീരിഡുകൾക്കുമിടയിൽ അഞ്ച് മിനിറ്റ് ഇടവേള ഇല്ല. സംഭവത്തിൽ പൊലീസും ജിദ്ദ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.